Flash News

ഭൂമി കൈവശപ്പെടുത്തിയ മകന്‍ മാതാപിതാക്കളെ കയ്യൊഴിഞ്ഞു; കളക്ടര്‍ ഭൂമി പിടിച്ചെടുത്ത് മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കി

May 14, 2019

old-age-homeകാസര്‍ഗോഡ്: മാതാപിതാക്കളില്‍ നിന്നും സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തിയശേഷം അവരെ സംരക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മകന്റെ ഭൂമി ജില്ല കളക്ടര്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് പാലാവയല്‍ മലാങ്കടവില്‍ പനന്താനത്ത് കെഎം എബ്രഹാമിന്റെ 1.80 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്ന 2007 ലെ നിയമത്തിന്റെ 23 ആം വകുപ്പ് പ്രകാരമാണ് ജില്ല കളക്ടര്‍ ഭൂമി പിടിച്ചെടുത്തത്.

മാതാപിതാക്കളായ അഗസ്തി കാരക്കാട്ടും ഏലിയാമ്മയും ദാനാധാര പ്രകാരം എബ്രഹാമിന് നല്‍കിയ ഭൂമിയാണ് കളക്ടര്‍ പിടിച്ചെടുത്തത്.  തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്ന് മകന്‍ എബ്രഹാം നല്‍കിയ ഉറപ്പിലാണ് പാലവയല്‍ വില്ലേജിലുള്ള ഭൂമി ഇവര്‍ കൈമാറിയത്.  2012ലായിരുന്നു ഭൂമി കൈമാറ്റം. എന്നാല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് കിട്ടിയതോടെ മകന്‍ നിലപാട് മാറ്റി. തന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അയാള്‍ വ്യക്തമാക്കി. വളരെ ക്രൂരമായാണ് എബ്രഹാം തങ്ങളോട് പെരുമാറുന്നതെന്നും വൃദ്ധരായ തങ്ങളെ അയാള്‍ മര്‍ദ്ദിക്കാറുണ്ടെന്നും കാണിച്ച് അഗസ്തിയും ഏലിയാമ്മയും പരാതി നല്‍കി.

കേസ് വിചാരണയ്ക്കു വന്നപ്പോള്‍ മാതാപിതാക്കളെ സംരക്ഷിച്ചുകൊള്ളാമെന്നു എബ്രാഹം പറഞ്ഞെങ്കിലും അഗസ്തിയും ഏലിയാമ്മയും അതു സമ്മതിച്ചില്ല. മകന് പതിച്ചു നല്‍കിയ ഭൂമി തങ്ങള്‍ക്ക് തിരികെ കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 1.80 ഏക്കര്‍ ഭൂമി കളക്ടര്‍ തിരികെ പിടിച്ചു വാങ്ങി മാതാപിതാക്കള്‍ക്ക് നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top