Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചിലവ് ഈടാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം   ****    കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വി സിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്   ****    എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വമെന്ന് കാരൂര്‍ സോമന്‍   ****    കോവിഡ്-19: കേരളത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കൂടുന്നു, ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ട്   ****    രാമക്ഷേത്ര നിര്‍മ്മാണം: പാക്കിസ്താന്റെ എതിര്‍പ്പ് ഇന്ത്യ നിരസിച്ചു   ****   

ബംഗാളില്‍നിന്നുള്ള അപകട കാഹളം (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

May 18, 2019

violance_5cdba001a6f7b

കൊല്‍ക്കത്തില്‍ അമിത് ഷായുടെ റോഡ്‌ഷോയിലെ കലാപം

പശ്ചിമബംഗാളില്‍ ഒമ്പത് ലോകസഭാ മണ്ഡലങ്ങളിലെ അവസാനഘട്ട പ്രചാരണം 19 മണിക്കൂര്‍മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയത് ജനാധിപത്യവും ഭരണഘടനയും ഇപ്പോള്‍ നേരിടുന്ന അപകടത്തിന്റെ മറ്റൊരു കാഹളമാണ്. അതേസമയം പ്രധാനമന്ത്രി മോദിക്ക് ബംഗാളില്‍ പ്രചാരണം നടത്താനുള്ള സമയം അനുവദിച്ചുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പുകമ്മീഷന്‍ തന്റെ ഉത്തരവ് നടപ്പാക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഈ നടപടി ഒരിക്കല്‍ക്കൂടി തകര്‍ത്തു.

ഭരണഘടനയിലെ 324-ാം വകുപ്പ് ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചരിത്രത്തിലാദ്യമായി പ്രചാരണത്തിന്റെ സമയപരിധി വെട്ടിക്കുറച്ചത്. 324-ാം വകുപ്പ് അതിനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുന്നില്ല. ഭയവും വെറുപ്പും പരത്തിയും ക്രമസമാധാനം തകര്‍ത്തുമാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത ഭാഷയില്‍ പരാതി അയച്ചതിനു പിറകെയാണ് നടപടിയുണ്ടായത്. പതിനാറ് ലോകസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന ചരിത്രത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരിക്കല്‍പോലും പരാതി നല്‍കിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കാറ്.

അഞ്ച് ഘട്ടങ്ങളിലായി 33 ലോകസഭാ മണ്ഡലങ്ങളില്‍ ഏറ്റവും വീറും വാശിയോടെയും ബംഗാളില്‍ തെരഞ്ഞെടുപ്പു നടന്നിട്ടും ആറ് ബൂത്തുകളില്‍ മാത്രമാണ് റീപോളിംഗ് നടത്തേണ്ടിവന്നത്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന റോഡ്‌ഷോയിലാണ് തൃണമൂല്‍ – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിസംഗത പുലര്‍ത്തുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയതിന് പിറകെയാണ് കമ്മീഷന്‍ കൈവിട്ടുള്ള നടപടി സ്വീകരിച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ദേശീയ പ്രതിപക്ഷ കക്ഷികളാകെ ജനാധിപത്യത്തിന്റെ മുണിപ്പടയിലൊന്നായ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്തു. ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കുറ്റപ്പെടുത്തിയെങ്കിലും മമതയേയും മോദിയേയും സമദൂരത്തില്‍ നിര്‍ത്തി വിമര്‍ശിച്ചു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയില്‍ സംഘര്‍ഷം നടന്നതിനു പിറകെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടേതടക്കം പ്രചാരണം ബുധനാഴ്ച കാലത്തുമുതല്‍ റദ്ദാക്കുകയും ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്ക്കണ്ഠ മനസിലാക്കാമായിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങളോരോന്നും കയ്യടക്കുകയും ഭരണഘടനാ വകുപ്പുകളുടെ പേരില്‍ ഏകാധിപത്യ നടപടികളെടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദിയോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിധേയത്വം കാണിക്കുന്നതായി തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങളിലും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മോദിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷത്തിനുനേരെ നടത്തുന്ന വെറുപ്പും വിദ്വേഷവും ഉയര്‍ത്തുന്ന വ്യാജപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ പരാതികളെല്ലാം ചവറ്റുകുട്ടയില്‍ തള്ളുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്തത്. ബി.ജെ.പിക്കാര്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ യഥേഷ്ടം നടപടി സ്വീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഘടനയും നിയമനവും പുന:പരിശോധിക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടയ്ക്കാണ് ബംഗാളിലെ തെരഞ്ഞെടുപ്പു ഗോദയില്‍ പ്രതിപക്ഷത്തെ തടഞ്ഞുനിര്‍ത്തി മോദിക്ക് ഏകപക്ഷീയമായും മൃഗീയമായും കടന്നാക്രമണം നടത്താന്‍ കളിയുടെ നിയമം ഉറപ്പിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമം കാറ്റില്‍പറത്തി സഹായിച്ചത്.

തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറയ്ക്കുക മാത്രമല്ല കമ്മീഷന്‍ ചെയ്തത്. സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയേയും കുറ്റാന്വേഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് കുമാറിനെയും ചുമതലയില്‍നിന്ന് ഒഴിവാക്കുകകൂടി ചെയ്തു. രണ്ടുപേരും മുഖ്യമന്ത്രി മമതയുടെ വിശ്വസ്തരാണെന്ന പരാതി ബി.ജെ.പി തുടരുന്നതിനിടയില്‍. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ സി.ബി.ഐയെക്കൊണ്ട് അറസ്റ്റുചെയ്യാന്‍ നടത്തിയ ശ്രമം മമത പരാജയപ്പെടുത്തുകയും സുപ്രിംകോടതി അറസ്റ്റ് തടയുകയും ചെയ്തതായിരുന്നു. രാജീവ് കുമാറിനോട് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ ചെന്ന് റിപ്പോര്‍ട്ടുചെയ്യാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് ഇല്ലെന്നാണ് ലോകസഭയുടെ മുന്‍ സെക്രട്ടറി ജനറലും നിയമവിദഗ്ധനുമായ പി.ഡി.ടി ആചാര്യയേപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് എച്ച്.എന്‍ ബഹുഗുണ സ്വതന്ത്രനായി ഗഡ് വാള്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ഭയപ്പെടുത്തുംവിധം ഇന്ദിരാഗാന്ധി ഗവണ്മെന്റ് മണ്ഡലത്തില്‍ കേന്ദ്ര പൊലീസ് സേനയെ നിയോഗിച്ചു. അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.എല്‍ ശാക്ധര്‍ കേന്ദ്ര നടപടി ചട്ടലംഘനമാണെു കണ്ടെത്തി തെരഞ്ഞെടുപ്പുതന്നെ മാറ്റിവെച്ചു. കേന്ദ്രസേനയെ പിന്‍വലിച്ചശേഷമാണ് അവിടെ തെരഞ്ഞെടുപ്പു നടന്നതും ബഹുഗുണ ജയിച്ചതും. ടി.എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായപ്പോള്‍ പാര്‍ട്ടികളുടെയും നേതാക്കളുടെയും മുഖം നോക്കാതെ അധികാരം പ്രയോഗിച്ചതും ചരിത്രത്തിലുണ്ട്. അതിന്റെ തുടര്‍ച്ചയില്‍ മോദിയുടെ ഭരണത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കും വിനീത വിധേയരായിരിക്കുന്നു. 17-ാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ അതേറെ ബാധിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സുനില്‍ അറോറയാണ് ഒ.പി റാവത്ത് പിരിഞ്ഞ ഒഴിവില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായത്. കമ്മീഷനിലെ മറ്റൊരംഗമായ സുശീര്‍ ചന്ദ്രയാകട്ടെ ധനമന്ത്രി ജെയ്റ്റ്‌ലിയുടെ മന്ത്രാലയത്തിനു കീഴില്‍നിന്നാണ് ഈയിടെ തെരഞ്ഞെടുപ്പു കമ്മീഷണറായെത്തിയത്. മൂന്നാമത്തെ അംഗത്തിന്റെ എതിര്‍പ്പ് തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈയിടെ തള്ളിയത്.

അമിത് ഷായുടെ റോഡ് ഷോയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ കലാപമുണ്ടാക്കാനും ഷായും മോദിയും അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനും ആസൂത്രിത നീക്കം നടന്നിരുന്നു എന്നതിന്റെ തെളിവുകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൊല്‍ക്കത്തയിലെ പത്രങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളില്‍നിന്ന് ഇതിനായി പ്രത്യേകം ആളുകളെ കൊല്‍ക്കത്തയിലെ ഹോട്ടലുകളില്‍ താമസിപ്പിച്ച് റാലിയില്‍ പങ്കാളികളാക്കി. എട്ടടി നീളമുള്ള വടികളുമായി അമിത് ഷായുടെ റാലിയില്‍ എത്താനും് കലാപം നടത്താനും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്യു വീഡിയോചിത്രവും പുറത്തുവന്നു. അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കുനേരെ റാലിയില്‍നിന്നുള്ള കാവിവേഷധാരികള്‍ തിരിഞ്ഞതും വിദ്യാസാഗര്‍ കോളജിനകത്തു കയറി സര്‍വ്വതും അടിച്ചുതകര്‍ത്തതും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. കോളജിനകത്ത് ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരുന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പറിച്ചെടുത്ത് നിലത്തെറിഞ്ഞ് തകര്‍ത്തതും. വെളിച്ചത്തെ വെറുക്കുന്ന ഇരുട്ടിന്റെ ഏകാധിപത്യ ശക്തികള്‍ കൊല്‍ക്കത്ത നഗരത്തില്‍ നടത്തിയ ഈ കലാപത്തെ ഗ്രഹണമെന്ന തലക്കെട്ടില്‍ ‘ദി ടെലഗ്രാഫ്’, ‘സ്റ്റേറ്റ്‌സ് മാന്‍’ അടക്കമുള്ള പത്രങ്ങളും ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖപ്രസംഗങ്ങളില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തോടെ അമിത് ഷായുടെ കുതന്ത്രം ബി.ജെ.പിക്കുനേരെ കുന്തമായി തിരിച്ചുവന്നു. ബംഗാളി അവരുടെ അക്ഷരങ്ങളിലൂടെയും സിരകളിലൊഴുകുന്ന രക്തത്തിലെ സാംസ്‌ക്കാരിക വികാരത്തിലൂടെയും ആദരിക്കുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിനെ അപമാനിച്ചത് ബംഗാളികളുടെ ദേശീയതയെ വൃണപ്പെടുത്തി. രോഷത്തോടെ അവരെല്ലാം ബി.ജെ.പിക്കെതിരായി ഉണര്‍ന്നെണീറ്റതാണ് കണ്ടത്.

അതുകൊണ്ട് കൊല്‍ക്കത്താ നഗരിയോടു ചേര്‍ന്നുള്ള ഒമ്പത് ലോകസഭാ മണ്ഡലങ്ങളില്‍ മെയ് 19ന് ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധി തീര്‍ത്തും മറ്റ് ആറ്ഘട്ടങ്ങളില്‍ നടതില്‍നിന്നു വ്യത്യസ്തമായിരിക്കും. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ചരിത്രമാണ് ബംഗാളി ദേശീയതയുടേതെന്നും പുറത്തുനിന്നുവന്ന ബി.ജെ.പിയെ തുടച്ചുനീക്കി ആ പാരമ്പര്യം നിലനിര്‍ത്തുമെന്നും വികാരഭരിതരായി ആബാലവൃദ്ധം ജനങ്ങള്‍ ചാനല്‍ ക്യാമറകളോട് പ്രതികരിച്ചു.

ഈ സംഭവത്തിനുപിറകെ വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ രണ്ടിടങ്ങളില്‍ ബി.ജെ.പി റാലിയില്‍ പ്രസംഗിച്ച മോദി പ്രതിമ തകര്‍ത്ത സംഭവത്തെപ്പറ്റി തീര്‍ത്തും നിശബ്ദതപാലിച്ചു. പിന്നീട് ഉത്തര്‍പ്രദേശില്‍ എത്തിയശേഷമാണ് തിരിച്ചറിവുണ്ടായതും അപലപിച്ചതും. കേന്ദ്ര ഗവണ്മെന്റിന്റെ ചെലവില്‍ വിദ്യാസാഗറിന്റെ പഞ്ചലോഹ പ്രതിമ പകരം സ്ഥാപിക്കുമെന്ന് ബംഗാളിരോഷം തണുപ്പിക്കാന്‍ മോദിക്കു പറയേണ്ടിവന്നു. മോദി രായ്ക്കുരാമാനം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിലെ മഹാത്മാവിനെ കണ്ടെത്തിയെന്നാണ് ഓം പേജിലെ പ്രധാന വാര്‍ത്തയ്ക്കു തലക്കെട്ടുനല്‍കി ‘ദി ടെലഗ്രാഫ്’ പത്രം മോദിയെ പരിഹസിച്ചത്. കൊല്‍ക്കത്ത റാലികളില്‍ വ്യാഴാഴ്ച പ്രസംഗിക്കവെ മോദി സ്വാമി വിവേകാനന്ദന്‍ തൊട്ട് ബംഗാളിലെ മഹാപുരുഷന്മാരുടെ പട്ടിക അവതരിപ്പിച്ചതില്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പേര്‍ ഉണ്ടായിരുന്നില്ല!

ബംഗാളിലെ ലോകസഭാ തെരഞ്ഞെടുപ്പിന് ഇതോടെ രണ്ട് മുഖങ്ങളായി. ആദ്യത്തേത് ജനാധിപത്യത്തിനും വികസനത്തിനുംവേണ്ടി തൃണമൂലിനെ താഴെയിറക്കുക എന്ന് ബി.ജെ.പിയും ഇടതുപക്ഷങ്ങളും വെവ്വേറെ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു. മോദിയെ താഴെയിറക്കുക, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ നയിച്ചാണ് മമതാ ബാനര്‍ജി മോദിയെ നേരിട്ടത്. ഇടതുപക്ഷത്തെ ദുര്‍ബലമാക്കിയ മമതയോടും തൃണമൂലിനോടും വിരോധമുള്ള ഇടതുപക്ഷം കോണ്‍ഗ്രസിനെയും തങ്ങളെയും പിന്തള്ളി മമതയെ നേരിടാന്‍ ബി.ജെ.പി വന്നതില്‍ മനസാ സന്തോഷിക്കുകയായിരുന്നു.

ഈ സംഭവത്തില്‍പോലും മോദിയുടെ ഫാഷിസ്റ്റ് മുന്നേറ്റ ശ്രമങ്ങളെ സി.പി.എം നേരിട്ടെതിര്‍ത്തില്ല. സി.പി.എം നേതൃത്വത്തില്‍ ഭിന്നതയും കണ്ടു. ബംഗാളിലെ ശാന്തത തകര്‍ക്കാന്‍ ബി.ജെ.പിയും തൃണമൂലും മത്സരിക്കുകയാണെന്നാണ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ റാലിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരി പറഞ്ഞത്. ഉത്തര കൊല്‍ക്കത്തയില്‍ ദല്‍ഹൗസി സ്‌ക്വയറില്‍ നടന്ന സി.പി.എം പ്രചാരണ റാലിയില്‍ ജനാധിപത്യത്തിന്റെ തുല്യ ശത്രുക്കളാണ് ബി.ജെ.പിയും തൃണമൂലുമെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിലയിരുത്തിയത്.

തൃണമൂലും സി.പി.എമ്മുമായുള്ള വൈകാരിക-രാഷ്ട്രീയ വൈരുദ്ധ്യം വ്യക്തമാണ്. മറ്റ് മതനിരപേക്ഷ പാര്‍ട്ടികളില്‍നിന്ന് ഒറ്റപ്പെട്ട നിലപാടെടുക്കുന്ന സി.പി.എം മോദിയും സംഘ് പരിവാറും മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് അജണ്ടയ്ക്കുനേരെ കണ്ണടക്കുകയാണെന്ന് പറയാതെവയ്യ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top