Flash News

തിരിച്ചൊഴുകുന്ന പുഴ (കവിത): അബൂതി

April 28, 2019

Thirichozhukunna puzhaമനസ്സില്‍, മലമുകളിലേക്ക്
തിരിച്ചൊഴുകുുണ്ടൊരു പുഴയിന്ന്!
വഴിതെറ്റിപ്പോയൊരിളം തെന്നല്‍
പുതിയ പൂക്കളുടെ ഗന്ധവുമായി
തിരികെ പറന്നെത്തുമ്പോള്‍!
അന്നീ പുഴയുടെ തീരങ്ങളില്‍
വിടര്‍ന്നടന്നു പോയെത്രയോ പൂക്കള്‍!
ഈ, തടശിലകളില്‍ തലതല്ലി
മരിച്ചുപോയെത്രയോ കുഞ്ഞോളങ്ങള്‍!
പിന്നെ മറവിയുടെ ആഴക്കയങ്ങളില്‍
ആണ്ടിറങ്ങിയതായിരുന്നീ നദി!
ഇനിയൊരിക്കല്‍ കൂടിയീ തീരത്തിലൂടെ
കൈ കോര്‍ത്തു മെല്ലെ നടക്കുവാന്‍
നീകൂടി വരാമെന്നു പറഞ്ഞതില്‍ പിന്നെ
സ്വപ്നങ്ങള്‍ക്കൊരിക്കല്‍ കൂടി
ജനിക്കേണമെന്‍റെ തപ്ത ഹൃദയത്തില്‍!

നിന്‍റെ പുഞ്ചിരികള്‍ക്കിന്ന്
അന്നത്തെക്കാള്‍ ഭംഗിയുണ്ട്.
രാകിമിനുക്കി മുറിച്ചെടുത്ത
ഒരപൂര്‍വ്വ വജ്രക്കല്ല് പോലെ!
വിരഹഗര്‍ഭത്തിലുറങ്ങാതെ
കൈകാലിട്ടടിക്കുന്ന പ്രണയം
മരിച്ചിരുന്നില്ലെന്‍ മനസ്സില്‍.
മയങ്ങുകയായിരുന്നിന്നോളം!
തുഷാരം കുളിര്‍ കൊണ്ട് മൂടിയ
ഈ പനനീര്‍ പൂക്കളുമായി
കാത്തിരുന്നു ഞാനിന്നോളമീ
മലഞ്ചെരുവില്‍ നിന്നെ മാത്രം!

ഇനി, ആര്‍ദ്രവസന്തം പുതച്ചുറങ്ങുമീ
കാനനവീഥിയിലൂടന്യോന്യം
കൈകോര്‍ത്തെന്നും നടക്കണം!
നോക്കൂ നമുക്കാ കുന്നിന്‍ മുകളിലെ
പൂമരച്ചോട്ടില്‍ പോയിരിക്കേണം!
ദൂരത്ത് പശ്ചിമഛായയില്‍
ചോക്കാനൊരുങ്ങും സൂര്യനെ
നോക്കിയിരിക്കെ നീയീ,
തോളിലേക്കു ചാഞ്ഞിരിക്കേണം!
അവിടെ, നേര്‍ത്ത നിലാമഴയേറ്റു
കുളിര്‍ നിശാഗന്ധികളാലൊരു
സ്വപ്നഹാരം കോര്‍ത്തെനിക്ക്
നിന്‍റെ മാറിലണിയിക്കണം!
എനിക്ക് നീയും, നിനക്ക് ഞാനും,
മാത്രമെന്നന്യോന്യം പറയാതെ പറയവേ,
മിഴികളില്‍ മുഴുവന്‍ പ്രണയം നിറച്ച്
നിന്‍ നീലമിഴികളില്‍ നോക്കി
വെറുതെയിരിക്കേണമേറെ നേരം!
അവിടെ, കാറ്റ് കവിത മൂളുകയും,
പൂക്കള്‍ നൃത്തമാടുകയും ചെയ്യവേ;
ചുംബനങ്ങളാലുറങ്ങാനാവാതെ
നീയെന്നരികില്‍ പ്രാവുപോല്‍ കുറുക്കണം!

*ശുഭം*


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top