Flash News

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു; സെനറ്റില്‍ ആദ്യമായി മലയാളം പ്രാര്‍ത്ഥന

May 21, 2019 , .

NYSCapitoലോക മലയാളികള്‍ക്ക് ഇത് ധന്യ മുഹൂര്‍ത്തം. ന്യൂയോര്‍ക്ക് സെനറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. നാളെ ബുധനാഴ്ച മെയ് 22 നു സ്റ്റേറ്റ് ക്യാപിറ്റല്‍ ആയ ആല്‍ബനിയില്‍ രാവിലെ 11 നു കൂടുന്ന സെനറ്റില്‍ വെച്ച് ന്യൂയോര്‍ക്ക് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മലയാളി സെനറ്ററുമായ ബഹു. കെവിന്‍ തോമസ് ആണ് ഈ ചടങ്ങ് അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്നത്.

നാളെ ന്യൂയോര്‍ക്ക് സെനറ്റ് ആരംഭിക്കുന്നത് മാര്‍ത്തോമാ സഭയിലെ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ((Diocese of North America & Europe) തിരുമേനിയുടെ പ്രാര്‍ത്ഥനയോടെയാണെന്നത് ന്യൂയോര്‍ക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. തുടര്‍ന്ന് ബഹു. സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കയ്ക്കും വിശിഷ്യാ ന്യൂയോര്‍ക്ക് സംസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹം നല്‍കിയ വിലപ്പെട്ട സേവനങ്ങളെക്കുറിച്ചും, സംഭാവനകളെക്കുറിച്ചും സാമൂഹിക-സാംസ്ക്കാരിക മേഖലകളില്‍ മലയാളികള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുമുള്ള വിവരണം സെനറ്റിന് മുമ്പാകെ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാളി മാസമായി പ്രഖ്യാപിക്കുന്നതിന് പ്രമേയം അവതരിപ്പിക്കുകയും ചെയ്യും.

ന്യൂയോര്‍ക്കില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറില്‍പരം മലയാളികള്‍ നാളെ ഈ മഹത് ചടങ്ങില്‍ പങ്കെടുക്കുവാനായി ബസുകളിലും മറ്റുമായി ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരമായ ആല്‍ബനിയില്‍ എത്തിച്ചേരും. ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൌണ്‍സില്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA ), കലാവേദി, കേരള സെന്റര്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്‍ഡ്, മഹിമ, നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍ (NBA), വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, എക്കോ (Enhanced Communtiy of Harmonious Otureach (ECHO), ന്യൂയോര്‍ക്ക് സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍, ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച്, ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് കൂടാതെ നിരവധി മലയാളി സാമൂഹ്യ പ്രവര്‍ത്തകരും ബിസിനസ് സം‌രംഭകരും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി തലസ്ഥാനത്തു എത്തിച്ചേരും. മലയാള മാധ്യമ രംഗത്തെ ഏഷ്യാനെറ്, കൈരളി, ഫ്ലവേഴ്സ് ടി.വി., ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍, ഇ-മലയാളി, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓണ്‍ലൈന്‍ എന്നീ പ്രമുഖ മാധ്യമങ്ങള്‍ മര്‍മ്മപ്രധാനമായ ഈ അനര്‍ഘ നിമിഷങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും പകര്‍ത്തുവാനായി ആല്‍ബനിയിലെ ഈ ചടങ്ങില്‍ എത്തിച്ചേരുന്നു.

സെനറ്റിലെ ചടങ്ങുകള്‍ക്ക് ശേഷം സെനറ്റര്‍ കെവിന്‍ തോമസും അദ്ദേഹത്തിന്റെ സ്റ്റാഫും അതിഥികളായി വന്നവര്‍ക്കു വേണ്ടി ക്യാപിറ്റോള്‍ ബില്‍ഡിംഗ് ടൂറും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. KCANA പ്രസിഡന്റ്, മാസ്സപെക്വാ St. പീറ്റേഴ്സ് & St. പോള്‍സ് ചര്‍ച്ച് സെക്രട്ടറി എന്നീ നിലയില്‍ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആണ് ഈ ചടങ്ങ് കോഓര്‍ഡിനേറ്റു ചെയ്യുന്നത്.

വിവരങ്ങള്‍ക്ക്: 516 225 2814, ajitkochuz@yahoo.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top