Flash News

തിരുത്താനെനിക്ക് മനസ്സില്ല; തിരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി ശൈലിയില്‍ യാതൊരു മാറ്റവും ഞാന്‍ വരുത്തില്ലെന്നും രാജി വെക്കില്ലെന്നും പിണറായി വിജയന്‍

May 25, 2019

Pinarayതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്നു കരുതി എന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ തത്ക്കാലം ഉദ്ദേശമൊന്നുമില്ലെന്നും, പരാജയം താല്‍ക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും. ശബരിമല തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ല. ശബരിമല സ്വാധീനിച്ചിരുന്നെങ്കില്‍ അത് ബിജെപിക്ക് നേട്ടമാകുമായിരുന്നു. മോദി ഭരണം വരരുതെന്നാഗ്രഹിക്കുന്നവരായിരുന്നു നല്ലൊരു ശതമാനവും. മോദി വീണ്ടും വരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന ചിന്ത വന്നു. അമേഠിയിലെ പരാജയഭീതി മൂലമാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. പരാജയത്തിന്റെ എല്ലാ കാരണവും പരിശോധിക്കും. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ വിശ്വാസികള്‍ പൂര്‍ണമായി എല്‍ഡിഎഫിന് എതിരല്ലെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല വിധി ഇപ്പോഴും നിലനില്‍ക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് കാരണം സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളാണെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് യുഡിഎഫ് കേരളത്തില്‍ പ്രചരിപ്പിച്ചു. ഇത് ജനങ്ങളെ സ്വാധീനിച്ചു. എന്നാല്‍ ആര്‍എസ്എസിന് പ്രവേശിക്കാനാകാത്ത സംസ്ഥാനമായി ഇന്നും കേരളം നിലനില്‍ക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനമാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ നേട്ടം യുഡിഎഫിന് ലഭിച്ചു. ഇത് താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ധാര്‍ഷ്ട്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം പിണറായിക്ക് കൊടുക്കണമെന്ന് മുല്ലപ്പള്ളി

555558999കോഴിക്കോട്: ധാര്‍ഷ്ട്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് കൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യാഥാര്‍ത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ വിലയിരുത്തണം. എന്നാല്‍ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

2004ല്‍ ഇതുപോലൊരു ജനവിധിയുണ്ടായപ്പോള്‍ അന്തസ്സുണ്ടെങ്കില്‍ രാജിവെച്ച് പോവണമെന്ന് ആന്റണിയോട് ആക്രോശിച്ചവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ആ അവസ്ഥയുണ്ടായപ്പോള്‍ എന്താണ് ഇവര്‍ രാജിവെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

പത്തനംതിട്ടയില്‍ ബിജെപി കാണിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യണം. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായേ കുമ്മനത്തെ കണ്ടിട്ടുള്ളൂവെന്ന നിലപാടില്‍ മാറ്റമില്ല. രാഹുല്‍ ഗാന്ധി രാജി വയ്ക്കുന്ന പ്രശ്‌നമില്ല. കോണ്‍ഗ്രസില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേരളത്തിലെ 19 സീറ്റില്‍ ജയിച്ചിട്ടും ആലപ്പുഴയില്‍ മാത്രം തോറ്റ കാര്യം പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴ തോല്‍വിയെ കുറിച്ച് അന്വേഷിക്കും. പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പിന്നെ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഷാനിമോള്‍ ജയിക്കേണ്ട സ്ഥാനാര്‍ത്ഥിയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top