Flash News

കേന്ദ്രത്തില്‍ മോദി കൊടുങ്കാറ്റ്; കേരളത്തില്‍ യുഡിഎഫ് സുനാമി

May 23, 2019

modi-parliament-1-1_InPixioന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മോദി തരംഗം. എൻ.ഡി.എയ്ക്ക് 350-ന് അടുത്ത് സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്നത്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനാകുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് ചേരും. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി. അമേതിയില്‍ രാഹുല്‍ പിന്നിലാണ്. റായ്ബറേലിയില്‍ സോണയഗാന്ധിയുടെ നിലയും പരുങ്ങലിലാണ്. ഗാന്ധി നഗറില്‍ അമിത് ഷായും, വാരണാസിയില്‍ മോദിയും ഏറെ മുന്നിലാണ്.

പശ്ചിമബംഗാളില്‍ 23 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 17 സീറ്റുകളിലാണ് മമത ബാനര്‍ജിയുടെ ടിഎംസി മുന്നിലുള്ളത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും ഇവിടെ ചിത്രത്തിലില്ല. ഒഢീഷയില്‍ ഒരിടത്ത് ഒഴികെ എല്ലായിടത്തും ബിജെപി മുന്നിലാണ്. രാജസ്ഥാനില്‍ ബിജെപി തംരഗമാണ്. ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ ഇവിടെ പിന്നിലാണ്. യുപിയില്‍ 60 ഇടത്ത് ബിജെപി മുന്നിലാണ്. എസ്പിയുടെ പ്രകടനം ഇവിടെ നിരാശപ്പെടുത്തുന്നതായി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ വിജയിച്ച എസ്പി ഇത്തവണ ഏഴ് സീറ്റുകളിലാണ് മുന്നിലുള്ളത്. ബിഎസ്പി 11 സീറ്റുകളില്‍ മുന്നിലുണ്ട്.

കര്‍ണാടകത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടുമെന്ന് ഉറപ്പായി. 17 സീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ഇരുപതില്‍ കൂടുതലാകും എന്നാണ് വിലയിരുത്തല്‍.23 സീറ്റുകളില്‍ അവര്‍ മുന്നിലാണ്. രണ്ടിടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഹിമാചലില്‍ ആകെയുള്ള രണ്ട് സീറ്റുകളിലും ബിജെപി മുന്നിലാണ്. ഗുജറാത്തില്‍ 26 സീറ്റുകളിലും എന്‍ഡിഎ മുന്നിലാണ്. മധ്യപ്രദേശില്‍ ബിജെപി 26 സീറ്റുകളില്‍ മുന്നിലാണ്. സംസ്ഥാനം ഭരിക്കുന്ന യുപിഎ നാല് സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഹരിയാനയില്‍ 10 സീറ്റിലും ബിജെപി മുന്നിലാണ്.

ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിലാണ്. രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളിലും ബിജെപി മുന്നിലാണ്. ബീഹാറില്‍ എന്‍ഡിഎ സഖ്യം 38 സീറ്റുകളില്‍ മുന്നിലാണ്. മൂന്ന് സീറ്റുകളില്‍ മാത്രമാണ് യുപിഎ ലീഡ് ചെയ്യുന്നത്. ത്രിപുരയിലെ രണ്ട് സീറ്റിലും ബിജെപി മുന്നിലാണ്.

കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. തെലങ്കാനയില്‍ ടിആര്‍എസും. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും മുന്നിലാണ്. യുപിഎ സഖ്യകക്ഷിയായ ടിഡിപി പിന്നിലാണ്.

അതേസമയം, കേരളത്തില്‍ 19 സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുകയാണ്. വയനാട്ടില്‍ ചരിത്ര നേട്ടവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നിട്ടു നില്‍ക്കുകയാണ്. നാല് ലക്ഷം വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി രാഹുല്‍ മുന്നേറുന്നത്. കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെല്ലാം കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതോടെ ലോക്‌സഭയിലെ പ്രതിപക്ഷസ്ഥാന പദവി കോണ്‍ഗ്രസിന് ഇക്കുറിയും ലഭിച്ചേക്കില്ലെന്നാണ് സൂചന.

എന്നാല്‍, ഇന്ത്യയൊട്ടാകെ മോദി തരംഗത്തില്‍ മുങ്ങിയെങ്കിലും ഇക്കുറിയും ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും തൃശൂര്‍, പാലക്കാട് പത്തനംതിട്ട മണ്ഡലങ്ങളിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളി മാറ്റപ്പെട്ടു.

മോദി – അമിത് ഷാ രാമലക്ഷ്മണന്മാര്‍

300 സീറ്റ് ലഭിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതില്‍ നെറ്റി ചുളിച്ചവര്‍ ഇപ്പോള്‍ അമ്പരന്നിരിക്കുകയാണ്. ഒറ്റക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ആര്‍.എസ്.എസ് നേത്യത്വം പോലും കരുതിയിരുന്നില്ല.

ബി.ജെ.പിയില്‍ മോദി രാമനെങ്കില്‍ എല്ലാ ആജ്ഞകളും ശിരസാവഹിക്കുന്ന ലക്ഷ്മണന്റെ റോളാണ് അമിത് ഷാക്കുള്ളത്.

modi-ami-1ഗുജറാത്തില്‍ പാര്‍ട്ടി യുവജന വിഭാഗത്തിന്റെ ചുമതലയില്‍ നരേന്ദ്രമോദി എത്തിയ 1982ല്‍ കണ്ടെടുത്ത നേതാവാണ് അമിത്ഷാ. അന്നു മുതല്‍ ഇന്നുവരെ മോദിയുടെ നിഴലായും മോദിക്കെതിരെ ഉയരുന്നവരെ വെട്ടിനിരത്തിയും അമിത്ഷാ ഒപ്പം തന്നെയുണ്ട്.

ബി.ജെ.പിയില്‍ എല്‍.കെ അദ്വാനിയുടെ വലം കൈയ്യായി നരേന്ദ്രമോദി ഉയര്‍ന്നപ്പോള്‍ മോദിയുടെ വിശ്വസ്തനായി അമിത്ഷായും വളര്‍ന്നു. ഗാന്ധി പിറന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭരണകുത്തക തകര്‍ത്ത് ബി.ജെ.പി നേതാവ് കേശുഭായി പട്ടേലിനെ 1995ല്‍ മുഖ്യമന്ത്രിയാക്കിയതിനു പിന്നിലും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു.

ഗുജറാത്തിലെ ഗ്രാമങ്ങളില്‍പോയി അവിടെ ജനസ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്തി അവരെ ബി.ജെ.പിയില്‍ ചേര്‍ത്താണ് അമിത്ഷാ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത്. 8000ത്തോളം കോണ്‍ഗ്രസ് നേതാക്കളെയാണ് ഇത്തരത്തില്‍ അമിത്ഷാ ബി.ജെ.പിയിലെത്തിച്ചത്.

ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണമായിരുന്നു കോണ്‍ഗ്രസിന്റെ കരുത്ത്. സഹകരണ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി അവയുടെ ഭരണം പിടിച്ചതോടെ ആ മേഖലയിലെയും കോണ്‍ഗ്രസ് ആധിപത്യത്തിന് അന്ത്യമായി. അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായി അമിത്ഷാ തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

കേശുഭായി പട്ടേല്‍, ശങ്കര്‍സിങ് വഗേല തുടങ്ങി ഗുജറാത്തിലെ മോദിയുടെ ശത്രുക്കളെ പാര്‍ട്ടിയില്‍ വെട്ടിനിരത്തിയതും അമിത്ഷായുടെ തന്ത്രങ്ങളായിരുന്നു.

വഗേലക്ക് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്കും പിന്നീട് സ്വന്തം പാര്‍ട്ടിയും രൂപീകരിക്കേണ്ടി വന്നു. ഗുജറാത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ കേശുഭായി പട്ടേലിന് ബി.ജെ.പി വിട്ട് മോദിക്കെതിരെ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കേണ്ടി വന്നെങ്കിലും വിജയം കാണാനായില്ല. ഒടുവില്‍ രാഷ്ട്രീയ വനവാസം തന്നെ ഏറ്റുവാങ്ങേണ്ടിവന്നു.

1990കളില്‍ മോദി ബി.ജെ.പി ജനറല്‍ സെക്രട്ടറിയായതോടെ പ്രിയ ശിഷ്യനായ അമിത്ഷായേയും പാര്‍ട്ടിയില്‍ കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന സ്ഥാനവും മോദി അമിത്ഷാക്ക് നല്‍കി. 1997ലെ ഉപതെരഞ്ഞെടുപ്പില്‍ സാര്‍കേജ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റും നല്‍കി. കന്നിമത്സരത്തില്‍ വിജയിച്ച് എം.എല്‍.എയായ അമിത്ഷാ 98ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു.

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ വലംകൈയ്യായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ. ഗുജറാത്തില്‍ മുസ്ലീം വംശഹത്യക്ക് കാരണമായ കലാപത്തിന്റെ ആസൂത്രകര്‍ മോദിയും അമിത്ഷായുമാണെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ ആരോപണങ്ങളെയും വിജയം കൊണ്ടാണ് അമിത് ഷാ നേരിട്ടത്. ഗുജറാത്ത് കലാപത്തിനു ശേഷം സാര്‍കേജ് മണ്ഡലത്തില്‍ നിന്നും ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അമിത്ഷാ വിജയിച്ചത്.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ 13 വര്‍ഷവും അധികാരകേന്ദ്രമായും നിഴലായും നിന്നത് അമിത്ഷായായിരുന്നു. ആഭ്യന്തരവകുപ്പടക്കം നല്‍കി അമിത്ഷായെ എപ്പോഴും ഒപ്പം നിര്‍ത്തുകയായിരുന്നു മോദി. ഒരു ഘട്ടത്തില്‍ 12 വകുപ്പുകള്‍ വരെ അമിത്ഷാ കൈകാര്യം ചെയ്തിരുന്നു.

ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അമിത്ഷായെ അറസ്റ്റ് ചെയ്തതോടെ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തികാണിച്ച അമിത്ഷായുടെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്നാണ് പലരും വിധിയെഴുതിയത്. അമിത്ഷായുമായി ബി.ജെ.പി നേതൃത്വം പോലും അകലംപാലിച്ചപ്പോള്‍ നരേന്ദ്രമോദി ഷാക്കൊപ്പം നില്‍ക്കുകയായിരുന്നു.

ഗുജറാത്തിലേക്കുള്ള പ്രവേശനം പോലും അമിത്ഷാക്ക് കോടതി നിഷേധിച്ചപ്പോള്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ കഴിയാനുള്ള സൗകര്യങ്ങളൊരുക്കി സംരക്ഷിച്ചത് മോദിയായിരുന്നു. സുപ്രീം കോടതി ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതോടെ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരാണ്‍പുര മണ്ഡലത്തില്‍ അമിത്ഷായെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും മന്ത്രിസ്ഥാനം തിരിച്ചു നല്‍കുകയും ചെയ്തു.

അമിത്ഷായെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയതിനു പിന്നിലും മോദിയുടെ കരങ്ങളായിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയ 2014ല്‍ ഉത്തര്‍പ്രദേശിന്റെ പ്രചരണ ചുമതലയായിരുന്നു അമിത്ഷാക്ക് നല്‍കിയിരുന്നത്. രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന 80 ലോക്സഭാ സീറ്റുള്ള ഗുജറാത്തില്‍ 73 സീറ്റുനേടി ബി.ജെ.പിക്ക് സ്വപ്നസമാനമായ വിജയം സമ്മാനിച്ചത് അമിത്ഷായുടെ തന്ത്രങ്ങളായിരുന്നു.

മോദിയെ വാരണാസിയില്‍ മത്സരിപ്പിക്കുകയും രാമക്ഷേത്രനിര്‍മാണം പ്രധാന അജണ്ടയാക്കിയുമാണ് അന്ന് ബിജെപി, യു.പി പിടിച്ചത്. സഖ്യമായി മത്സരിച്ച കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയെയും നിലംപരിശാക്കാനും മായാവതിക്ക് ഒരു സീറ്റുംപോലും ലഭിക്കാത്ത സമ്പൂര്‍ണ്ണ പരാജയം സമ്മാനിക്കാനും അമിത്ഷാക്ക് കഴിഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതം എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിനെ നേരിടാനുള്ള തന്ത്രം ദേശീയതലത്തില്‍ വ്യാപകമാക്കിയത് തന്നെ അമിത്ഷായാണ്. ജാതിയും മതവും വര്‍ഗീയതയുമെല്ലാം തരംപോലെ ഉപയോഗിച്ച് കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും അമിത്ഷാ നേരിട്ടു.

പ്രതിപക്ഷകക്ഷികളുടെ ഐക്യത്തെയാകെ തകര്‍ത്തു. ബീഹാറില്‍ കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കുംമൊപ്പം മഹാസഖ്യമായി മത്സരിച്ച് മുഖ്യമന്ത്രിയായ നിധീഷ്‌കുമാറിനെ തിരികെ എന്‍.ഡി.എ സഖ്യകക്ഷിയാക്കി മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചതും അമിത്ഷായായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top