Flash News

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ മോഷണം പോയതായി പരാതി

May 10, 2019

unnithan-794895കാസര്‍ഗോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ മോഷണം പോയെന്ന് കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പ്പറമ്പിലെ വാടക വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് പരാതി. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഉണ്ണിത്താന്‍ ഇത് സംബന്ധിച്ച പരാതി നല്‍കി. ഉണ്ണിത്താന്‍ നേരിട്ടല്ല, സഹായി മുഖാന്തരമാണ് പരാതി നല്‍കിയിരിക്കുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പു ഫണ്ട് കെകാര്യം ചെയ്തിരുന്നത് പൃഥ്വിരാജും സംഘവുമാണ്. ഫണ്ടിന്‍റെ കണക്കില്‍ എട്ടു ലക്ഷത്തിന്‍റെ കുറവുണ്ടായപ്പോള്‍ ഉണ്ണിത്താന്‍ പൃഥ്വിരാജിനോട് ചോദിച്ചു. പൃഥ്വിരാജ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഉണ്ണിത്താന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പരാതി ശരിയാണെന്ന് ഉണ്ണിത്താനുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. ഉണ്ണിത്താന്‍റെ അടുത്ത അനുയായിയാണ് പൃഥ്വിരാജ്. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കെമാറിയിട്ടുണ്ട്.

പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. താന്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടില്ല എന്നാണ് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് പൃഥ്വിരാജ്. മനഃസാക്ഷി സൂക്ഷിപ്പുകാരനായ പൃഥ്വിരാജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും മാധ്യമപ്രവര്‍ത്തകരോട് ഉണ്ണിത്താന്‍ നിഷേധിക്കുന്നതില്‍ ദുരൂഹതയുണ്ട്. പണം തട്ടിയെടുത്തുവെന്ന പരാതിക്കു പിന്നില്‍ ചില അണിയറ സംഭവങ്ങളുണ്ടെന്ന് കാസര്‍കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് സ്ഥാനാര്‍ഥിയായി വന്നതുമുതല്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തെച്ചൊല്ലി പ്രശ്നങ്ങളാണ്. ജില്ലയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഒടുവില്‍ ഉണ്ണിത്താനെ അംഗീകരിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റുമെന്ന് കെപിസിസി ഉറപ്പു നല്‍കിയെന്നു പറഞ്ഞാണ് ഒരുവിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭക്ഷണം കിട്ടിയില്ലെന്നും ഡിസിസി നേതാക്കള്‍ സഹായിക്കുന്നില്ലെന്നും പറഞ്ഞ് ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് വിലപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവിന് മൂന്നു കോടി രൂപ നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് ഉണ്ണിത്താന്‍ പരാതിപ്പെട്ടതും വാര്‍ത്തയായി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top