Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****   

വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളി (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

May 5, 2019

Viswanathan banner“എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും മീതെ എനിക്കു തരിക അറിയാനുള്ള സ്വാതന്ത്ര്യം. മനസാക്ഷിക്കനുസരിച്ച് അതിനുവേണ്ടി വാദിക്കാനുള്ള സ്വാതന്ത്ര്യം.” – മില്‍ട്ടണ്‍

വടക്കൂട്ട് വിശ്വനാഥമേനോന്‍ എന്ന വി വിശ്വനാഥമേനോന്‍ ഓര്‍മ്മയാകുമ്പോള്‍ ഉയര്‍ന്നുവരുന്നത് അതികായനായ ഒരു രാഷ്ട്രീയ നേതാവിന്റെ ബഹുമുഖപ്രതിഭയാര്‍ന്ന ചരിത്രമാണ്. വിപ്ലവകാരിയായ വിദ്യാര്‍ത്ഥി നേതാവ്, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും അതുല്യനായ സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, മാതൃകാ ഭരണാധികാരി എന്നിങ്ങനെ വിവിധ ഭാവങ്ങളില്‍. 92-ാം വയസില്‍ ഒരു പതിറ്റാണ്ടോളം കാലത്തെ നിശബ്ദ ജീവിതത്തില്‍നിന്ന് അദ്ദേഹം യാത്രയാകുമ്പോള്‍ അവശേഷിപ്പിക്കുന്നത് സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ശബ്ദാനമായ രാഷ്ട്രീയ പോരാട്ടത്തിന്റെയും മുന്നേറ്റത്തിന്റെയും ആഴവും പരപ്പും നിറഞ്ഞ ജീവിത ചിത്രമാണ്.

appukuttan 2018അതിന്റെ ഓരോ തലത്തിലും തന്റെ പ്രസ്ഥാനത്തിനും നാടിനും വി വിശ്വനാഥമേനോന്‍ നല്‍കിയ സംഭാവന പ്രത്യേകം പരാമര്‍ശിക്കേണ്ടതും ഓര്‍മ്മിക്കേണ്ടതുമായുണ്ട്. 21 മാസക്കാലം അടിയന്തരാവസ്ഥയുടെ കൂരിരുട്ടിലും കരാളതയിലും രാജ്യം വീര്‍പ്പുമുട്ടിക്കഴിഞ്ഞ ഘട്ടത്തില്‍ രാജ്യസഭാംഗമായിരുന്നു വിശ്വനാഥമേനോന്‍. അക്കാലത്ത് അദ്ദേഹം നടത്തിപ്പോന്ന ഏകാധിപത്യത്തിനെതിരായ ഇടപെടലുകളില്‍ ഒന്നുമാത്രമാണ് രാജന്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാക്കിയത്. രാജന്‍ കേസ് വിധിയാണ് അടിയന്തരാവസ്ഥയുടെ പെരുമയില്‍നിന്ന് കേരള രാഷ്ട്രീയത്തെ സത്യത്തിന്റെ ചരിത്രവഴിയിലേക്ക് തിരിച്ചുനയിച്ചതെന്ന് പ്രത്യേകം കുറിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ രാജ്യസഭാംഗമെന്ന നിലയില്‍ വിശ്വനാഥ മേനോന്‍ നിര്‍വ്വഹിച്ച നിര്‍ണ്ണായകമായ പങ്ക് വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പറയേണ്ടിവരും.

കോഴിക്കോട് റീജ്യണല്‍ എഞ്ചിനിയറിംഗ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയും പ്രൊഫ. ഈച്ചരവാര്യരുടെ മകനുമായ പി രാജനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയും ജസ്റ്റിസ് വി ഖാലിദും ഉത്തരവിട്ടത് ഹെബിയസ് കോര്‍പ്പസ് ഹര്‍ജികളിലെ അടിയന്തരാവസ്ഥ വിശേഷമുള്ള ചരിത്ര വിധിയായി. അതിന്റെ അടിസ്ഥാന തെളിവ് വി വിശ്വനാഥ മേനോന്‍ എം.പിയെന്ന നിലയില്‍ ഈച്ചര വാര്യര്‍ക്ക് അയച്ച കത്തും അതില്‍ അടക്കം ചെയ്തിരുന്ന ആഭ്യന്തരമന്ത്രി കരുണാകരന്റെ മറുപടിക്കത്തും ആയിരുന്നു. ഇതേക്കുറിച്ച് തന്റെ വിധിയില്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി ഇങ്ങനെ എഴുതി:

‘രാജനെ വിട്ടയക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് അറിയിച്ചുകൊണ്ട് കേരള ആഭ്യന്തരമന്ത്രിയില്‍നിന്ന് ലഭിച്ച കത്തിന്റെ കോപ്പി ശ്രീ വിശ്വനാഥമേനോന്‍ ഈച്ചര വാര്യര്‍ക്ക് അയച്ചുകൊടുത്തു. ആഭ്യന്തര മന്ത്രി ശ്രീ. കെ കരുണാകരന്‍ 1976 ഡിസംബര്‍ 10-ാം തീയതി എഴുതിയതാണ് ആ കത്തെന്ന് ഈ കേസിന്റെ നടപടിക്രമങ്ങള്‍ക്കിടയില്‍ വ്യക്തമായിട്ടുണ്ട്. ഈച്ചര വാര്യരുടെ മകന്‍ രാജനെ തടങ്കലില്‍നിന്ന് വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന അപേക്ഷയോടൊപ്പം ശ്രീ വിശ്വനാഥമേനോന്‍ എഴുതിയ കത്ത് കൈപ്പറ്റിയതായി അതില്‍ ആഭ്യന്തരമന്ത്രി സമ്മതിക്കുന്നുണ്ട്. പരാമര്‍ശിക്കപ്പെട്ട കാര്യം പരിഗണനയിലാണെന്ന് വിശ്വനാഥമേനോനെ അറിയിക്കുന്നുമുണ്ട്.’

പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ മകനെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് ഈച്ചരവാര്യര്‍ ലോകസഭയിലെയും രാജ്യസഭയിലെയും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് കത്തയച്ചിരുന്നു. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായ എ.കെ.ജിയും വി വിശ്വനാഥമേനോനും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇതേക്കുറിച്ച് എഴുതി. രാജ്യസഭയില്‍ വിശ്വനാഥമേനോനും എ.കെ.ജിയുടെ അഭാവത്തില്‍ ലോകസഭയില്‍ സമര്‍ മുഖര്‍ജിയും രാജന്റെ കസ്റ്റഡി പ്രശ്‌നം അടിയന്തരാവസ്ഥാകാലത്ത് ഉന്നയിച്ചു. യഥാസമയം അതെല്ലാം വിശ്വനാഥമേനോന്‍ ഈച്ചരവാര്യരെ അറിയിച്ചിരുന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനു പുറമെയാണ് ആഭ്യന്തരമന്ത്രി കരുണാകരന് വിശ്വനാഥമേനോന്‍ നേരിട്ട് കത്തെഴുതിയത്. ‘പ്രശ്‌നം (വിട്ടയക്കുന്ന) പരിഗണിച്ചുവരികയാണെന്ന്’ ആഭ്യന്തരമന്ത്രി കരുണാകരന്‍ മറുപടിയും നല്‍കി.

ലോകസഭാ തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജയിലില്‍ അടച്ചിരുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു. അക്കൂട്ടത്തില്‍ രാജനെ വിട്ടയക്കുമെന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു തൊട്ടുപിറകെ ഈച്ചര വാര്യര്‍ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ഈശ്വരയ്യരും രാംകുമാറും മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

ഈ പശ്ചാത്തലം വിവരിക്കവെ ഇടപെടുന്നതിന്റെ പ്രാധാന്യം ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പ്രത്യേകം ചൂണ്ടിക്കാട്ടി: ‘വ്യക്തി സ്വാതന്ത്ര്യം ഒരാളുടെ ഏറ്റവും വിലപ്പെട്ട മൗലികാവകാശമാണ്. സംസ്ഥാനത്തെ പൊലീസ് സേനയുടെ പിന്തുണയുള്ള അധികാരികള്‍ ഒരു വ്യക്തിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ആ അവകാശം ഇല്ലാതാക്കിയതായി ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ആ വ്യക്തിയെ വിട്ടയപ്പിക്കുന്നതിനുള്ള അധികാരം പ്രയോഗിക്കാന്‍ ഈ കോടതിക്ക് കഴിയുകയില്ലെന്ന് തെളിയിക്കാത്തിടത്തോളം ഞങ്ങള്‍ക്ക് തൃപ്തിയാകുകയില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഉന്നത നീതിന്യായ സ്ഥാപനങ്ങള്‍ക്ക് കടമയുണ്ട്.’

കോടതിയുടെ ആ നിലപാടുതറയുടെ അടിസ്ഥാനം ഈച്ചരവാര്യരുടെ പരാതിയില്‍ ആദ്യന്തം വിശ്വനാഥമേനോന്‍ നടത്തിയ പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള ഇടപെടലായിരുന്നു. അതാണ് ചരിത്രപ്രസിദ്ധമായ രാജന്‍കേസ് വിധി പുറപ്പെടുവിക്കാനും കേരള രാഷ്ട്രീയം തന്നെ കീഴ്‌മേല്‍ മറിയുന്ന സംഭവവികാസങ്ങള്‍ തുടര്‍ന്നുണ്ടാകാനും വഴിവെച്ചത്. രാജന്‍ കേസ് എന്നത് കേരള രാഷ്ട്രീയത്തിലെ ഒരു ഫാഷന്‍ പദപ്രയോഗമായി ഉപയോഗിക്കുന്നവര്‍ക്ക് വിശ്വനാഥമേനോന്റെ ഇക്കാര്യത്തിലെ സംഭാവന അറിയണമെന്നില്ല.

1987ല്‍ ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റ് ഇ.കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ വി വിശ്വനാഥമേനോനായിരുന്നു ധനമന്ത്രി. അടിയന്തരാവസ്ഥയില്‍ രാജ്യത്താകെ നടന്ന ഭരണകൂടപീഢനങ്ങളുടെ പ്രതീകമായ രാജന്‍ സംഭവത്തില്‍ നീതി ഉറപ്പാക്കാനുള്ള മറ്റൊരവസരം മന്ത്രിയെന്ന നിലയില്‍ വിശ്വനാഥമേനോനു ലഭിച്ചു. രാജന്റെ കസ്റ്റഡി മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈച്ചരവാര്യര്‍ കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് ജഡ്ജിയുടെ കോടതിയില്‍ കേസ് കൊടുത്തിരുന്നു. രാജന്റെ മരണത്തിന് 14 വര്‍ഷം കഴിഞ്ഞ് കേസിലെ വിധിവന്നു. 6,87,000 രൂപ സംസ്ഥാന ഗവണ്മെന്റ് രാജന്റെ അച്ഛന് നഷ്ടപരിഹാരം നല്‍കണമെന്ന്. രാജനെ കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊലചെയ്ത പൊലീസുകാരായ പ്രതികളില്‍നിന്ന് തുക ഈടാക്കി നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ വിഷയം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുന്നില്‍ അവതരിപ്പിച്ച് സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കി നഷ്ടപരിഹാരത്തുക ഖജനാവില്‍നിന്ന് നല്‍കാന്‍ തീരുമാനമെടുപ്പിച്ചത് ധനമന്ത്രി വിശ്വനാഥമേനോനാണ്.

ആ തുക ഉപയോഗിച്ച് തീവ്ര പരിചരണ വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ‘ക്രിറ്റിക്കല്‍ കെയര്‍ വാര്‍ഡ്’ രാജന്റെ സ്മാരകമായി എറണാകുളം ജില്ലാ ആശുപത്രിയില്‍ ആരംഭിക്കാന്‍ ഈച്ചരവാര്യര്‍ തീരുമാനിച്ചു. അതു സംബന്ധിച്ച കാര്യങ്ങളുടെ ഏകോപനത്തിലും മന്ത്രിയെന്ന നിലയില്‍ വിശ്വനാഥ മേനോന്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അതിന്റെ ശിലാസ്ഥാപനം അദ്ദേഹംതന്നെ നിര്‍വ്വഹിച്ചു. പരിമിതമായ നഷ്ടപരിഹാരത്തുക പോരാതെവന്ന സ്ഥിതിയില്‍ സര്‍ക്കാറില്‍നിന്ന് വിശേഷാല്‍ സഹായം നല്‍കിയും പുറത്തുനിന്നുള്ള സംഭാവന ലഭ്യമാക്കുന്നതില്‍ സഹായിച്ചും രാജന്റെ പിതാവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിശ്വനാഥമേനോന്‍ വലിയ പങ്കുവഹിച്ചു.

പാര്‍ലമെന്റിലും നിയമസഭയിലും ജനപ്രതിനിധികളായെത്തുവര്‍ക്ക് ലഭ്യമാകുന്ന പ്രവര്‍ത്തനവേദി മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടവേദിയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച വേറിട്ട കമ്മ്യൂണിസ്റ്റു നേതാക്കളില്‍ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു വി വിശ്വനാഥമേനോന്‍. 77ല്‍ ഡല്‍ഹിയില്‍ പാര്‍ട്ടി പത്രത്തിന്റെ ലേഖകനെന്ന നിലയില്‍ ചെന്നപ്പോഴാണ് അടിയന്തരാവസ്ഥയില്‍ രാജ്യസഭയില്‍ വി വിശ്വനാഥമേനോന്‍ നടത്തിയ ജനാധിപത്യ പോരാട്ടങ്ങള്‍ മനസിലാക്കാനായത്. സെന്‍സര്‍ഷിപ്പിന്റെ പശ്ചാത്തലത്തില്‍ ശൂന്യമായിരുന്ന പത്ര ഗ്യാലറികളെ ഗൗനിക്കാതെ മിക്കവാറും ശൂന്യമായിരുന്ന പ്രതിപക്ഷ ബഞ്ചുകള്‍ക്കിടയില്‍നിന്ന് ഒറ്റയാനായി അദ്ദേഹം നടത്തിപ്പോന്ന പോരാട്ടം. ട്രഷറി ബഞ്ചുകളുടെ ആക്രോശത്തെയും അധ്യക്ഷ വേദിയില്‍നിന്നുപോലുമുള്ള പക്ഷപാതിത്വത്തെയും കൂസാതെ. ഏകാധിപത്യത്തിനും സര്‍വ്വാധിപത്യത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ അവിസ്മരണീയമായ പ്രതിരോധവും കടാക്രമണവും നടത്തിയതിന്റെ സംസാരിക്കുന്ന രേഖകളാണ് രാജ്യസഭാ നടപടിരേഖകള്‍. വിപ്ലവകരമായ പാര്‍ലമെന്ററി പ്രവര്‍ത്തനം എന്താണെന്ന് അക്കാലത്തെ രാജ്യസഭാ നടപടിരേഖകള്‍ പഠിപ്പിക്കുന്നു. ഇന്നത്തെപ്പോലെ ചോദ്യങ്ങളുടേയോ പ്രസംഗങ്ങളുടെയോ എണ്ണവും വണ്ണവുമല്ല അത്. പ്രധാനമന്ത്രിയുടെ വിമാനത്തില്‍ വിദേശത്തു നടത്തുന്ന അകമ്പടി യാത്രകളുടെ കേമത്തരവുമല്ല. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയായി നിയമസഭകളി ലെത്തുവര്‍ക്ക് നിര്‍വ്വഹിക്കാനുള്ളത് എ.കെ.ജിയെപോലെയുള്ളവര്‍ തെളിയിച്ച കാലടിപ്പാതകള്‍ പിന്തുടര്‍ന്ന് തെളിയിക്കുകയായിരുന്നു അടുപ്പക്കാരുടെ അമ്പാടി വിശ്വം എന്ന വി വിശ്വനാഥമേനോന്‍.

1967ല്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍നി് സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച് കോണ്‍ഗ്രസ് നേതാവ് എ.എം തോമസിനെ 16,000ല്‍പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് വിശ്വനാഥമേനോന്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. അന്ന് ലോകസഭയില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ 9 അംഗങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു സീറ്റൊഴിച്ച് മറ്റെല്ലാം സി.പി.എം ഉള്‍പ്പെട്ട സപ്തകക്ഷി മുണിയില്‍നിന്നുള്ളവരായിരുന്നു.

എന്നാല്‍ 2003ല്‍ അതേ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും പരാജയപ്പെട്ടതും വ്യക്തിപരമായി അദ്ദേഹത്തിനും ഇടതുപക്ഷത്തിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. സി.പി.എമ്മിലെ വിഭാഗീയത കത്തിയാളിയിരുന്ന സമയത്ത് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ വി.ബി ചെറിയാന്റെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരികവേദിയുടെ സ്ഥാനാര്‍ത്ഥിയായാണ് വിശ്വനാഥമേനോന്‍ പ്രത്യക്ഷപ്പെട്ടത്. ആദര്‍ശാധിഷ്ഠിതമായ ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിന്റെ ആഹ്ലാദാരവങ്ങള്‍ ഉയരുംമുമ്പുതന്നെ കെട്ടടങ്ങി. വിശ്വനാഥ മേനോന് ബി.ജെ.പി പിന്തുണ പ്രഖ്യാപിക്കുകയും ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിലകൊള്ളുകയും ചെയ്തു. പതിറ്റാണ്ടുകളുടെ വിപ്ലവ രാഷ്ട്രീയ ചിത്രത്തില്‍നിന്ന് ആ സംഭവം വി വിശ്വനാഥ മേനോനെ പെട്ടെന്നു വകഞ്ഞുമാറ്റി. ആ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നെന്ന് തിരിച്ചറിയാനും ഏറ്റു പറയാനും അദ്ദേഹം തയാറായി. തെറ്റു പറ്റുന്നത് തിരിച്ചറിയുന്ന ആളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന അപൂര്‍വ്വ മാതൃകയായാണ് പിന്നീട് അദ്ദേഹം നമുക്കിടയില്‍ ജീവിച്ചത്.

നീണ്ടകാലത്തെ വ്യക്തി-രാഷ്ട്രീയ ബന്ധമുള്ള ഒരാളെന്ന നിലയില്‍ നീതിയുടെയും സത്യത്തിന്റെയും ഭാഗത്ത് ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും നിലകൊണ്ട ആ മനുഷ്യ സ്‌നേഹിയുടെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top