Flash News

എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍

May 20, 2019

mk-muneerരാജ്യത്ത് ബിജെപി വന്‍ ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കരുതെന്നും, വോട്ടിംഗ് മേഷീനുകളില്‍ കൃത്രിമം കാണിക്കാനും വോട്ടെണ്ണല്‍ അട്ടിമറിക്കാനുമുള്ള തന്ത്രമാണതെന്നും മുന്‍ മന്ത്രി എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഇതിന്റെ പേരില്‍ പോളിംഗ് ഏജന്റുമാര്‍ അലസരാകരുതെന്നും ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുനീര്‍ അഭ്യര്‍ത്ഥിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും വ്യാപകമായി ചര്‍ച്ചയാവുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പൂര്‍ത്തിയായി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ജനാധിപത്യ വിശ്വാസികളെ ഓര്‍മിപ്പിക്കുവാനാണ് ഈ കുറിപ്പിടുന്നത്. മലയാളികള്‍ക്ക് രാജ്യവ്യാപകമായി സൗഹൃദവലയങ്ങളുണ്ട്. നിങ്ങള്‍ നിര്‍ബന്ധമായും ഇക്കാര്യം അവരുമായും പങ്കുവയ്ക്കണം. മലയാളം മാധ്യമങ്ങളാണ് രാജ്യത്ത് പൊതുവില്‍ ഭേദം. രാജ്യത്തെ ഇംഗ്ലീഷ് ഹിന്ദി ചാനലുകളെല്ലാം മോഡിഷാ പക്ഷത്തിന്റെ മെഗാ ഫോണുകളായാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ചത്.

അവരുടെ എക്‌സിറ്റ് പോളുകള്‍ അവിശ്വസനീയതയോടെ കാണേണ്ടി വരുന്നതും ഇക്കാരണത്താലാണ്. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് സെന്ററില്‍ ഏജന്റുമാരായി പോകുന്ന ജനാധിപത്യചേരിയിലെ കൗണ്ടിംഗ് ഏജന്റുമാരുടെ ഇടപെടലും ശ്രദ്ധയും നിര്‍ണായകമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. എക്‌സിറ്റ് പോളുകളിലൂടെ മനോവീര്യം തകര്‍ന്ന് അലസരായിട്ടല്ല കൗണ്ടിംഗ് സെന്ററിലേക്ക് പോകേണ്ടത്. 2004, 2009 വര്‍ഷങ്ങളിലെ ദേശീയ തെരഞ്ഞെടുപ്പിന്റെയും ഒടുവില്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും എക്‌സിറ്റ് പോളുകള്‍ നേരെ വിരുദ്ധമായി, ബി ജെ പി യെ തറപറ്റിച്ചുവെന്ന് മറക്കരുത്. ഒരു ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളോടും മമത കാട്ടാതെ എന്തു വൃത്തികേടു കാട്ടിയും ജയിക്കാന്‍ വെമ്പുന്നവരോടാണ്, അവരുടെ പണക്കൊഴുപ്പിനോടും അധികാരപ്രമത്തതയോടുമാണ് നമുക്ക് രാഷ്ട്രീയ യുദ്ധം നടത്തേണ്ടി വന്നിട്ടുള്ളത്. അതിനാല്‍ ഓരോ ഇലക്ട്രോണിക് മെഷീനും എണ്ണുമ്പോള്‍ കൗണ്ടിംഗ് ഏജന്റുമാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും കൃത്യമായി എഴുതി വെക്കുകയും വേണം.

ഓരോ ബൂത്തിലും ആകെ പോള്‍ ചെയ്ത വോട്ടുമായി അത് തുല്യമാകുന്നുവെന്നും നിര്‍ബന്ധമായും ഉറപ്പാക്കണം. ഏറ്റവും പ്രധാനം വിവി പാറ്റ് മെഷീനുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരമാണ്. ഓരോ പാര്‍ലമെന്റ് സീറ്റിലെയും ഓരോ അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിവാറ്റ് യൂണിറ്റുകള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് പഴയ കാലത്തെപ്പോലെ വോട്ടെണ്ണും. മെഷീനില്‍ നേരത്തെ രേഖപ്പെടുത്തിയ അതേ പ്രകാരം വീണ്ടും വി വി പാറ്റിലെ രസീത് എണ്ണുമ്പോള്‍ വോട്ട് ഒത്തുവരണം. വ്യത്യാസമുണ്ടായാല്‍ മൂന്ന് തവണ വിവി പാറ്റ് എണ്ണി വിവി പാറ്റ് പ്രകാരമുള്ള കണക്ക് അന്തിമമാക്കും. ഇപ്രകാരം വിവി പാറ്റും മെഷീനിലെ വോട്ടുമായി വ്യാപകമായി പൊരുത്തക്കേട് വരുന്ന പക്ഷം ദീര്‍ഘമായ നിയമ പോരാട്ടങ്ങള്‍ക്കും സാധ്യത തുറക്കപ്പെടും. അതിനാല്‍ തന്നെ ഇത്രയും കാലം ഒത്തൊരുമിച്ച് നമ്മള്‍ നടത്തിയ പ്രചാരണത്തിന്റെ ഏറ്റവും പ്രധാന ഘട്ടമാണ് 23 ന് നടക്കുന്ന വോട്ടെണ്ണല്‍ എന്ന തിരിച്ചറിവ് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും നിര്‍ബന്ധമായും ഉണ്ടാകണം. ഇത് കേരളത്തിലെയും ഇന്ത്യയിലെയും നിങ്ങളുടെ സഹപ്രവര്‍ത്തകരോട് നിര്‍ബന്ധമായും പങ്കുവെക്കണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ സംബന്ധിച്ച് പൊള്ളയായ ചില അവകാശവാദങ്ങള്‍ ബി ജെ പി മുന്നോട്ട് വച്ചിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിലെ ഈ മൂന്ന് മണ്ഡലങ്ങളിലെ ഐക്യജനാധിപത്യ മുന്നണിയുടെ കൗണ്ടിംഗ് ഏജന്റുമാര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത് ഇ.വി.എമ്മില്‍ തിരിമറി നടത്താനുള്ള ബി.ജെ.പി തന്ത്രം; എക്‌സിറ്റ് പോള്‍ തള്ളി മമതാ ബാനര്‍ജി

mamtaകൊല്‍ക്കത്ത: ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളിനെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി. ഒന്നിച്ച് കത്മായി പോരാടുമെന്നും മമത വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top