Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 2): അബൂതി

April 23, 2019

Part 2 bannerഉള്ളിലെ ഭയം പുറത്തു കാണിച്ചില്ല അവള്‍. പേടിയുടെ പേടമാനുകള്‍ ഓടിക്കളിക്കുന്ന മിഴികളില്‍ ധെര്യമുണ്ടെന്ന അഭിനയത്തിന്‍റെ പിഞ്ഞിയ തിരശീല ചാര്‍ത്തി അവള്‍. കാരണം ഭ്രാന്തനെ നമ്മള്‍ ഭയക്കുന്നു എന്ന് ഭ്രാന്തന്‍ തിരിച്ചറിയാത്തിടത്താണ് നമ്മുടെ സുരക്ഷിതത്വം ഒളിച്ചിരിക്കുന്നത് എന്നവള്‍ക്കറിയാമായിരുന്നു.

“പേടിയോ? എനിക്കോ? ഞാന്‍ ആണിനെ കാണുന്നത് ആദ്യമല്ല.”

ഒരല്പ നേരം അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് നോക്കി അയാള്‍ ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. അതിനിടയില്‍ ഒന്ന് രണ്ടു തവണ ‘അതെനിക്കിഷ്ടമായി.. ഒരുപാടിഷ്ടമായി..’ എന്നയാള്‍ പറയുന്നുണ്ടായിരുന്നു. ഇരിക്കാന്‍ ആംഗ്യം കാണിച്ച് അയാള്‍ അവള്‍ക്ക് അഭിമുഖമായി സോഫയിലിരുന്നു. പിന്നെ പറഞ്ഞു.

“വിശക്കുന്നുണ്ട്. ആദ്യം നമുക്ക് വയറിന്‍റെ വിളിക്കുത്തരം കൊടുക്കാം. ഉണ്ട് നിറഞ്ഞവന്‍റെ അലങ്കാരമാണല്ലോ രതി. എന്താണ് കഴിക്കാന്‍ വേണ്ടത്? ഞാന്‍ ശുദ്ധ വെജിറ്റേറിയനാണ്. പക്ഷെ താന്‍ നോണ്‍ കഴിക്കുന്നതില്‍ വിരോധമൊന്നും ഇല്ല.”

ഒരു വികൃത പുഞ്ചിരിയോടെ അവള്‍ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു. സത്യത്തില്‍ അവള്‍ക്ക് അയാളുടെ മുന്‍പില്‍ നിന്ന് എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാല്‍ മതി എന്നായിട്ടുണ്ട്. ഇതെന്ത് മനുഷ്യനാണ് എന്നാണ് അവള്‍ ആലോചിക്കുന്നത്. എന്തെല്ലാം തരം മനുഷ്യരെ കണ്ടിട്ടുണ്ട്. പെരുമാറ്റം കൊണ്ട് അറപ്പ് തോന്നിപ്പിച്ചവരുണ്ട്. വാക്കുകള്‍ കൊണ്ട് ഹൃദയം കീറിമുറിച്ചവരുണ്ട്. എന്നാല്‍ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിച്ച് ഇങ്ങിനെ പേടിപ്പിച്ചവരില്ല. അയാള്‍ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.

“അത് ശരിയല്ല. എനിക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. അസഹ്യമാണത്. ഞാന്‍ എന്തായാലും ഓര്‍ഡര്‍ ചെയ്യാന്‍ പോകുന്നു. ഈ രാത്രി എനിക്ക് വേണ്ടി എന്‍റെ കൂടെ നീ കുറച്ച് കഴിച്ചേ പറ്റൂ.”

അവള്‍ക്കെന്തെങ്കിലും പറയാന്‍ കഴിക്കുന്നതിന്‍റെ മുന്‍പേ അയാള്‍ ഫോണിന്‍റെ അടുത്തേക്ക് നടന്നു. ഏതോ നമ്പറില്‍ വിളിച്ച് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. ഇനി ഇയാള്‍ മദ്യം കഴിക്കാനാണോ ദെവമേ പറയുന്നത്? അങ്ങിനെയും ചില ഭ്രാന്തന്മാരുണ്ട്. അവര്‍ കുടിച്ച് പൂക്കുറ്റിയായിട്ടുണ്ടാകും, എന്നാലും പോരാ, നമ്മളെ കൊണ്ടും മോന്തിക്കും. അവളോരോന്ന് ആലോചിച്ചിരിക്കെ, അയാള്‍ തന്‍റെ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതിനിടയില്‍ അവളോട് ചോദിച്ചു.

“പാട്ടു പാടാനറിയാമോ തനിക്ക്.”

ഇല്ലെന്നവള്‍ തലയാട്ടി. “ഉം.. എനിക്കുമറിയില്ല.” അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

അവള്‍ തല താഴ്ത്തി മിണ്ടാതിരുന്നു. കനത്തു വരുന്ന നിശബ്ദത അവളെ അലോസരപ്പെടുത്തി. ആ നിശ്ശബ്ദതയോളം ഭയം അവള്‍ക്കുളില്‍ കനത്തു നിന്നിരുന്നു. ഇതുവരെ തോന്നാത്ത ഒരങ്കലാപ്പ്. ഒരു പുരുഷനും താനും തമ്മില്‍ ജീവിതത്തില്‍ ആദ്യമായി ഒരു മുറിക്കകത്ത് പെട്ട പോലെ. ഒരു വേള അവള്‍ മെല്ലെ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ അയാള്‍ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയാണ്. സോഫയില്‍ വലത് കൈയ്യൂന്നി, ഉള്ളം കൈയ്യില്‍ മുഖം താങ്ങി, ഒരു പ്രതിമ പോലെ തന്നെയും നോക്കി അയാള്‍ ഇരിക്കുകയാണ്.

അവള്‍ കൂടുതല്‍ അസ്വസ്ഥയായി. ദെവമേ, ഇതെന്തൊരു പരീക്ഷണം? അറ്റ കൈക്ക് അങ്ങോട്ട് കേറിക്കൊത്തിയാലോ എന്നവള്‍ ആലോചിച്ചു. പെണ്ണൊരുത്തി ശരിക്കൊന്ന് തീഷ്ണമായി നോക്കിയാല്‍ മിക്ക പുരുഷന്മാരുടെയും മുഖം താഴ്ന്നേ കാണാറുള്ളൂ. എങ്ങിനെയോ ധെര്യം സംഭരിച്ച് ആ മുഖത്തേക്ക് നോക്കി അവള്‍ ചോദിച്ചു..

“സാറിന്‍റെ പേരെന്താ?”

കൈവെള്ളയില്‍ നിന്നും മുഖം ഉയര്‍ത്താതെ പുഞ്ചിരിയോട് കൂടി അയാളുടെ ചോദ്യം

“നമുക്കിടയില്‍ ഒരു പേരിനെന്തെങ്കിലും പ്രസക്തിയുണ്ടോ?”

ദാ കെടക്കുന്നു പണ്ടാറം.. അവളുടെ കാലിന്‍റെ അടിയില്‍ ദേഷ്യത്തിന്‍റെ ഒരു തരിപ്പുണ്ടായി. എങ്കിലും പിടിച്ചു കയറാന്‍ അവള്‍ക്കതൊരു പിടിവള്ളി തന്നെയായിരുന്നു. അവള്‍ സൗമ്യയായി പറഞ്ഞു

“അല്ല. ഞാനിനി സാറെ എന്ന് വിളിച്ച് ബുദ്ധിമുട്ടണ്ടല്ലോ? ചിലപ്പോള്‍ സാറിനത് ഇഷ്ടമായില്ലെങ്കിലോ?”

“ഓ.. അങ്ങിനെ. ദാറ്റ്സ് ഗുഡ്. തനിക്കപ്പോള്‍ എന്നെ വിളിക്കാനൊരു പേര് വേണം. ഏട്ടാ എന്ന് വിളിച്ചോളൂ. സ്നേഹത്തോടെ വിളിക്കണം. ആ വിളിയില്‍ ഞാനലിഞ്ഞു പോകണം. വിളിക്കുമ്പോള്‍ എനിക്ക് തോന്നണം, ഞാന്‍ നിന്‍റെ സ്വന്തമാണെന്ന്. നിന്‍റെ പ്രാണന്‍ ഞാനാണെന്ന്. എന്താ, പറ്റുമോ തനിക്ക്?”

പേരറിയാത്തൊരു വികാരം അവളുടെ ഉടലാകെ പടര്‍ന്നു പിടിച്ചു. അവളുടെ സ്‌ത്രൈണ മനസ്സിന്‍റെ ഏതോ ലോല തന്ത്രികളില്‍ ആ വാക്കുകള്‍ വിരല്‍ മീട്ടി. ഒരു ചണ്ഡാളന്‍റെ തലച്ചുമടിലെ കുട്ടയിലെ മാംസമാണ് താനെന്നും, ആ മാംസത്തിലേക്ക് കൊതിയോടെ നാവണച്ച് നോക്കുന്ന തെരുവുനായ്ക്കളാണ് തന്‍റെ ചുറ്റിലെ പുരുഷസമൂഹവുമെന്നാണ് ഇന്നോളം അവള്‍ക്ക് തോന്നിയിട്ടുള്ളത്. ഇന്നാദ്യമായി, ശരീരത്തിന്‍റെ അപ്പുറത്ത്, മനസ്സിന്‍റെ ഉള്ളിലെവിടെയോ ഒരു നഖക്ഷതമുണ്ടാക്കിയിരിക്കുന്നു. അതില്‍ നിന്നും സുഖമുള്ള ഒരു ഉറവ പിറക്കുന്നു. അത് കണ്ണുകളില്‍ പൊടിഞ്ഞു വന്നപ്പോള്‍ അവള്‍ വേഗം മുഖം താഴ്ത്തി. ഉള്ളിന്‍റെ ഉള്ളില്‍ നിന്നും പൊടിഞ്ഞു വന്നൊരു പുഞ്ചിരി ആ ചുണ്ടില്‍ ഒരു ദീപം പോലെ തെളിഞ്ഞപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. അനുവാദം കിട്ടിയപ്പോള്‍ വാതില്‍ തുറന്നു വന്നത് റൂം ബോയ് ആയിരുന്നു. ഭക്ഷണവും കൊണ്ട്.

മുന്നില്‍ നിരന്ന വിഭവസമൃദ്ധിയിലേക്ക് അവള്‍ ആകാംക്ഷ മുറ്റിയ കണ്ണുകളോടെ നോക്കി. എല്ലാം വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ കൂട്ടത്തില്‍ മദ്യം കണ്ടില്ല എന്നത് അവളില്‍ കൗതുകം ഉണ്ടാക്കി. അയാള്‍ പിന്നെയും പിന്നെയും അവളെ വിസ്മയിപ്പിക്കുകയാണ്. ഏതോ ഒരന്യഗ്രഹത്തില്‍ നിന്നും വന്ന ജീവിയെ പോലെ. അമ്പരന്നിരിക്കുന്ന അവളെ അയാള്‍ വിളിച്ചു.

“കമോണ്‍… ഹാവിറ്റ്… ഭക്ഷണത്തിന്‍റെ മുന്‍പില്‍ നാണമാവാം… തീന്മേശയിലേക്ക് ക്ഷണിക്കപ്പെടുന്നത് വരെ. നോക്കൂ, ഞാനൊരു ഭക്ഷണപ്രിയനാണ്. ആഹാരം ആസ്വദിച്ച് പതുക്കെ കഴിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ ഭക്ഷണത്തിന്‍റെ മുന്‍പില്‍ നാണം കുണുങ്ങാറില്ല. അത്തരക്കാരെ എനിക്കിഷ്ടവുമല്ല. കിടപ്പറയില്‍ വിവസ്?ത്രയായതിന്‍റെ ശേഷവും ഭര്‍ത്താവിന്‍റെ മുന്‍പില്‍ നാണം നടിക്കുന്ന ഭാര്യമാരെ പോലെ ആണവര്‍. അപരനില്‍ അലോസരമുണ്ടാക്കുന്നവര്‍.”

തന്‍റെ മുന്‍പിലെ ഭക്ഷണ പത്രങ്ങളിലേക്ക് കെ നീട്ടുന്നതിനിടയില്‍ അവള്‍ ആലോചിക്കുകയായിരുന്നു. ഈ മനുഷ്യന്‍ എത്ര മനോഹരമായി സംസാരിക്കുന്നു. എത്ര സഭ്യമായി. ഇത് വരെ ഞാന്‍ കേട്ടതൊക്കെയും അറപ്പിന്‍റെയും വെറുപ്പിന്‍റെയും പുഴുക്കള്‍ നുരയ്ക്കുന്ന വാക്കുകളായിരുന്നു. സമ്പത്ത് കൊണ്ടോ വിദ്യ കൊണ്ടോ സമ്പന്നമായവരാണെങ്കില്‍ പോലും, സ്വശരീരവില്പനക്കാരിയുടെ മുന്‍പില്‍ നാവിലൂടെയും, കണ്ണിലൂടെയും, പ്രവര്‍ത്തിയിലൂടെയും അവരുടെ സകലമാന പിശാചുകളും ഇറങ്ങി വരും. ഉള്ളിലെ അലോസരം പുറത്തുകാണിക്കാതെ എല്ലാം അഭിനയിച്ചു കാണിക്കേണ്ടി വന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍.

പറഞ്ഞത് പോലെ ഒരുപാട് സമയമെടുത്താണ് അയാള്‍ ഭക്ഷണം കഴിച്ചു തീര്‍ത്തത്. ഇടയില്‍ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു. എല്ലാം അവളുടെ ഇഷ്ടങ്ങളെ കുറിച്ചായിരുന്നു. ഒരു മാന്ത്രിക ബന്ധനത്തിലകപ്പെട്ട പോലെ അയാളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ശങ്കയൊന്നും കൂടാതെ അവള്‍ മറുപടി പറഞ്ഞു. ജന്മാന്തരങ്ങളുടെ യാത്രയില്‍ എങ്ങോ എവിടെയോ തനിക്ക് പ്രയപ്പെട്ട ഒരാളായിരുന്നിരിക്കാം അയാളെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. മുന്‍പുണ്ടായിരുന്ന ഭയം ബഹുമാനത്തിന് വഴിമാറിക്കൊടുത്തു. ജീവിതത്തിലെപ്പോഴെങ്കിലും ഏതൊരു സ്ത്രീയും ഇത് പോലൊരു മനുഷ്യന്‍റെ കൂടെ ഒരല്പ സമയമെങ്കിലും ചിലവഴിക്കെണ്ടതാണ് എന്നവള്‍ക്ക് തോന്നി. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും സോഫയിലേക്ക് വന്നിരുന്നു. അയാളുടെ അരികില്‍ പോയിരിക്കാന്‍ അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ ക്ഷണിക്കാതെ ചെല്ലാന്‍ കഴിയാത്ത വിധം സ്ത്രീത്വത്തിന്‍റെ ഒരു നാണം അപ്പോഴും അവളില്‍ ബാക്കിയുണ്ടായിരുന്നു. അയാളുടെ മുന്‍പില്‍ ഒരു വെറും പെണ്ണായി നില്‍ക്കാന്‍ ഒരാഗ്രഹം. മൗനം ദീര്‍ഘമായപ്പോള്‍ അവള്‍ വെറുതെ ചോദിച്ചു.

“എന്തിനാണ് എന്നെ പോലെ ഒരാളിന്‍റെ അടുത്തേക്ക് വന്നത്? വേണ്ടായിരുന്നു…”

അല്‍പനേരം എന്തോ ഒരാലോചനയില്‍ മുഴുകി, അയാള്‍ ചോദിച്ചു.

“എന്തെ? എന്നെ ഇഷ്ടമായില്ലേ നിനക്ക്?”

ആ ചോദ്യത്തിന് മുന്‍പില്‍ തരളിതയായി അവളിരുന്നു. അറിയാതെ കണ്ണുകളിലൊരു നീര്‍പാട മൂടുകയും ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നുടനെ പൊഴിയുകയും ചെയ്തു. പിന്നെ മന്ത്രിക്കുന്ന പോലെ പറഞ്ഞു.

“ഇഷ്ടമോ, ഇഷ്ടക്കേടോ ഒന്നും ഞങ്ങളുടെ സ്വന്തമല്ലല്ലോ? എത്രയോ ആണുങ്ങളെ കാണുമ്പോള്‍ ചിലപ്പോള്‍ അപൂര്‍വം ചിലരോട് ഒരിഷ്ടം തോന്നും. ആ ഇഷ്ടം പോലും അവര്‍ തരുന്ന പൈസക്ക് പകരം അവര്‍ കൊണ്ട് പോകും. സ്വയം വില്‍ക്കാന്‍ വച്ചവളെ ആര്‍ക്കും മനസ്സിലാവില്ല. ആര്‍ക്കും…”

തന്‍റെ മൂക്കൊന്ന് അമര്‍ത്തിത്തിരുമ്മിയതില്‍ പിന്നെ അവള്‍ തുടരുമ്പോള്‍ അയാള്‍ അവളെ സാകൂതം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

“ഞാന്‍ ചോദിച്ചത്, നിങ്ങളെ പോലെ നല്ല ഒരാള്‍ക്ക് വന്ന് കുളിക്കാവുന്ന കുളമല്ലല്ലോ ഇതെന്നാണ്. എല്ലാ മ്ലേച്ഛന്മാരുടെയും ചപ്പു ചവറുകള്‍ വന്നടിയുന്ന ഇടമാണിത്. ഞാന്‍ നല്ലവരെ അധികം കാണാറില്ല. എന്‍റെ അടുത്തേക്ക് നല്ലവരാരും വരാറില്ല.”

അയാള്‍ ശബ്ദമുയര്‍ത്തി ചിരിച്ചു.. ചിരിക്കിടയില്‍ പ്രയാസപ്പെട്ടാണ് ചോദിച്ചത്.

“ഫന്‍റാസ്റ്റിക്ക്.. നല്ല ഭാഷ.. എവിടന്നു കിട്ടി?”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു..

“കുറച്ചു നേരമായില്ലേ ഞാനിവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്…”

“ഉം.. അതും ശരിയാ..”, അയാള്‍ തലകുലുക്കി. “ഒരു കാര്യം ചോദിച്ചാല്‍ തനിക്കിഷ്ടമാവുമോ എന്നറിയില്ല. ചോദിക്കട്ടേ”

അതിശയത്തോടെ അവള്‍ അയാളുടെ മുഖത്തേക്ക് നോക്കി. ചോദിച്ചോളൂ എന്നര്‍ത്ഥത്തില്‍ പതുക്കെ തലയാട്ടി. പിന്നെയും ഒരു പത്തു നിമിഷമെങ്കിലും കഴിഞ്ഞാണ് അയാള്‍ ചോദിച്ചത്.

“തന്‍റെ ജീവിതത്തിലെ ആദ്യത്തെ ആ മ്ലേച്ചന്‍ ആരായിരുന്നു?”

അവളുടെ മുഖം കല്ലില്‍ കൊത്തിയത് പോലെ കനത്തുപോയി. കദന ഭാരത്തലാവും, ആ മുഖം കുനിഞ്ഞു. കനത്ത നിശ്ശബ്ദതയുടെ കരിമ്പടത്തിനുളില്‍ അവര്‍ കുടിങ്ങിക്കിടന്നു. ഇഷ്ടമല്ലെങ്കില്‍ താന്‍ പറയേണ്ടെടോ എന്നയാള്‍ പറയും എന്നവള്‍ കൊതിച്ചു പോയി. എന്നാല്‍ അയാള്‍ അത് പറഞ്ഞില്ല. അവള്‍ മെല്ലെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരു ദാരുശില്പം പോലെ ചലനമില്ലാതെ തന്നെയും നോക്കിയിരിക്കുകയാണയാള്‍. വീണ്ടും താഴേക്ക് നോക്കി ഒരു കാറ്റിന്‍റെ മര്‍മ്മരം പോലെ അവള്‍ പറഞ്ഞു.

“അച്ഛന്‍റെ കൂട്ടുകാരന്‍….”

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top