Flash News

തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആത്മപരിശോധന നടത്തണം

May 24, 2019

Indian-Parliamentതിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രമല്ല മഹാവിജയം കൈവരിച്ച ബിജെപിയും ഒരാത്മ പരിശോധന നടത്തണം. കോണ്‍ഗ്രസ് പരിശോധന മാത്രമല്ല അടിമുടി ഉടച്ചുവാര്‍ക്കുകയും വേണം. സ്വാതന്ത്ര്യം നേടിത്തരികയും അരനൂറ്റാണ്ടിലേറെക്കാലം നാടിന്റെ ഭരണ ചക്രം കൈയ്യാളുകയും ചെയ്ത ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന മഹിമയും പാരമ്പര്യവും നിരന്തരം പറഞ്ഞാല്‍ പുതിയ തലമുറയെ സ്വാധീനിച്ചെന്നുവരില്ല. പാര്‍ട്ടിയേയും ഭരണത്തേയും നയിക്കുക മാത്രമല്ല നാടിന് വേണ്ടി ജീവന്‍ ത്യജിക്കുകയും ചെയ്ത നെഹ്റു കുടും ത്തിന്റെ സംഭാവനകളും എക്കാലവും വോട്ടായി മാറിക്കൊള്ളണമെന്നില്ല. ബിജെപിയേയും സംഘപരിപാറിനേയും ആക്ഷേപിച്ചത് കൊണ്ടോ കുറ്റപ്പെടുത്തിയത് കൊണ്ടോ ഫലമില്ലെന്നും സ്വന്തം നയങ്ങളിലും നിലപാടുകളിലും കാഴ്ചപ്പാടിലും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നുമാണ് തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഓര്‍മ്മപ്പെടുത്തുന്നത്.

രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും പരമാവധി ശ്രമിച്ചു. പക്ഷെ അവരുടെ പ്രവര്‍ത്തന മികവിനോടൊപ്പമെത്താന്‍ രാജ്യത്ത് എത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്? സംസ്ഥാനതലത്തില്‍ ചിലരൊക്കെ അദ്ധ്വാനിച്ചുവെന്ന കാര്യം മറന്നു കൂടാ. പക്ഷെ ഹിന്ദി ഹൃദയഭൂമിയെ പിടിച്ചു കുലുക്കാന്‍ തക്ക ത്രാണിയും സംഘടനാ വൈഭവവുമുള്ള നേതാക്കള്‍ വിരളമാണ്. അത്തരം നേതൃത്വനിര രാഹുലും പ്രിയങ്കയുമൊഴികെ നന്നെ വിരളമാണ്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന 80 സീറ്റുള്ള യുപിയിലും 48 സീറ്റുള്ള മഹാരാഷ്ട്രയിലും 40 സീറ്റുള്ള ബീഹാറിലും ഇപ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മധ്യപ്രദേശിലും കോൺഗ്രസിന് ഒരോ സീറ്റാണ് നേടാനായത്. യുപിയിലാവട്ടെ രാഹുല്‍ഗാന്ധി പരാജപ്പെട്ടപ്പോള്‍ അമ്മ സോണിയഗാന്ധി മാത്രമാണ് ജയിച്ചു കയറിയത്. രാഹുല്‍ ഗാന്ധി വാസ്തവത്തില്‍ വയനാട്ടില്‍ വന്നു മത്സരിച്ചില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് കോണ്‍ഗ്രസുകാര്‍ നെഞ്ചിൽ കൈവച്ച് ഓര്‍ക്കണം.

പല സംസ്ഥാനങ്ങളിലും പ്രമുഖ നേതാക്കള്‍ ഒരിക്കലും തോല്‍ക്കില്ലെന്ന് കണക്ക് കൂട്ടിയവര്‍ പോലും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചു. പ്രാദേശിക നേതാക്കള്‍ ധാരാളമുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലേടത്തും പാര്‍ട്ടിയുടെ അടിത്തറ ശിഥിലമാണെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് ഇറങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകരുടെ നിരീക്ഷണം. വൈകിയാണെങ്കിലും കോണ്‍ഗ്രസ് പ്രഖ്യാപിച്ച പല പദ്ധതികള്‍ പോലും സാധാരണക്കാരുടെ ചെവിയില്‍ എത്തില്ല. വരുമാനമില്ലാത്ത കുടുംബങ്ങള്‍ക്ക് കൊല്ലത്തില്‍ 72,000 രൂപ ബാങ്കുകള്‍ വഴി ലഭിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പദ്ധതി പോലും ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞില്ലെന്ന് കേട്ടാല്‍ ആരാണ് മൂക്കത്ത് വിരല്‍ വെക്കാതിരിക്കുക. നേതാക്കള്‍ക്കിടയിലെ കുശുമ്പും കുന്നായ്മയും പാരവെപ്പും ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

എല്ലാറ്റിലുമുപരി ബിജെപിയ്ക്ക് എതിരെ മറ്റു പ്രതിപക്ഷ കക്ഷികളുടെ ഒരൈക്യനിര കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒരു യോജിപ്പിന് രാഹുല്‍ ഗാന്ധി തയ്യാറായിരുന്നു. പക്ഷെ അവിടെ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒരു മഹതിയുടെ നിര്‍ബന്ധ ബുദ്ധി ആ നീക്കത്തിന് തടസം സൃഷ്ടിച്ചു. ഡല്‍ഹിയില്‍ ഏഴു സീറ്റും ബിജെപി നിഷ്പ്രയാസം നേടി. അത് പോലെ യുപിയില്‍ മായാവതിയും അഖിലേഷ് യാദവും കോണ്‍ഗ്രസുമായി ഒത്തു പോകാന്‍ തയ്യാറാകുമായിരുന്നു. ഒടുവില്‍ സോണിയയും രാഹുലും മത്സരിച്ച റായ്ബറേലിക്കും അമേത്തിക്കും പുറമേ ഏതാനും സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന് വിട്ടു കൊടുക്കുമായിരുന്നു. സോണിയയ്ക്കും രാഹുലിനും എതിരെ സ്ഥാനാര്‍ത്ഥിയെ നില്‍ത്തണ്ടെന്ന് തീരുമാനിച്ച ബിഎസ്പിയുടേയും എസ്പിയുടേയും ഔദാര്യം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചില്ല.

ബിജെപിയില്‍ ഏതാനും മാസം മുമ്പ് സംസ്ഥാനഭരണം തിരിച്ചുപിടിച്ച മധ്യപ്രദേശിലും ജാര്‍ക്കണ്ടിലും ഓരോ ലോകസഭാ സീറ്റാണ് നേടിയത്. രാജസ്ഥാനിലാവട്ടെ ഒന്നും കിട്ടിയില്ല. ഇവിടുത്തെ കോണ്‍ഗ്രസ് ഭരണ കൂടങ്ങളുടെ സംഭാവന ഈ തെരഞ്ഞെടുപ്പില്‍ എന്തായിരുന്നുവെന്ന് ഹൈക്കമാന്റ് പരിശോധിക്കട്ടെ. കര്‍ണ്ണാടകത്തില്‍ ജെഡിയുവുമായി ഭരണം നടത്തുന്ന കോണ്‍ഗ്രസിന് നേതൃത്വത്തിലെ കല്ലുകടി കാരണം ഒരു സീറ്റാണ് ലഭിച്ചത്. ഭരണം പോലും ബിജെപിയുടെ തുലാസിലാണ്. കോണ്‍ഗ്രസുകാര്‍ കുപ്പായം മാറാന്‍ സമയം പാര്‍ത്തിരിപ്പുണ്ടത്രെ.

കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ഹൈക്കമാന്‍ഡ് ഉണരണം. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചത്‌കൊണ്ട് മാത്രം പാര്‍ട്ടി രക്ഷപ്പെടില്ല. ആദര്‍ശശുദ്ധിയും ചുറുചുറുക്കും കര്‍മ്മശേഷിയുമുള്ള താരതമ്യേന ചെറുപ്പക്കാരായ നേതാക്കളെ ഓരോ സംസ്ഥാനത്തും കണ്ടെത്തി ചുമതല എല്‍പ്പിക്കണം. അതിന് ഹൈക്കമാന്‍ഡ് ഉയരണം. ലോ കമാന്‍ഡ് ആവരുത്.

ഇനി കേരളത്തിന്റെ അവസ്ഥ നോക്കാം. യുഡിഎഫ് അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ഒരു വിജയം കൊയ്തു. കോണ്‍ഗ്രസിന് 20 ല്‍ 16 സീറ്റ് ലഭിച്ചത് സംഘടനയുടെ പ്രവര്‍ത്തനശേഷി കൊണ്ടാണെന്ന് കരുതി ക്കൂടാ. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടിയിരുന്നുവെന്നത് ശരി. പക്ഷെ അവരുടെ കണക്ക് കൂട്ടലനുസരിച്ച് എല്ലാ ജില്ലകളിലും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ചലിപ്പിച്ചുവെന്ന് കരുതാന്‍ വയ്യ. പക്ഷെ ഘടക കക്ഷികളുടെ, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ പഴുതടച്ച കഠിനാദ്ധ്വാനവുമാണ് ഇടതു പക്ഷത്തിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ കോട്ടയെന്ന് അവര്‍ കരുതി പോന്ന കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കനത്ത തിരിച്ചടിക്ക് കാരണം. കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന് ലോക സഭാതെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാല്‍ 140 അസംബ്‌ളി മണ്ഡലങ്ങളില്‍ 16 ഇടത്തെ ഭൂരിപക്ഷമുള്ളൂ. 123 മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നില്‍. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കോപ്പു കൂട്ടിയ എന്‍ഡിഎയ്ക്ക് ഒരിടത്ത് മാത്രം.

എന്ത് കൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇത്രവലിയ ഒരു തിരിച്ചടിയുണ്ടായതെന്ന് അവര്‍ പരിശോധിക്കണം. അവരുടെ നയങ്ങളിലും , സമീപനങ്ങളിലും നിലപാടുകളിലും ഇടപെടലുകളിലുമാണ് പൊളിച്ചെഴുത്ത് വെണ്ടത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ അവര്‍ മുന്‍കൈ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പോലും സിപിഎം. ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തായിപ്പോയത് എന്തു കൊണ്ടാണെന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും പരിശോധിക്കണം.

വാസ്തവത്തിൽ ആലപ്പുഴ ജയിച്ചില്ലെങ്കിൽ ഒരുപക്ഷെ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി മുഖ്യമന്ത്രി പണ്ട് പത്രപ്രവർത്തകരോട് പറഞ്ഞതുപോലെ മാർക്സിസ്റ്റ് പാർട്ടിയോട് ‘മാറിനിൽക്ക് അങ്ങോട്ട്’ എന്ന് വോട്ടർമാർ പറഞ്ഞ അവസ്ഥയിൽ എത്തുമായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സിപിഎം. സന്തുഷ്ടരല്ലെന്ന സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ തുറന്നു പറച്ചിലില്‍ ആത്മാര്‍ത്ഥമെങ്കില്‍ രാജ്യത്ത് ഭാവിയില്‍ ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ കൂട്ടായ്മ പുലരുമെന്ന് പ്രതീക്ഷിക്കാം.

പലരും കരുതുന്നത് പോലെ രാജ്യത്ത് ഇടതുപക്ഷം നാമാവശേഷമാവുന്നത് രാജ്യത്തിന്റെ ഭാവി രാഷ്ട്രീയത്തിന് നല്ലതല്ല. കാരണം ഒരു മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കുതിച്ചുകയറ്റവും മതന്യൂനപക്ഷ വിഭാഗത്തിന്റെ ഉള്‍ഭയവും ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന ഭീഷണിയുമൊക്കെ ശങ്കിക്കുന്നവര്‍, ഭയപ്പെടുന്നവര്‍ ഇതൊക്കെ തുറന്നു കാട്ടാനും എതിര്‍ക്കാനും ചങ്കൂറ്റമുണ്ടാവുക ഇടതുപക്ഷത്തിനാണെന്ന് വിശ്വസിക്കുന്നവരുണ്ട്.

തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം ഐതിഹാസിക വിജയം നേടിയ ബിജെപിയും ആ നേട്ടത്തില്‍ ഊറ്റം കൊള്ളതെ രാജ്യത്തെ എല്ലാ വിഭാഗം ജനതയുടെയും ഉന്നമനത്തിന്നായി, ജനാധിപത്യ വ്യവസ്ഥയുടെ കരുത്തിന്നായി സംശുദ്ധ ഭരണത്തിന്നായി എന്തൊക്കെ പുതുതായി ചെയ്യണം എന്ന് പരിശോധിക്കണം. ചെയ്ത കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ, ഏതെങ്കിലും വിഭാഗങ്ങളുടെ മനസില്‍ ആധിയോ ഭയാശങ്കകളോ അവശേഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പ്രത്യേകിച്ചും ഭാരതം കാത്തു സൂക്ഷിച്ചു പോന്ന മതേതരത്വത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും ഊനംതട്ടാതെ നോക്കാന്‍ അണികളെ ജാഗരൂകരാക്കണം.

മതന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പി സർക്കാരിനോടുള്ള ഭയവും ആശങ്കയും പരിഹരിക്കണം. സ്വാതന്ത്ര്യ പ്രാപ്തിയോടെ ഭാരതം ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെടുമ്പോൾ ‘ഞങ്ങൾ പാക്കിസ്ഥാനിലേക്കില്ല; ഭാരതമാണ് ഞങ്ങളുടെ മാതൃരാജ്യ’മെന്നുപറഞ്ഞു ഉറച്ച് നിന്നവരാണ് ഇവിടുത്തെ മുസ്ലീങ്ങൾ. അവർക്കിടയിൽ അടുത്തകാലത്ത് ഉയർന്നുവന്നിട്ടുള്ള ആവലാതികളും ആശങ്കകളും പരിഹരിക്കാനും കേന്ദ്രസർക്കാർ മുൻകൈ എടുക്കണം. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും നാടിന്റെ ഐക്യവും വികസനവും പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള പുതിയൊരു കാഴ്ചപ്പാടില്‍ നീങ്ങാന്‍ ഈ തെരഞ്ഞെടുപ്പ് വിധി പ്രേരകമാവണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top