Flash News

കാര്‍മേഘങ്ങള്‍ക്ക് പിറകെ 1987-ലെ ഡിജിറ്റല്‍ ക്യാമറയും ഇന്റര്‍നെറ്റും; പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രളയം

May 13, 2019

New-Project-2019-05-13T221743.231-1ന്യൂഡല്‍ഹി: കാര്‍മേഘങ്ങളുടെ മറവില്‍ റഡാറുകളെ കബളിപ്പിച്ചു എന്ന അബദ്ധത്തിന് ശേഷം പുതിയ വെടിപൊട്ടിച്ച് കുഴിയില്‍ ചാടി പ്രധാനമന്ത്രി നരേന്ദ്രമോദി. 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറയുപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് ‘ന്യൂസ് നേഷന്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല ആ ക്യാമറ ഉപയോഗിച്ച് ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ ഫോട്ടോയെടുത്ത് അതിനെ ഡല്‍ഹിയിലേക്ക് ഇമെയില്‍ ചെയ്‌തെന്നും മോദി പറഞ്ഞു. പതിവുപോലെ സോഷ്യല്‍ മീഡിയ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്. കാര്‍മേഘങ്ങളെ വച്ച് നോക്കുമ്പോള്‍ ഇതൊരല്‍പ്പം കടന്നു പോയി എന്ന് കൂടി വയ്ക്കുന്നു ചില കമന്റുകള്‍.

എന്നാല്‍ 1987-ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയതെന്നും അന്ന് അതിന് വന്‍ വിലയായിരുന്നുമെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയെന്നും വിമര്‍ശകര്‍ ആരായുന്നു. കൂടാതെ, വിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് 1995-ല്‍ ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

New-Project-2019-05-13T221912.278എങ്ങനെയാണ് ഒരു ഗാഡ്ജറ്റ് ഫ്രീക്ക് ആയതെന്ന ചോദ്യത്തിന് മോദി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാങ്കേതിക വിദ്യയോടും ഇലക്‌ട്രോണിക് ഉപകരണങ്ങളോടുമുള്ള തന്റെ പ്രണയം ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണെന്ന് മോദി പറയുന്നു. “ടച്ച് സ്‌ക്രീനില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേനകള്‍ 1990-കളില്‍ തന്നെ താന്‍ കൈകാര്യം ചെയ്തിരുന്നു. 1987 -88 കാലഘട്ടത്തില്‍ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലത്ത് ഡിജിറ്റല്‍ ക്യാമറകള്‍ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അഹമ്മദാബാദില്‍ എത്തിയപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. പിറ്റേ ദിവസം തന്നെ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു.”- തന്റെ കളര്‍ പ്രിന്റിലുള്ള ഫോട്ടോ കണ്ട അദ്വാനി അമ്പരന്നതായും മോദി അഭിമുഖത്തില്‍ പറഞ്ഞു.

എന്തായാലും രാഷ്ട്രീയക്കാര്‍ മാത്രമല്ല, പത്രപ്രവര്‍ത്തകരും, സാമ്പത്തിക, സാങ്കേതികവിദ്യാ രംഗങ്ങളിലെ വിദഗ്ധരടക്കം ഇതിനെതിരെ പരിഹാസം ഉയര്‍ത്തി കഴിഞ്ഞു. കനത്ത പരിഹാസമാണ് മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും, മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നത്.

സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രഹ്മണ്യ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്, പാശ്ചാത്യലോകത്തുപോലും 1988-ല്‍ ഇന്റര്‍നെറ് എന്നത് വിരലിലെണ്ണാവുന്ന ഉത്പതിഷ്ണുക്കളായ ധനാഢ്യര്‍ക്കു മാത്രം ലഭ്യമായിരുന്ന ഒരു ആഡംബരമായിരുന്നു. ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളില്‍ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോവും. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് ഔദ്യോഗികമായി എത്തുന്നത് 1995 -ലാണ്.

New-Project-2019-05-13T221825.712‘ഭൂലോക നുണയന്‍’ എന്നാണ് ഈ പരാമര്‍ശത്തിന്റെ പേരില്‍ ഒരു ട്വിറ്റര്‍ ഉപഭോക്താവ് മോദിയെ വിശേഷിപ്പിച്ചത്. ഈ വീമ്പ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നാണ് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകനായ സല്‍മാന്‍ സോസ് പറഞ്ഞത്.

മോദിയെ ഈ ഡിജിറ്റല്‍ ക്യാമറ അവകാശവാദത്തിന് പേരില്‍ കടന്നാക്രമിക്കുകയാണ് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. കൈയ്യില്‍ അഞ്ചു കാശില്ലാത്ത, സൂക്ഷിക്കാനും മാത്രം കാശ് കൈയ്യില്‍ വരാത്തതുകൊണ്ട് പേഴ്സുപോലും ഇല്ലായിരുന്നു എന്ന് നൊസ്റ്റാള്‍ജിയ പറയുന്ന പ്രധാനമന്ത്രി, 1988-ല്‍ ലക്ഷങ്ങള്‍ വിലയുള്ള ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയിരുന്നു എന്നും അതുവച്ച് തുരുതുരാ പടങ്ങള്‍ പിടിച്ചിരുന്നു എന്ന് പറയുന്നത് എത്ര വലിയ വിരോധാഭാസമാണ്..? എന്തും പറയാന്‍ മടിയില്ലാത്ത പ്രധാനമന്ത്രിയെ എങ്ങനെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വസിക്കാനാവുക.

ഷാഹിദ് അക്തര്‍ എന്ന ഒരാള്‍ എഴുതിയത് ഇങ്ങനെയായിരുന്നു. വിപണിയില്‍ വന്ന ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ 1990 -ല്‍ പുറത്തിറങ്ങിയ ഡൈകാം എന്ന മോഡലായിരുന്നു. പിന്നെ ലോജിടെക് ഫോട്ടോമാന്‍. പക്ഷേ, മോദിജി അത് 1988 -ല്‍ തന്നെ സ്വന്തമാക്കി. VSNL വഴി 1995 ഓഗസ്റ്റ് 14-നു മാത്രം ഇന്ത്യയില്‍ വന്ന ഇന്റര്‍നെറ്റും മോദിക്കു മാത്രം 1988-ലേ കിട്ടി. സത്യമെന്തെന്ന് ആരന്വേഷിക്കുന്നു. മോദിജി പറയുന്നത് എന്തോ അതാണ് സത്യം. ‘മോദിജിയുടെ വീരവാദങ്ങള്‍’ എന്നൊരു പുസ്തകം താമസിയാതെ പുറത്തിറങ്ങുമെന്ന് വരെയെത്തി പരിഹാസം.

1980-കളില്‍ മോദി ഉപയോഗിച്ചിരുന്ന ഇമെയില്‍ വിലാസം കണ്ടെത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. മോദി വാര്‍ത്താ സമ്മേളനം നടത്തിയാല്‍ ഇനിയും അബദ്ധങ്ങള്‍ പുറത്ത് വരുമെന്നും, അതൊഴിവാക്കാനാണ് മോദി പ്രസ് കോണ്‍ഫറന്‍സുകള്‍ ഒഴിവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ പുതിയ ചാകര കിട്ടിയ സന്തോഷത്തിലാണിപ്പോള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top