Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****   

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ 4): അബൂതി

May 9, 2019

pen4പുതുമഴയ്ക്ക് മുന്‍പേ പുര മേഞ്ഞിരുന്നു. എന്നിട്ടും തിമര്‍ത്തു പെയ്യുന്ന മഴ ഞങ്ങളെ ചെറുതായി നനയ്ക്കാറുണ്ടായിരുന്നു. പിഞ്ഞിത്തുടങ്ങിയ കരിമ്പടത്തിനുളിലും തണുക്കുമ്പോള്‍, ഞാന്‍ ശാരദക്കുട്ടിയെ കെട്ടിപ്പിടിച്ച് കിടക്കും. തൊട്ടപ്പുറത്തെ അച്ഛനുമമ്മയും കിടക്കുന്ന മുറിയില്‍ നിന്നും ചില രാത്രികളില്‍ എനിക്ക് തിരിച്ചറിയാനാവാത്ത ശബ്ദങ്ങള്‍ കേള്‍ക്കാം. ചില കുശുകുശുക്കലുകള്‍. ചിലപ്പോള്‍ കുറച്ച് നേരം മാത്രം. ചിലപ്പോള്‍ ഒരുപാട് നേരം. ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു. ഇപ്പോഴെനിക്കറിയാം, അതെന്താണെന്ന്. അച്ഛനമ്മമാര്‍ക്കിടയില്‍ അത് സാധാരണമാണെന്ന്.

ഈയടുത്ത കാലത്തായി അത്തരം ചില രാത്രികളില്‍ എന്‍റെ മനസ്സിലേക്ക് അച്ഛന്‍റെ സ്ഥാനത്ത് സുകുവും അമ്മയുടെ സ്ഥാനത്ത് താനും കടന്ന് വരാറുണ്ട്. നിറമില്ലാത്ത രണ്ടു നിഴല്‍രൂപങ്ങള്‍. ആ ചിന്ത ഉടലിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നില്‍ അമ്പരപ്പുണ്ടാക്കാറുണ്ട്. പിന്നെ ഞാനോര്‍ക്കും. അയ്യേ.. എന്തൊക്കെയാ ഞാനീ ആലോചിച്ച് കൂട്ടുന്നെ.. ഈശ്വരാ.. പൊറുക്കണേ.. അങ്ങിനെ ചിന്തിച്ച്, ശാരദക്കുട്ടിയെ തന്നിലേക്ക് കൂടുതല്‍ പറ്റിച്ചു ചേര്‍ന്ന് കിടക്കും.

സ്കൂള്‍ തുറന്നിരുന്നു. സ്കൂളില്‍ പുതിയ കൂട്ടുകാരികളെ കിട്ടി എനിക്ക്. പഴയ ചിലരെ നഷ്ടപ്പെട്ടു. പത്താം ക്ലാസ്സിലാണ്. നല്ലോണം പഠിക്കണം. നല്ല മാര്‍ക്ക് വാങ്ങി പാസാവണം. കോളേജില്‍ പോവണം. എന്‍റെ സ്വപ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. സ്കൂളില്‍ എന്നെ ചുറ്റിപറ്റി ചില ചെറുക്കന്മാര്‍ ഉണ്ടായിരുന്നു. അതൊക്കെ ഒരു തമാശയായേ ഞാന്‍ കണ്ടുള്ളൂ. അമ്മയുടെ ആധിയുടെ കാരണം എനിക്കിപ്പോള്‍ ഏറെക്കുറെ തെളിഞ്ഞു മനസ്സിലായിരുന്നു. നല്ല നേരത്ത് അമ്മ പറയാറുണ്ട്.

മോളെ നീ നല്ലോണം സൂക്ഷിക്കണം. ഈ മുറ്റം കഴിഞ്ഞാല്‍ പിന്നെ നീ കാണുന്ന ആളുകള്‍ക്ക് നീ കരുതുന്ന സ്വഭാവമായിരിക്കില്ല. മനുഷ്യന്‍റെ ഉള്ളറിയാന്‍ നമുക്കാവില്ല. നമുക്കൊരു ചതി പറ്റാതിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണെന്ന്. ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും അമ്മയെയും അച്ഛനേയും വിഷമിപ്പിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ പഠനമല്ലാതെ മറ്റൊന്നും സ്കൂളില്‍ എന്നെ ആകര്‍ഷിച്ചില്ല. പഠിക്കണം, ഒരു ടീച്ചറാവണം. എന്‍റെ സ്വപ്നത്തിന് നല്ല തെളിമയുണ്ടായിരുന്നു അന്നൊക്കെ.

മഴ പെയ്തു തീര്‍ന്ന പോലെ… ആകാശത്ത് നിന്നും കാര്‍മേഘങ്ങള്‍ അകന്നു പോയി. തെളിഞ്ഞ വാനം ഗ്രാമത്തിന്‍റെ വയലുകളിലേക്ക് സൂര്യവര്‍ഷം ചൊരിഞ്ഞു. മഴക്കാലം കഴിഞ്ഞില്ലല്ലോ എന്ന് അച്ഛനും മറ്റു കര്‍ഷകരും പരിഭവിച്ചു. നട്ടുനനച്ചുണ്ടാക്കിയതൊക്കെ വെയിലേറ്റ് വാടുമോ എന്നവര്‍ ഭയന്നു. ഇപ്പോഴിപ്പോള്‍ വര്‍ഷവും വേനലുമൊക്കെ തോന്നിയ പടിയാണെന്ന് കണാരേട്ടന്‍ മുറുമുറുത്തു. അമ്മയുടെ ആധിയും ചൂടും പിന്നെയും ജാസ്തിയായി. അത് ശാസനകളായും ചില്ലറ കെവേലകളായും എനിക്കും ശാരദക്കുട്ടിക്കും കിട്ടിക്കൊണ്ടേയിരുന്നു.

അന്നൊരു ദിവസം. ഞാന്‍ ശപിക്കപ്പെട്ട ദിവസം. ഞാനൊരു അഗാധ ഗര്‍ത്തത്തിലേക്ക് വഴുതി വീണ ദിവസം. സെപ്റ്റംബറിലെ ഒരു കറുത്ത ദിവസം. രണ്ടാഴ്ചയോളം മഴപെയ്യാതിരുന്ന ആകാശത്ത് അന്ന് രാവിലെ കറുത്ത കാട്ടാനകള്‍ പോലുള്ള മേഘങ്ങള്‍ മുരള്‍ച്ചയോടെ ഉരുണ്ടുകൂടിയിരുന്നു. പക്ഷെ വൈകുന്നേരം വരെ മഴ പെയ്തതേ ഇല്ല.

സ്കൂള്‍ വിട്ടപ്പോള്‍ തിമര്‍ത്തു പെയ്യുന്ന മഴ എന്‍റെ ഉടുപ്പിന്‍റെ ഭൂരിഭാഗവും നനച്ചിരുന്നു. ബസ്സിറങ്ങി കുടചൂടി ഞാന്‍ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോഴേക്കും മഴ ദുര്‍ബലമായിരുന്നു. സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. അവിടെ വീടിന്‍റെ ഇറയത്ത് മഴ തോരന്‍ കാത്തു നില്‍ക്കുന്ന കണാരേട്ടനുണ്ടായിരുന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി മാറിലടക്കിപ്പിടിച്ച പുസ്തകകെട്ടുമായി ഞാന്‍ ചെല്ലവേ അമ്മ ശകാരിക്കും എന്ന് ഞാന്‍ ഭയന്നു. പക്ഷെ….

വീടിന്‍റെ അകത്തേക്ക് കയറിയ ഞാന്‍ കണ്ടത്, കാലിലൊരു വലിയ കെട്ടുമായി അകത്തിരിക്കുന്ന അച്ഛന്‍റെ സമീപം നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന അമ്മയെ ആണ്. എന്‍റെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങിക്കിടന്നു. അച്ഛന്‍ എന്നെ നോക്കി തളര്‍ന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു.

‘ഇനി മോളെ വക കൂടി വേണ്ട. അമ്മയുടെ വക കഴിഞ്ഞതേ ഉള്ളൂ. അച്ഛനൊന്നും പറ്റിയിട്ടില്ല. അരിവാളൊന്ന് കെ തെറ്റി. ഒരു അഞ്ചാറ് തയ്യലുണ്ട്. അത്രയേ ഉള്ളൂ.’

എനിക്ക് സങ്കടം കൂടിക്കൂടി വന്നു. അച്ഛന്‍റെ മുന്‍പില്‍ കരയാന്‍ മടിയായതോണ്ട് മെല്ലെ അടുക്കളയിലേക്ക് ചെന്നു. പിന്നെ ശബ്ദമില്ലാതെ കരഞ്ഞു. അല്‍പ നേരം കഴിഞ്ഞപ്പോള്‍ കാണാരേട്ടന്‍ വിളിച്ചു പറയുന്നത് കേട്ടു.

‘ഞനിറങ്ങുകയാ വാസൂട്ടാ.. മഴ ഒന്ന് നിന്നിട്ടുണ്ട്. ചെന്നിട്ട് റേഷന്‍ വാങ്ങാന്‍ പോണം. ഞാന്‍ നാളെ വരാട്ടോ..’

‘നിക്കെടാ.. ഒരു ചായ കുടിച്ചിട്ട് പോകാന്ന്…’

അച്ഛന്‍റെ ഉച്ചത്തിലുള്ള ശബ്ദം.. പിന്നെ അമ്മയോടാവും ശബ്ദം താഴ്ത്തി ചോദിക്കുന്നത് കേട്ടു.. ‘ഇവിടെയിരുന്നിങ്ങനെ കണ്ണ് കലക്കാതെ ഒരു ചായ അനത്തികൊടുക്കെന്‍റെ പെണ്ണെ..’

കണാരേട്ടന്‍ മുറ്റത്ത് നിന്നും വിളിച്ചു പറഞ്ഞു.. ‘വേണ്ടാട്ടോ.. ഞാന്‍ ദാ എറങ്ങി.’

അടുക്കളയില്‍ നിന്നും ഞാനെത്തി നോക്കുമ്പോള്‍ കണ്ടു, മുറ്റം കടന്ന് പോകുന്ന കണാരേട്ടനെ. അടുക്കളയിലേക്ക് വന്ന അമ്മ സങ്കടം മുറ്റിയ നേര്‍ത്ത ശബ്ദത്തില്‍പറഞ്ഞു..

‘നീ ചായ കുടിക്ക് മോളെ.. ആ പാത്രത്തില്‍ കൊള്ളിയുണ്ട്…’

അമ്മയുടെ മുഖത്ത് നോക്കിയപ്പോള്‍ കണ്ടു. രണ്ടരുവികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി താടിയിലൊന്നു ചേരുന്നു. എനിക്ക് സങ്കടം കൂടിവന്നു. ഞാനും നിശബ്ദയായി കരഞ്ഞപ്പോള്‍ അമ്മ അടുത്തു വന്ന്, എന്‍റെ തലമുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു.

‘എന്തിനാടീ,, അച്ഛനൊന്നൂല്ല.. അച്ഛനൊന്നൂല്ല..’

അവസാനത്തെ വാക്കിന് അമ്മയുടെ ഒച്ചയിടറി. അമ്മ മെല്ലെ അവിടന്ന് അച്ഛന്‍റെ അടുത്തേക്ക് തന്നെ പോയി. അകത്ത് അച്ഛന്‍ ചോദിക്കുന്നത് കേട്ടു. ‘മോള്‍ക്ക് വല്ലതും കൊടുത്തോ നീയ്?’

അമ്മയൊന്ന് മൂളുക മാത്രം ചെയ്തു. ശാരദക്കുട്ടി അച്ഛനോട് ഇടയ്ക്കിടയ്ക്ക് ആശുപതിക്കാര്‍ അച്ഛനെ സൂചി വച്ചോ, അച്ഛന് വേദനിച്ചോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ എല്ലാറ്റിനും ചിരിച്ചുകൊണ്ട് മറുപടി പറയുന്നുമുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അമ്മ അച്ഛനോട് പറയുന്നത് കേട്ടു..

‘അയ്യോ, മരുന്നൊക്കെ എവിടെയാ… കണാരേട്ടന്‍ മരുന്നുപൊതി അറിയാതെ കൊണ്ടോയീന്നാ തോന്നുന്നെ..’

‘അതവിടെയെവിടെയെങ്കിലും ഉണ്ടാകും. ഇയ്യൊന്ന് സമാധാനായി നോക്ക്..’ എന്നച്ഛന്‍ പറയുന്നത് കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെന്നത്. മുക്കിലും മൂലയിലുമൊക്കെ അമ്മയും ഞാനും മരുന്ന് പൊതി തിരഞ്ഞെങ്കിലും കണ്ടില്ല. അവസാനം അത് കണാരേട്ടന്‍ കൈയ്യിലെ പ്ലാസ്റ്റിക് കീസില്‍ പെട്ടിരിക്കും എന്ന് ഉറപ്പിച്ചു. അമ്മയാണ് പറഞ്ഞത്.

‘മോളെ വേഗം ഓടിച്ചെന്ന് ആ മരുന്നെടുത്തിട്ട് വാ.’

അച്ഛന്‍ വിലക്കി.. ‘ഹേയ്.. അതൊന്നും വേണ്ട.. മോന്തിയാവാറായി.. നീയിപ്പോ ഒറ്റയ്ക്ക് പോകണ്ട.’

ഞാന്‍ ആവേശത്തോടെ പറഞ്ഞു.. ‘എനിക്ക് പേടിയൊന്നൂല്ലച്ഛാ… ഞാന്‍ ദാ ഓടിപ്പോയി കൊണ്ട് വരാം..’

ഞാന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ശാരദക്കുട്ടി ഞാനുമുണ്ട് എന്ന് പറഞ്ഞ് ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. ‘നീ പോണ്ട.. കുട്ടികളെ പിടിക്കുന്ന കുറുക്കന്മാരുണ്ടാവും.. ചേച്ചി ഇപ്പൊ വരും ട്ടോ..’

അവളുടെ കരച്ചില്‍ എന്‍റെ പിന്നില്‍ നേര്‍ത്തു നേര്‍ത്തില്ലാതായി. ഞാന്‍ അതിവേഗം നടക്കുകയായിരുന്നു. പാടവരമ്പത്ത് കൂടെ നടക്കുമ്പോള്‍, സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. വാഴത്തോട്ടങ്ങളില്‍ ഇരുള്‍ ഭയാനകമായ രീതിയില്‍ ഒളിച്ചിരുന്നു. വാഴത്തേനുണ്ണാന്‍ വവ്വാലുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. അവ തലയ്ക്കു മുകളിലൂടെ പറന്നു നടക്കുകയാണ്. പെട്ടെന്നാണ് മഴ പിന്നെയും പെയ്ത് തുടങ്ങിയത്. ഞാന്‍ നനഞ്ഞു പോയി.

ഓടിക്കിതച്ച് കണാരേട്ടന്‍റെ വീട്ടുമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോള്‍ കണാരേട്ടന്‍ ഒരു കുടയും കൈയ്യിലൊരു പൊതിയുമായി മുറ്റത്തേക്കിറങ്ങുകയായിരുന്നു. നനഞ്ഞൊട്ടി വന്ന എന്നെ കണ്ട് കണാരേട്ടന്‍ അമ്പരന്നു പോയി.

‘തെന്ത് കോലാ മോളെ ഇത്.. മരുന്നിനാണോ വന്നത്. ഞാന്‍ വരൂലെ… ആകെ നനഞ്ഞൂലൊ.. ഒരു കാര്യം ചെയ്യ്.. ഒന്ന് തോര്‍ത്തീട്ട് പോയാ മതി. ദാ.. ആ അയലില്‍ തോര്‍ത്തുണ്ട്.’

ഞാന്‍ ഇറയത്തെ അയലില്‍ നിന്നും തോര്‍ത്തെടുത്ത് തല തുവര്‍ത്തുന്നതിനിടയില്‍ ചോദിച്ചു.

‘ദേവേച്ചിയും സുന്ദരനും എന്തെ കണാരേട്ടാ…’

‘ആ അവര് മിഞ്ഞാന് ഓളോടെ പോയതാ… ഇന്ന് വരാന്നാ പറഞ്ഞെ.. മഴായോണ്ടാവും.. നാളെ വരുമായിരിക്കും..’

എനിക്ക് തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. മുറ്റത്ത് നിന്ന് ബീഡി വലിച്ച് കൊണ്ടിരിക്കെ കണാരേട്ടന്‍ പറഞ്ഞു.

‘ആ മറപ്പുരേ കേറി ഉടുത്തതൊക്കെ ഒന്ന് പിഴിഞ്ഞോ… തണുപ്പടിച്ച് ഇനി പണി വരണ്ട. ആ, അല്ലെങ്കി വേണ്ട.. അവിടെ ഇരുട്ടാവും. ഇനി ഇഴജാതി വല്ലതും ഉണ്ടെങ്കിലോ.. ഇന്നാ നീയകത്തേക്ക് കേറിക്കോ..’

എനിക്കെന്തെങ്കിലും പറയാനാവും മുന്‍പേ കണാരേട്ടന്‍ വാതില്‍ തുറന്നു. ഞാന്‍ ഒന്ന് മടിച്ച് നിന്നെങ്കിലും നനഞ്ഞ ഉടുപ്പുമായി തിരിച്ചു പോകാന്‍ മടിയായ കാരണം വീടിന്‍റെ അകത്തേക്ക് കയറി. ഭൂമിയിലെ സകല ചെകുത്താന്മാരും അവിടെ ഒരുമിച്ച് കൂടിയിട്ടുണ്ടാവണം. അല്ലായിരുന്നെങ്കില്‍ എനിക്കങ്ങനെ ഒരു ബുദ്ധിമോശം വരേണ്ട കാര്യമില്ലല്ലോ. അച്ഛനെപ്പോലെ ഞാന്‍ കണ്ട ഒരാളെയും, പെണ്‍കുട്ടി എന്ന നിലയില്‍ ഞാന്‍ പേടിക്കേണ്ടതുണ്ട് എന്ന് ഞാനറിയാതെ പോയല്ലോ.

അകത്ത് കയറി ഞാന്‍ ഉടുപ്പ് പിഴിഞ്ഞ് കൊണ്ടിരിക്കെ എന്‍റെ പിന്നിലൊരനക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത്. കണാരേട്ടന്‍റെ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. വിറയ്ക്കുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു..

‘ഇനി നമുക്ക് തണുപ്പൊക്കെ മാറ്റിയിട്ട് പോകാം മോളെ…’

എന്താണ് സംഭവിക്കുന്നത് എന്നാദ്യം എനിക്ക് മനസ്സിലായില്ല. ഒരു ഇരുമ്പ് കൂടം കൊണ്ട് തലയ്ക്ക് അടിയേറ്റത് പോലെ ആകെ ഒരു മരവിപ്പിലായിരുന്നു ഞാന്‍. പുറത്ത് അപ്പോള്‍ ശക്തമായി പെയ്യുന്ന മഴയായിരുന്നു. ഞാന്‍ കുതറി നോക്കി. ശബ്ദമുണ്ടാക്കി വിലക്കി നോക്കി. അയാളുടെ പരുപരുത്ത കൈകള്‍ എന്‍റെ ഷമ്മീസിന്‍റെ ഉള്ളിലേക്ക് പടര്‍ന്നു കയറുന്നത് ഞാനറിഞ്ഞു. ആ കെകള്‍ക്ക് ചൂടുണ്ടായിരുന്നു. പതുക്കെ പതുക്കെ ആ ചൂട് എന്‍റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി. ആ മുഖത്തെ മീശ എന്‍റെ മുഖത്ത് കുത്തി നോവിക്കുന്നുണ്ടായിരുന്നു. എനിക്ക് എവിടെയൊക്കെയോ വേദനിക്കുന്നുണ്ടായിരുന്നു. ചരല്‍ വാരിയെറിയുന്ന പോലെ മഴത്തുള്ളികള്‍ ഓടിന്‍റെ മുകളില്‍ വീഴുന്ന ശബ്ദം ഒരു രുദ്രതാളം പോലെ ഞാന്‍ കേട്ടു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top