Flash News

സൂറത്തില്‍ വന്‍ അഗ്നിബാധ; 19 കുട്ടികള്‍ വെന്തു മരിച്ചു

May 25, 2019

suratസൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആര്‍ട്‌സ് കോച്ചിങ് സെന്ററിന് തീപിടിച്ച് 19 കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചു. ഇതില്‍ 16 പേര്‍ പെണ്‍കുട്ടികളാണ്. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണമായ സംഭവമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ തീപിടിച്ച കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരെല്ലാം 19 വയസ്സിന് താഴെയുള്ളവരാണ്.

കോച്ചിങ് സെന്ററിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു.

സ്റ്റേയർകേസിന്റെ ഭാഗത്ത് തീ പടർന്നതോടെ വിദ്യാർത്ഥികൾക്ക് താഴേയ്ക്ക് ഇറങ്ങാൻ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് സൂററ്റ് പോലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവ സമയത്ത് അറുപതോളം ആളുകൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് സൂചന. തീപടർന്നതോടെ പ്രദേശത്ത് പുക പടരുകയായിരുന്നു.

ട്യൂഷന്‍ സെന്റര്‍ അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോപണമുയര്‍ന്നു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. രണ്ട് നിലകള്‍ അനധികൃതമായാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ ഉടമകൾ ഒളിവിലാണ്. 19 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ട്യൂഷന്‍ സെന്ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top