Flash News

ശ്രീലങ്ക സ്ഫോടനം: ചാവേറിന്റെ പേരടക്കം ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ശ്രീലങ്ക അവഗണിച്ചു

April 24, 2019

000_1FT4RW-e1555854091247-640x400കൊളംബോ: ഇന്ത്യയുടെ മുന്നറിയിപ്പുകൾ ശ്രീലങ്ക അവഗണിച്ചുവെന്ന് റിപ്പോർട്ട്. ശ്രീലങ്കയിൽ തീവ്രവാദികൾ സ്ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഈ മുന്നറിയിപ്പിനെത്തുടർന്ന് നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്നും ശ്രീലങ്കന്‍ അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനം നടത്താൻ പദ്ധതിയിട്ട ചാവേറിന്റേ പേരു സഹിതമായിരുന്നു മുന്നറിയിപ്പ്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ഈ വിവരങ്ങൾ ലഭിച്ചത്.

ശ്രീലങ്കയില്‍ ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആഭ്യന്തരവകുപ്പാണ്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന് കൈമാറിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ വെളിപ്പെടുത്തല്‍. അതേസമയം, മുന്നറിയിപ്പ് പ്രധാനമന്ത്രിയോ മന്ത്രിസഭയോ അറിഞ്ഞിട്ടില്ലെന്ന് വിക്രമസിംഗെ വിശദീകരണം നല്‍കി. ഇതോടെ സംഭവം വിവാദമായിരുന്നു.

അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാഗ്വാദമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് ഒരുപക്ഷം ആരോപിച്ചു. വിക്രമസിംഗെയുമായി രാഷ്ട്രീയഭിന്നതകളുള്ളതിനാലാണ് സിരിസേന റിപ്പോര്‍ട്ട് കൈമാറാത്തതെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്‌നെയും ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top