Flash News

പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞുതന്നെ : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

April 19, 2019

Periya irattakolaകേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.പി.എം ബന്ധമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വെളിപ്പെട്ടത്. കോടതി നിര്‍ദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സത്യം പുറത്തുചാടി.

പെരിയയില്‍ കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്തതിനെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരന്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ അനുയായികളെ ഉപയോഗിച്ച് നടത്തിയ കൊലയെന്ന് വിശേഷിപ്പിച്ച്. പാര്‍ട്ടിയിലെ ഉന്നതരുടെ അറിവും പങ്കാളിത്തവും ഇരട്ട കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്.

PHOTOപാര്‍ട്ടിയിലെ ഒരു നേതാവിന്റെ നിര്‍ദ്ദേശാനുസരണം സി.പി.എം ജില്ലാകമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ മണികണ്ഠന്‍ തെളിവുകള്‍ നശിപ്പിച്ചും പ്രതികളെ ഒളിപ്പിച്ചും പാര്‍ട്ടിയുടെ പങ്കാളിത്തം തമസ്‌ക്കരിച്ചെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയത്. ഒരു പ്രധാന പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ ഒളിവിലാണ്. ഇതിലൊരാള്‍ ഗള്‍ഫില്‍ സുരക്ഷിതനായി കഴിയുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തില്‍ ഉറപ്പിച്ചു പറയുന്നു.

രാഹുല്‍ഗാന്ധി അടക്കമുള്ള ദേശീയ – രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. പെരിയ സംഭവം രാഷ്ട്രീയ കൊലപാതകത്തിനെതിരായ ചര്‍ച്ച ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സജീവമാക്കുകയും ചെയ്തു. ഇതിനെ അഭിമുഖീകരിക്കാനാവാതെ കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം നിലപാടെടുത്തത്.

എന്നാല്‍ സി.പി.എം ബന്ധം സംബന്ധിച്ച പൊലീസ് തെളിവുകളും കേസ് സി.ബി.ഐയ്ക്കു വിടണമെന്ന ആവശ്യം സംബന്ധിച്ച ഹൈക്കോടതി നിലപാടും ജനങ്ങളുടെ കോടതിയില്‍ വേണ്ടത്ര ചര്‍ച്ചയാവില്ല. കേരളത്തിലെ വോട്ടെടുപ്പും മധ്യവേനല്‍ അവധിയും കഴിഞ്ഞ് മാത്രമേ ഹൈക്കോടതി പെരിയ കൊലപാതക കേസ് പരിഗണിക്കൂ.

കല്ല്യോട്ട് ശ്രീഭഗവതി ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന കൃപേഷിനേയും ശരത്‌ലാലിനേയും റോഡില്‍ തടഞ്ഞ് വെട്ടിവീഴ്ത്താന്‍ മൂന്നു മിനുട്ടുമാത്രമേ എടുത്തുള്ളുവെന്ന് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. കൃത്യം ചെയ്ത് സ്ഥലം വിട്ട പ്രതികള്‍ കല്ല്യോട്ടിന് അടുത്ത് വെളുത്തോളി എന്ന സ്ഥലത്ത് സംഗമിക്കുന്നു. ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍ ബാലകൃഷ്ണന്‍ എന്ന ആള്‍ക്കൊപ്പം പ്രതികള്‍ക്കരികെ എത്തുന്നു.

സത്യവാങ്മൂലം ഇങ്ങനെ തുടരുന്നു: മണികണ്ഠന്‍ ആരെയോ ഫോണില്‍ വിളിക്കുന്നു. അയാളില്‍നിന്ന് ഉപദേശം കിട്ടിയതനുസരിച്ച് പ്രതികളോട് ധരിച്ച വസ്ത്രങ്ങള്‍ ഊരാനും അവിടെ എത്തിച്ച വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശിക്കുന്നു. അഴിച്ചുമാറ്റിയ വസ്ത്രങ്ങള്‍ കത്തിക്കാനും ആയുധങ്ങള്‍ വല്ലതും കൈവശമുണ്ടെങ്കില്‍ ഒളിപ്പിക്കാനും ആവശ്യപ്പെടുന്നു. തുടര്‍ന്ന് മണികണ്ഠന്‍ പീതാംബരനടക്കം നാലു പ്രതികളെയും ഉദുമ സി.പി.എം പാര്‍ട്ടി ഓഫീസിലേക്ക് കൊണ്ടുപോകുന്നു. മറ്റു പ്രതികളെ സ്ഥലത്തെ പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ താമസിപ്പിക്കുന്നു.

periya-murder-new-1പിറ്റേന്ന് വൈകുന്നേരം വരെ പീതാംബരന്‍ അടക്കമുള്ള കൊലയാളികള്‍ ഉദുമ ഏരിയാ കമ്മറ്റി ഓഫീസില്‍. അവര്‍ വൈകുന്നേരം വീണ്ടും വെളുത്തോളിയില്‍ എത്തുകയും മറ്റു പ്രതികളുമായി ഒത്തുചേരുകയും ചെയ്യുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പിറ്റേ ദിവസം പൊലീസിന് കീഴടങ്ങുന്നു.

എട്ടാം പ്രതി സുബീഷും പതിനൊന്നാം പ്രതി പ്രദീപനും ഇപ്പോഴും ഒളിവിലാണ്. സുബീഷ് വിദേശത്താണെന്ന് വിശ്വസനീയ വിവരമുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കുന്നു.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം സി.പി.എമ്മിന്റെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പൊലീസ് അന്വേഷണം തടസപ്പെടുത്തിയതായി ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. രക്തക്കറ പുരണ്ട കാര്‍ കണ്ടെത്തിയ പൊലീസ് അതിന്റെ ഉടമ സജി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നു. അവരെ സി.പി.എം ജില്ലാ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചതായി വാര്‍ത്തകളുണ്ടായി. എന്നാല്‍ അതിന്റെ രേഖകളോ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എറണാകുളം എസ്.പി മുഹമ്മദ് റഫീക്കിനെ മാറ്റിയത് അനാരോഗ്യ കാരണങ്ങളാലാണെന്നും കോടതിയെ അറിയിച്ചു. 150 സാക്ഷികളുടെ മൊഴി എടുത്തെങ്കിലും സംഭവത്തിന്റെ ദൃക്‌സാക്ഷികളായി ആരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വെളിപ്പെടുത്തല്‍.

periya-murder-peethambaran1-copyകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും പ്രതികളെ പാര്‍ട്ടിയാഫീസിലും മറ്റും ഒളിപ്പിക്കുകയും ചെയ്ത മണികണ്ഠന്‍ പൊലീസ് രേഖയനുസരിച്ച് പ്രതിയാകേണ്ടതാണ്. ആ നേതാവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഒളിവില്‍പോയ പ്രദീപനെന്ന കുട്ടന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പിന്നീട് അയാളെപ്പറ്റി ഒരു വിവരവും ശേഖരിക്കാനായിട്ടില്ലെന്നും.

കസ്റ്റഡിയില്‍നിന്നു പ്രതിയെ മോചിപ്പിച്ചുകൊണ്ടുപോയ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കളെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഏറ്റവും നിര്‍ണ്ണായകമായത് പ്രതികളെ സഹായിക്കുന്നതിനുമുമ്പ് മണികണ്ഠന്‍ വിളിച്ചെന്ന് സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്ന ആ ‘ഒരാളെ’ രണ്ടുമാസമായിട്ടും ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്നതാണ്.

അതിലേറെ ആശ്ചര്യകരമാണ് എട്ടാം പ്രതി സുബീഷിനെകുറിച്ച് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന പത്രികയിലെ വെളിപ്പെടുത്തല്‍. ക്രിമിനല്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും സുബീഷ് പങ്കെടുത്തെന്നു പറയുന്നു. ‘പുറത്തുനിന്നുള്ള’ ഒരേയൊരാള്‍ സുബീഷ് ആണെന്നും. ഇത്തരം ഓപ്പറേഷന്‍സ് നടത്താന്‍ വേണ്ടത്ര പരിശീലനം ഉള്ള ആളാണ് സുബീഷ്. സംഭവത്തിനുശേഷം ജിജിനൊപ്പം മറ്റ് പ്രതികളുടെ (ജിജിന്റെ ഒഴിച്ച്) വസ്ത്രങ്ങള്‍ കത്തിച്ചതും സുബീഷ് ആണ്. എന്നാല്‍ അയാളുടെ ആയുധം തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. ആള്‍ ഒളിവിലും.

periya-murder-yuvamorcha-visitഈ വെളിപ്പെടുത്തലിലൂടെ പീതാംബരനും അനുയായികളും മാത്രം ചേര്‍ന്ന് നടത്തിയതാണ് കൊലയെന്ന സി.പി.എം – പൊലീസ് നിലപാടുകള്‍ പൊളിയുകയാണ്. പുറത്തുനിന്നു വന്നവരാണ് പീതാംബരനല്ല കൃത്യം ചെയ്തതെന്ന അയാളുടെ വീട്ടുകാരുടെ നിലപാടില്‍ വസ്തുതയുണ്ടെന്ന് ഇത് തെളിയിക്കുന്നു. സുബീഷിനെ ഗള്‍ഫിലേക്ക് രക്ഷപെടുത്തിയതും വാടകക്കൊലയാളി ബന്ധം മറച്ചുപിടിക്കാനാണെന്ന് വ്യക്തം.

കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ സി.പി.എം പ്രതികള്‍ ഏതുമാളത്തില്‍ ഒളിച്ചാലും പൊലീസ് പിടികൂടുമെന്നും നിര്‍ദാക്ഷണ്യം കൈകാര്യം ചെയ്യുമെന്നും സംഭവം നടന്ന ഉടനെ അവകാശപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തയാറാകാത്ത സി.പി.എം നേതാക്കള്‍ പ്രതികളുടെ വീട് സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുഘട്ടത്തില്‍ നടത്തിയ രാഷ്ട്രീയ കൊലപാതകം സി.പി.എം സംസ്ഥാന നേതൃത്വത്തെ രാഷ്ട്രീയതലത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം പ്രതികളെ സഹായിക്കാനാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സത്യവാങ്മൂലം.

‘ഒരു പ്രദേശത്തെ പ്രഖ്യാപിത രാജാക്കന്മാര്‍’ നീതി നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതി അതിശക്തമായി നിലപാടെടുത്തിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ പൊലീസും ഗവണ്മെന്റും ചേര്‍ന്ന് രാഷ്ട്രീയ കൊലപാതകികളെ പച്ചയായി സംരക്ഷിക്കുന്നു എന്നാണ് പെരിയ കൊലക്കേസ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകം ജുഡീഷ്യറിയെ മാത്രമല്ല സമൂഹ മനസാക്ഷിയെതന്നെ ഞെട്ടിക്കുന്നു എന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 280ലേറെ സാക്ഷികളുണ്ടായിരുന്ന ടി.പി വധക്കേസില്‍ 60ഓളം സാക്ഷികളെ കൂറുമാറ്റിക്കാന്‍ സി.പി.എമ്മിന്റെ സംഘടിത നീക്കത്തിനായി. ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചന നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നത് തടയാനും അതുകൊണ്ടു കഴിഞ്ഞു.

ഇപ്പോള്‍ പെരിയയില്‍ രാഷ്ട്രീയ എതിരാളികളായ രണ്ടു യുവാക്കളെ ആസൂത്രിതമായി കൊലപ്പെടുത്തിയിട്ടും തെളിവുകള്‍ നശിപ്പിച്ച് നിയമത്തിന്റെ വഴി തടയുന്നതിന് പൊലീസും സര്‍ക്കാറും തന്നെ കൂട്ടുനില്‍ക്കുന്നു. കണ്ണൂര്‍ മാതൃകയില്‍ വാടകക്കൊലയാളികള്‍ ആസൂത്രിതമായി നടപ്പാക്കിയ ആ ഇരട്ടക്കൊലപാതകത്തെ വ്യക്തിപരമായ വിരോധമാക്കിതീര്‍ക്കാന്‍ പൊലീസിനെ ആയുധമാക്കുന്നു. വേനലവധിക്കുശേഷം ഹൈക്കോടതി നീതിതേടിയെത്തിയ രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുമോ അതോ നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്രകാലം തുടരേണ്ടിവരും എന്നിടത്താണ് പെരിയ ഇരട്ടക്കൊലപാതകകേസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top