Flash News

സംഘ് പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു (ലേഖനം)

May 10, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

modi velluviliരാജ്യമാകെ ചുറ്റിയടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് 2019ലെ ജനവിധിയുടെ മൂന്നു സാധ്യതകള്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഡല്‍ഹിയില്‍ പ്രവചിച്ചത്. ഒന്ന്: ബി.ജെ.പിക്ക് ലോകസഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കും. രണ്ട്: 2014ല്‍ നേടിയതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കും. മൂന്ന്: എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ വോട്ടുകളും സീറ്റുകളും ലഭിക്കും.

തന്റെ അഞ്ചുവര്‍ഷക്കാല ഭരണ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴെതട്ടില്‍ ലഭിച്ചതിന്റെയും താഴെ തട്ടില്‍നിന്നുള്ള പ്രതികരണം നേരിട്ട് മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് കണക്കുകള്‍ എന്ന് മോദി പറഞ്ഞു. ‘ടൈംസ് നൗ’ ചാനലിന്റെ ലേഖികയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന മാര്‍ച്ച് 28 മുതല്‍ എല്ലാ സംസ്ഥാനങ്ങളും പലവട്ടം സന്ദര്‍ശിച്ച് പ്രചാരണം നടത്തിവരുന്ന മോദി അവകാശവാദം ഉന്നയിച്ചത്. മെയ് 12നും 19നും 59 മണ്ഡലങ്ങളില്‍വീതം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് മോദി ആദ്യമായി പ്രഖ്യാപിച്ചത്.

ഇതിന്റെ പശ്ചാത്തലം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികളാകെ. അതുകൊണ്ട് ലോകസഭയില്‍ ഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കരുതെന്ന് ആവശ്യപ്പെടാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിരിക്കയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് രൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായ കൂടിയാലോചനകള്‍ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവര്‍ രണ്ടുവഴിക്ക് നീക്കം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ചന്ദ്രബാബു നായിഡു കണ്ടതും കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചന്ദ്രശേഖര്‍ റാവു കണ്ട് ചര്‍ച്ച നടത്തിയതും ഇതിന്റെ തുടക്കമായിരുന്നു.

മോദിയുടെ കണക്കനുസരിച്ചാണെങ്കില്‍ മെയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ മോദി ഗവണ്മെന്റ് രണ്ടാമൂഴം ഉറപ്പാക്കും എന്നര്‍ത്ഥം. മതനിരപേക്ഷ ഗവണ്മെന്റോ ഫെഡറല്‍ മുന്നണി ഗവണ്മെന്റോ രൂപീകരിക്കാന്‍ ശ്രമം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ചിത്രത്തില്‍ ഉണ്ടാകുകയുമില്ല. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 283 സീറ്റും (33 ശതമാനം വോട്ടും) എന്‍.ഡി.എയ്ക്ക് മൊത്തം 336 സീറ്റും ലഭിച്ച സാഹചര്യത്തില്‍. മോദിയുടെ അവകാശവാദം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദത്തിന് മറുപടിയാണെന്ന് തോന്നാമെങ്കിലും ആര്‍.എസ്.എസിനും സംഘ് പരിവാര്‍ നേതൃത്വത്തിനും മോദിയില്‍നിന്നുള്ള കൃത്യമായ മറുപടികൂടിയാണ് ഇത്.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്ന ജനറല്‍ സെക്രട്ടറി രാം മാധവന്റെ പ്രസ്താവന വന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. 424 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു കഴിഞ്ഞതിനു പിറകെ പാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ചത്. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച സംഘ് പരിവാറിന്റെ ഏറ്റവും ഒടുവിലത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാം മാധവിന്റെ മാറിയ നിലപാടെന്നതു വ്യക്തമാണ്. 116 ലോകസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാര്‍ട്ടികളെ വിഭ്രമിപ്പിക്കുക മാത്രമല്ല സംഘ് പരിവാര്‍ നേതൃത്വത്തിനും ബി.ജെ.പി നേതൃത്വത്തില്‍ അതൃപ്തരായി അവസരം കാത്തുനില്‍ക്കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കുകയാണ് മോദി ചെയ്തത്. ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പിന്‍ബലം കുറയുന്നത് നികത്താന്‍ തന്നെ മാറ്റിനിര്‍ത്തി ആരുമായും ധാരണയുണ്ടാക്കാന്‍ അനുവദിക്കില്ലെന്നതാണ് സംഘ് പരിവാറിന് മോദി നല്‍കിയ സന്ദേശത്തിലെ താക്കീതും വെല്ലുവിളിയും.

2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ പ്രത്യേകത ശ്രദ്ധിക്കേണ്ടതുണ്ട്. മഹാസഖ്യം ഉണ്ടായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിലും പ്രതിപക്ഷം പലയിടങ്ങളിലും പരസ്പരം എതിര്‍ക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ പരമാവധി യോജിപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തില്‍ ഒരു ഗവണ്മെന്റ് വീണ്ടും അധികാരത്തില്‍ വന്നുകൂട എന്ന കാര്യത്തില്‍ ആദ്യന്തം രൂപപ്പെട്ടിട്ടുള്ള പൊതു യോജിപ്പാണത്. പ്രാദേശിക കക്ഷികള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തോല്പിച്ച് പരമാവധി സീറ്റുകള്‍ നേടുമെന്ന സവിശേഷത 2019ലെ തെരഞ്ഞെടുപ്പിനുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലമായ പുതിയ യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയോ അല്ലാതെയോ സംസ്ഥാനങ്ങള്‍ക്ക് ശക്തിപകരുന്ന ഒരു കേന്ദ്ര സര്‍ക്കാറിന് രൂപം നല്‍കാന്‍ പരിശ്രമിക്കുന്നു. തെലങ്കാനയിലെ ചന്ദ്രശേഖര്‍ റെഡ്ഢിയുടെ ടി.ആര്‍.എസിനെയും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കക്ഷിയേയും ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയേയും കൂടെനിര്‍ത്തി പുതിയൊരു എന്‍.ഡി.എ ഗവണ്മെന്റ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൊണ്ടുവരാനുള്ള നീക്കം ആര്‍.എസ്.എസ് – സംഘ് പരിവാര്‍ നടത്തുന്നുമുണ്ട്.

ഇതിന്റെയൊക്കെ സാധ്യത തകര്‍ക്കുക എന്നതാണ് പുറമെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി നടത്തിയിട്ടുള്ള പ്രസ്താവനയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം. തെരഞ്ഞെടുപ്പിന്റെ ഗതി ആര്‍.എസ്.എസ് നേതൃത്വത്തിനും മോദിക്കും ഒരുപോലെ വ്യക്തമായിട്ടുണ്ടെങ്കിലും, മോദിയുടെ നേതൃത്വത്തില്‍ രണ്ടാമതൊരു സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ പുതുതായി പ്രതിപക്ഷത്തുനിന്നാരും മുന്നോട്ടുവരില്ലെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇരുകൂട്ടരുടെയും വിരുദ്ധമായ ഈ നിലപാട്. ഈ സ്ഥിതിയില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകണമെങ്കില്‍ മോദിക്കുപകരം മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവെക്കുകയോ കണ്ടെത്തുകയോ വേണ്ടിവരുമെന്ന് ആര്‍.എസ്.എസ് – സംഘ് പരിവാര്‍ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുമെന്ന് സംഘ് പരിവാര്‍ ഉത്ക്കണ്ഠപ്പെടുന്നു.

തന്റെ നില ഏതു വിധേനയും ശക്തിപ്പെടുത്താനുള്ള പ്രചാരണത്തിലാണ് മോദി തുടര്‍ന്നും ഏര്‍പ്പെട്ടിട്ടുള്ളത്. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും ഒന്നാം നമ്പര്‍ ശത്രുവായി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏറ്റുപിടിക്കുന്നതിന് 28 വര്‍ഷംമുമ്പ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയെതന്നെയാണ് രാജ്യദ്രോഹിയും അഴിമതിക്കാരനുമായി വീണ്ടും വീണ്ടും മോദി അവതരിപ്പിക്കുന്നത്. അടുത്ത ദിവസം വരെ മോദിയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുകയും മോദിയെ പുകഴ്ത്തുന്നതില്‍ മത്സരിക്കുകയും ചെയ്ത ദേശീയ ചാനലുകള്‍തന്നെ മോദിയുടെ ഈ നിലപാടിനെ അതിശക്തമായി അപലപിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുമുമ്പ് ഉണ്ടായെന്ന് ആരോപിക്കുന്ന വിഷയങ്ങളുടെ പേരില്‍ വോട്ടു ചോദിക്കുന്നതിനെ അവര്‍ പരിഹസിക്കാന്‍ തുടങ്ങി. അഞ്ചു വര്‍ഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങള്‍ പറഞ്ഞ് വോട്ടുതേടാന്‍ മോദി തയാറാകാത്തതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ദൃശ്യ മാധ്യമങ്ങളും ശക്തമായി വിമര്‍ശിക്കാന്‍ തുടങ്ങി. സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത മരണപ്പെട്ടവരെ വോട്ടിനുവേണ്ടി രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന മോദിയുടെ മാതൃക രാജ്യത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്ത ക്രൂരതയാണെന്ന വിമര്‍ശം രാഷ്ട്രീയത്തിനതീതമായി രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതാണോ തെരഞ്ഞെടുപ്പില്‍ ഇനി മോദിയേയും ബി.ജെ.പിയേയും സഹായിക്കുക എന്ന ചോദ്യം വ്യാപകമാകുകയാണ്.

ഇന്ത്യയുടെ വിമാന വാഹിനി കപ്പലായിരുന്ന ഐ.എന്‍.എസ് വിരാട് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞശേഷമാണ് വിദേശിയെ കയറ്റി അശുദ്ധമാക്കിയെന്ന കഥ ബി.ജെ.പി ഗവണ്മെന്റുകളുടെ മൊത്തം 12 വര്‍ഷ ഭരണത്തിനുശേഷം മോദി ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ക്കാണോ മോദിയുടെ ഭരണത്തിന്റെ ബാലന്‍സ്ഷീറ്റിനാണോ അടുത്ത രണ്ടു ഘട്ടങ്ങളില്‍ ശേഷിക്കുന്ന വോട്ടര്‍മാര്‍ വിധിയെഴുതുക എന്നതാണ് ഇനി കാണാനുള്ളത്.

ഡല്‍ഹി -7, ഹരിയാന – 10, ജാര്‍ഖണ്ഡ് – 7, യു.പി – 27, മധ്യപ്രദേശ് – 16, ബിഹാര്‍ – 16, വെസ്റ്റ് ബംഗാള്‍ -17, പഞ്ചാബ് – 13, ഹിമാചല്‍ – 4, ഛണ്ഡിഗഡ് – 1 എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top