Flash News

ബന്ധുനിയമനത്തില്‍ ഗുരുതരമായ ആരോപണം നേരിട്ട ജലീല്‍ വീണ്ടും പ്രതിക്കൂട്ടില്‍; പീഡനക്കേസിലെ പ്രതിയെ സം‌രക്ഷിക്കുന്നുവെന്ന്

May 17, 2019

KTJaleel-45ബന്ധുനിയമനത്തില്‍ ആരോപണം നേരിട്ട മന്ത്രി കെ.ടി. ജലീല്‍ പീഡനക്കേസിലെ പ്രതിയെ സം‌രക്ഷിക്കുന്നുവെന്ന ആരോപണവുമായി ലീഗിന്റെ മറ്റൊരു പ്രക്ഷോഭംകൂടി തിരിഞ്ഞുകുത്തുന്നു. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍ യൂത്ത് ലീഗ് നേതാവാണ്. കൗണ്‍സിലറെ മന്ത്രി കെ.ടി ജലീല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്‌ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനം.

പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.വി യാസറാണ് ജില്ലാ കോടതിയില്‍ പോക്‌സോ കേസിലെ പ്രതി ഷംസുദ്ദീന്‍ നടക്കാവിലിന് വേണ്ടി ഹാജരാകുന്നത്. വിദേശത്ത് ഒളിവിലുള്ള ഷംസുദ്ദീന് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വക്കാലത്ത് നല്‍കിയത് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വ.ബി.എ ആളൂരാണ്. മലപ്പുറം ജില്ലയില്‍ ആളൂരിന് വക്കാലത്തുള്ള കേസില്‍ താനാണ് ഹാജരാകാറെന്നാണ് യൂത്ത് ലീഗ് നേതാവ് അഡ്വ. കെ.വി യാസറിന്റെ വിശദീകരണം. എന്നാല്‍ ഇത് യൂത്ത് ലീഗ് നേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

മന്ത്രി കെ.ടി ജലീലിന്റെ ഉറ്റ സുഹൃത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരിയിലെ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവ്. ജലീലുമായി നിയമസഭാ സമിതിയാത്രക്കൊപ്പം ഷംസുദ്ദീന്‍ അനുഗമിച്ചതിന്റെയും വിനോദയാത്രകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഷംസുദ്ദീന്റെ കാറില്‍ എം.എല്‍.എ ബോര്‍ഡൊട്ടിച്ച് ജലീലും ഷംസുദ്ദീനും നില്‍ക്കുന്ന പടങ്ങളും വിവാദമായി. പോക്‌സോ കേസില്‍ പ്രതിചേര്‍ത്തതോടെ ഷംസുദ്ദീന്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

മന്ത്രി ജലീലിന് പരാതി നല്‍കിയിട്ടും ഷംസുദ്ദീനെ പിടികൂടാന്‍ നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്ന ആരോപണം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ജലീലിനെതിരെ ഉയര്‍ത്തി. ഇതോടെ കേസില്‍ ജലീലിനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. വീണുകിട്ടിയ ”ആയുധം” ഉപയോഗിച്ച് വളഞ്ഞിട്ട് ജലീലിനെ ആക്രമിക്കുകയാണ് ലീഗും പോഷക സംഘടനകളും ചെയ്തിരുന്നത്. ഈ വിവാദം കത്തി നില്‍ക്കെ തന്നെ ഷംസുദ്ദീനുവേണ്ടി കോടതിയില്‍ യൂത്ത് ലീഗ് നേതാവ് ഹാജരായത് എന്തായാലും കെ.ടി ജലീലിനിപ്പോള്‍ പിടിവള്ളിയായിട്ടുണ്ട്.

imageനേരത്തെ ബന്ധുനിയമനത്തിലും ജലീല്‍ രക്ഷപ്പെട്ടിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ജലീലിന്റെ ബന്ധുനിയമനത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് നിയമനം നേടിയ ബന്ധുവിന് രാജിവെക്കേണ്ട അവസ്ഥയുമുണ്ടായി. എന്നാല്‍ നിയമനത്തില്‍ പങ്കില്ലെന്ന ജലീലിന്റെ നിലപാടിനൊപ്പമായിരുന്നു സി.പി.എം നേതൃത്വം. ബന്ധുനിയമനത്തില്‍ ഇ.പി ജയരാജനോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട സി.പി.എം നേതൃത്വം ജലീലിനോട് മന്ത്രി സ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടിരുന്നത്.

കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിക്കുകയും തവനൂര്‍ സീറ്റ് കുത്തകയാക്കി വെക്കുകയും ചെയ്യുന്ന ജലീലിനെ കൈവിടേണ്ടെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കെ സി.പി.എം മലപ്പുറം ജില്ലാ നേതൃത്വവുമായി തുറന്ന ഏറ്റുമുട്ടലിലായിരുന്നു ജലീല്‍. സ്ഥലം മാറ്റങ്ങളില്‍ പാര്‍ട്ടി പറയുന്നത് കേള്‍ക്കാത്ത മന്ത്രി ലീഗ് നേതൃത്വം പറയുന്നത് കേള്‍ക്കുന്നു എന്നതായിരുന്നു സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പരാതി. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലും ജലീലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജലീല്‍ നിന്നും മാറ്റി എ.സി മൊയ്തീന് നല്‍കുകയും ജലീലിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയാക്കിയുമാണ് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം ബന്ധു നിയമനത്തില്‍ ജലീലിനെ ബഹിഷ്‌ക്കരിക്കാനുള്ള ലീഗ് തീരുമാനം ലീഗ് നേതാക്കള്‍ തന്നെ അട്ടിമറിക്കുകയും ചെയ്തു. ലീഗിന്റെ രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബ് അടക്കമുള്ളവര്‍ ജലീലിനൊപ്പം വേദിപങ്കിട്ടാണ് ബഹിഷ്്ക്കരണ നീക്കം പൊളിച്ചത്. ജലീലിനൊപ്പം വേദി പങ്കിട്ട പള്ളിക്കലിലെ ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടി പുറത്താക്കിയെങ്കിലും വഹാബിനെതിരെ നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ജലീലിനെ ബഹിഷ്‌ക്കരിക്കാനുള്ള നീക്കവും പൊളിയുകയായിരുന്നു.

മന്ത്രി ജലീലിനെതിരെ യൂത്ത് ലീഗ് പ്രക്ഷോഭങ്ങള്‍ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ പാരവെച്ച് പൊളിക്കുകയാണെന്ന ആരോപണം യൂത്ത് ലീഗിനുമുണ്ട്. ലീഗിലെ ഒരു വിഭാഗവുമായി ഇപ്പോഴും അടുത്ത ബന്ധമാണ് കെ.ടി ജലീലിനുള്ളത്. അതേസമയം ജലീലിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യൂത്ത് ലീഗ് നേതൃത്വത്തിനുള്ളത്.

സംഘടന ഏറ്റെടുക്കുന്ന സമരങ്ങള്‍ പൊളിക്കാന്‍ ലീഗിലെ തന്നെ ചിലര്‍ ശ്രമിക്കുന്നതായ പരാതി യൂത്ത് ലീഗിലിപ്പോള്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. പാളയത്തില്‍ തന്നെ പാരയുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വഹാബ് ജലീലുമായി വേദി പങ്കിട്ടത് ഇതിന് ഉദാഹരണമായി ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ പീഡന കേസില്‍ പ്രതിക്കു വേണ്ടി ഹാരാകാന്‍ യൂത്ത് ലീഗ് നേതാവിനെ തന്നെ തേടി പിടിച്ചതും ഒരു ‘അജണ്ടയുടെ’ ഭാഗമാണെന്ന ആക്ഷേപവും യൂത്ത് ലീഗ് നേതൃത്വത്തില്‍ ശക്തമാണ്. സംഘടനാപരമായി വലിയ പ്രതിസന്ധിയാണ് ഈ കാര്യങ്ങള്‍ എല്ലാം യൂത്ത് ലീഗില്‍ ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലീം ലീഗ് നേത്യത്വമാകട്ടെ യുവ നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയും പറയുന്നില്ല. വിവാദ വ്യവസായി പാര്‍ട്ടിയില്‍ പിടിമുറുക്കിയതാണ് ഇപ്പോഴത്തെ അപചയത്തിന് കാരണമെന്നാണ് യൂത്ത് ലീഗ് അണികളും ആരോപിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top