Flash News

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം: വൻ ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗോയ്

April 20, 2019

gogoi-supremeന്യൂദൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ സുപ്രീം കോടതിയിൽ അപൂർവ സിറ്റിംഗ് . ചീഫ് ജസ്റ്റിസിന്‍റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നൽകിയ പരാതി പരിഗണിക്കാനാണ് അത്യപൂർവ നടപടിയുമായി കോടതി സിറ്റിംഗ് ചേർന്നത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീം കോടതിയിൽ അടിയന്തര സിറ്റിംഗ് നടത്തിയത്. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

35 വയസ്സുള്ള ഒരു യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ചത്. 22 ജഡ്‍ജിമാർക്കാണ് പരാതി യുവതി നൽകിയിരിക്കുന്നത്. ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

അപ്രതീക്ഷിതമായി കാലത്ത് പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന നോട്ടീസ് പുറത്തു വന്നത്. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നതെന്നും സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്നും നോട്ടീസിൽ പററഞ്ഞിരുന്നു.

അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ടായിരുന്നു. സുപ്രീം കോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്‍റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു.

തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വളരെ പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ചകളിൽ താൻ കേൾക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

“ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. ‘ദ് വയർ’, ‘ലീഫ് ലെറ്റ്’, ‘കാരവൻ’, ‘സ്ക്രോൾ’ എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിച്ചു. എനിക്കെതിരെ ലൈംഗികപീഡനപരാതി ഉയർന്നെന്നാണ് ആ കത്തുകളിൽ ഉണ്ടായിരുന്നത്. ഞാൻ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്‍റെ സെക്രട്ടറി ഇതിന് മറുപടി നൽകി. ‘കാരവൻ’, ഈ കത്ത് വാർത്തയാക്കി എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. ഒരു കാര്യം എനിക്ക് വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓഫീസിൽ എല്ലാ ഉദ്യോഗസ്ഥരോടും ഒരേ പോലെ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി എന്‍റെ ഓഫീസിൽ ഒന്നര മാസം ജോലി ചെയ്തിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ മറുപടി പറയേണ്ട ആവശ്യം പോലുമില്ലെന്നാണ് എനിക്ക് തോന്നിയത്. ഈ ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. രണ്ട് എഫ്ഐആറുകൾ അവർക്കെതിരെ റജിസ്റ്റർ ചെയ്യപ്പെട്ടതാണ്. ക്രിമിനൽ കേസ് പശ്ചാത്തലമുണ്ടായിട്ടും അവരെങ്ങനെ സുപ്രീം കോടതി സർവീസിൽ പ്രവേശിച്ചു എന്ന് ഞാൻ ദില്ലി പൊലീസിനോട് ആരാഞ്ഞിരുന്നതാണ്. മുൻപ് ഈ വനിതയ്ക്കും ഭർത്താവിനുമെതിരെ കേസുകളുണ്ടായിരുന്നു. ചില എഫ്ഐആറുകളിൽ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അവർ ജാമ്യത്തിലിറങ്ങിയതാണ്. അവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇന്ന് പട്യാല ഹൗസ് കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. 20 വർഷം നിസ്വാർത്ഥമായി ജോലി ചെയ്തയാളാണ് ഞാൻ. എന്‍റെ ബാങ്ക് അക്കൗണ്ടിൽ ആറ് ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്‍റെ ആകെ സമ്പാദ്യം. ജഡ്‍ജിയായി ജോലി ചെയ്ത് പടിപടിയായി ഉയർന്നു വന്നയാളാണ് ഞാൻ. റിട്ടയർമെന്‍റിനടുത്ത് നിൽക്കുമ്പോൾ എന്‍റെ കയ്യിൽ ആറ് ലക്ഷം രൂപ മാത്രമാണുള്ളത്. ആരോപണത്തിന് പിന്നിൽ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയുണ്ട്. ജു‍ഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലാണ്. വലിയ ഭീഷണികളാണുള്ളത്. ഇങ്ങനെ ജോലി ചെയ്യേണ്ടി വരും എന്നുണ്ടെങ്കിൽ ഒരു നല്ല ജഡ്‍ജി പോലും ഇവിടേക്ക് ജോലി ചെയ്യാൻ വരില്ല. എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ല. ഞാൻ എന്‍റെ ജോലി തുടരും. എന്തായാലും ഈ പരാതി ഞാനല്ല പരിഗണിക്കുക. കോടതിയിലെ മുതിർന്ന ജഡ്‍ജിമാർ ഈ കേസ് പരിഗണിക്കും”- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കം ഇതിനോട് യോജിച്ചു. ഇത് ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.കോടതിയിലെ ഒരു ജൂനിയർ അസിസ്റ്റന്‍റിന്‍റെ മാത്രം ഇടപെടലായി ഇതിനെ കാണാൻ കഴിയില്ലെന്നും ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്ന് സോളിസിറ്റര്‍; ബ്ലാക്മെയില്‍ തന്ത്രമെന്ന് അറ്റോര്‍ണി ജനറല്‍

ranjan-gogoi2ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തള്ളി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും. ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ബ്ലാക്മെയില്‍ തന്ത്രമാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ പറഞ്ഞു.

ഇതിന് ആസൂത്രിതമായ നീക്കമാണെന്നും അറ്റോര്‍ണി ജനറല്‍ ആയതു കൊണ്ട് മാത്രം താനും ആക്രമണങ്ങള്‍ നേരിടുന്നുവെന്നും കെ.കെ.വേണുഗോപാല്‍ പറഞ്ഞു. സംഭവത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ ആക്രമണത്തെ അപലപിച്ച് ജസ്റ്റിസ് അരുണ്‍ മിശ്രയും സഞ്ജീവ് ഖന്നയും രംഗത്തെത്തി. സുപ്രീം കോടതിയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും തത്ക്കാലം ഉത്തരവിറക്കുന്നില്ലെന്നും അരുണ്‍ മിശ്ര പറഞ്ഞു.

അതേസമയം ആരോപണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നായിരുന്നുവെന്നും പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 20 വര്‍ഷത്തെ സേവനത്തിന്റെ ഫലമാണോ ഇതെന്നും കറകളഞ്ഞ ജഡ്ജിയായിരിക്കുകയെന്നത് ഈ കാലഘട്ടത്തില്‍ വലിയ വെല്ലുവിളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിന്റെ പേരില്‍ രാജിവെക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top