Flash News

നുസ്രത്ത് ജഹാന് പിന്തുണയുമായി കേന്ദ്ര മന്ത്രി രാം‌ദാസ് അത്തേവാല

April 19, 2019

nusrat-jahanകോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നുസ്രത്ത് ജഹാനു പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി രാം‌ദാസ് അത്തേവാല രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്തേവാല നുസ്രത് ജഹാനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. തന്നെയുമല്ല, കോഴിക്കോട് എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടെന്നിരിക്കെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടര്‍ഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നരേന്ദ്രമോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 30 കോടി ഗ്യാസ് കണക്ഷന്‍ വിതരണം. മുദ്രായോജന പ്രകാരം കോടിക്കണക്കിന് ആളുകള്‍ക്ക് യാതൊരു ഗ്യാരണ്ടിയുമില്ലാതെ ലോണ്‍ ലഭിച്ചു. ആവാസ് യോജന പ്രകാരം കോടിക്കണക്കിന് ആളുകള്‍ക്ക് സ്ഥിരമായി വീടു ലഭിച്ചു.’ തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ദേഹം വോട്ടു ചോദിച്ചത്.എന്തുകൊണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ നുസ്രത്തിനോ അത്തേവാലയ്‌ക്കോ കഴിഞ്ഞില്ല. രാഷ്ട്രീയത്തിനുപരി മാനുഷിക പരിഗണന കാണിക്കുന്നവരുമായി സഹകരിക്കുകയാണ് തന്റെ രീതിയെന്ന് നുസ്രത്ത് പറഞ്ഞു. തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞും പ്രളയകാലത്ത് ഉള്‍പ്പെടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടുമായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടാവുകയെന്നും അവര്‍ വ്യക്തമാക്കി. ജെ ഡി യുവിന്റെ പിന്തുണയും തനിക്കാണെന്നും അവര്‍ പറഞ്ഞു.

തന്റെ സ്ഥാനാര്‍ത്ഥിത്വം യു ഡി എഫിനെ ഭയപ്പെടുത്തുന്നുവെന്നും നുസ്രത്ത് വ്യക്തമാക്കി. മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ് താന്‍. യു ഡി എഫിന്റെ ദേശീയ നേതാക്കള്‍ വരെ വിളിച്ച്‌ പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്മാറിയാല്‍ നിയമസഭാ സീറ്റ് ഉള്‍പ്പെടെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും തന്നെ വിളിച്ച്‌ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവ് ലീഗിലായതുകൊണ്ട് ലീഗുകാര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് അവരാരും വിളിച്ച്‌ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ 17 വര്‍ഷമായി തനിക്ക് പരിചയമുള്ളയാളാണ് അത്തേവാലയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നുസ്രത്ത് ജഹാന്‍ പറഞ്ഞു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്‌സ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ടെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയത്തിനുപരി മാനുഷിക പരിഗണന കാണിക്കുന്നവരുമായി സഹകരിക്കുകയെന്നതാണ് തന്റെ രീതിയെന്നു പറഞ്ഞാണ് എന്‍.ഡി.എ സഖ്യകക്ഷിയുടെ പിന്തുണയെ നുസ്രത്ത് ന്യായീകരിച്ചത്. തനിക്ക് രാഷ്ട്രീയമില്ല. പ്രളയകാലത്ത് നിങ്ങളൊക്കെ കണ്ടിരിക്കും ഇവിടെ ആരാണ് സഹായിച്ചത്. എത്ര രാഷ്ട്രീയക്കാര്‍ ഇറങ്ങിയെന്ന് നമുക്ക് അറിയാവുന്നതല്ലേയെന്നും അവര്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയുടെ ഭാര്യയാണ് നുസ്രത്ത്. ലീഗ് കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ് ഭര്‍ത്താവ് ഹംസ. മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാരവാഹിയാണ് നുസ്രത്ത്. ഇത്തരം ഘടകങ്ങള്‍ കൊണ്ട് തന്നെ യു ഡി എഫിന്റെ കുറേ വോട്ടുകള്‍ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യത ഏറെയാണ്. ഇത് യുഡിഎഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പമാണ് ഇവര്‍ ബിജെപിയുടെ ഘടകകക്ഷിയുടെ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അത്തേവാലയെ വരെ കോഴിക്കോട്ടെത്തിച്ച്‌ പ്രചരണം കൊഴുപ്പിക്കുന്നത്.

എം ടി വാസുദേവന്‍ നായരില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് നുസ്രത്ത് പ്രചരണത്തിന് തുടക്കം കുറിച്ചത്. വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കാനുള്ള സംവിധാനമെല്ലാം ഇവര്‍ ഒരുക്കിയിട്ടുണ്ട്. പത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താനുണ്ടാവുമെന്ന് പറഞ്ഞാണ് നുസ്രത്ത് രംഗത്തുള്ളത്. പാവപ്പെട്ട പത്രക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. എല്ലാവരുടെയും പരാതികള്‍ കേട്ടുകൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്. ‘കഥയുള്ളൊരു പെണ്ണ്’ എന്ന സിനിമ നിര്‍മ്മിച്ച്‌ അതില്‍ നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നുസ്രത്ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top