Flash News

എം എ യൂസഫലി യു‌എ‌ഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് ലഭിച്ച ആദ്യത്തെ വിദേശി

June 4, 2019 , .

Yousuf-Ali-gets-first-Gold-Cardവിദേശികള്‍ക്ക് യുണെറ്റഡ് അറബ് എമിറേറ്റ്സില്‍ സ്ഥിരമായി താമസിക്കാനുള്ള ‘ഗോള്‍ഡ് കാര്‍ഡ്’ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ലഭിച്ചു. യുഎയില്‍ ആജീവനാന്തം താമസിക്കാനുള്ള ഔദ്യോഗിക രേഖയാണ് ഗോള്‍ഡ് കാര്‍ഡ്. ആദ്യ ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന പ്രവാസി എന്ന ബഹുമതിയും യൂസഫലിക്ക് ലഭിച്ചു.

വന്‍കിട നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍ തുടങ്ങിയവരില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്ക് മാത്രം രാജ്യം നല്‍കുന്ന സ്ഥിരതാമസാനുമതിയാണ് ഗോള്‍ഡന്‍ കാര്‍ഡ്. വിനയത്തോടെയും വലിയ അഭിമാനത്തോടെയുമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ നേട്ടം സ്വീകരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ആദ്യ ഗോള്‍ഡ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന് നല്‍കിയ കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയീദ് സാലിം അല്‍ ഷംസിയാണ് ഗോള്‍ഡ് കാര്‍ഡ് യൂസഫലിക്ക് കെമാറിയത്.

കഴിഞ്ഞ 45 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യൂസഫലി യുഎഇ തന്‍റെ വീടാണെന്നാണ് വ്യക്തമാക്കിയത്. 1973ല്‍ യുഎഇയില്‍ എത്തിയതു മുതല്‍ താന്‍ സ്വപ്നം കണ്ടതിനെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഈ രാജ്യം സമ്മാനിച്ചിട്ടുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ആദ്യത്തെ ഗോള്‍ഡ് കാര്‍ഡ് ലഭിക്കുക എന്നത് തീര്‍ച്ചയായും വലിയ കാര്യമാണെന്നും ഭരണാധികാരികളോട് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന് സമാനമായി യുഎഇയില്‍ ഗോള്‍ഡ് കാര്‍ഡ് എന്ന പേരിലാണ് സ്ഥിരാനുമതി ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 6800 പേര്‍ക്കാണ് സ്ഥിരതാമസ അനുമതിയ്ക്കായുള്ള ഗോള്‍ഡ് കാര്‍ഡ് ലഭിക്കുക. ഗോള്‍ഡ് കാര്‍ഡ് ലഭിച്ച വി?ദേശികളില്‍ ഒന്നാമനാണ് എം.എ യൂസഫലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്ഥിരതാമസാനുമതി നല്‍കുന്നത്.

ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്നയാള്‍ക്ക് രാജ്യത്ത് സ്ഥിര താമസിക്കുന്നതിനൊപ്പം ഭാര്യയെയോ ഭര്‍ത്താവിനെയോ മക്കളെയോ കൂടെ കൂട്ടാം. ഇവര്‍ക്കും രാജ്യത്ത് സ്ഥിരമായി താമസിക്കാവുന്നതാണ്. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് സംവിധാനത്തിന്‍ കീഴില്‍ പരിമിത കാലാവധിയിലേയ്ക്കുള്ള റസിഡന്‍സ് പെര്‍മിറ്റുകളാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. വന്‍കിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പാഫ്രെഷണലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ഗോള്‍ഡ് കാര്‍ഡിന്‍റെ പ്രധാന ലക്ഷ്യം.

യു.എ.ഇ ഗോള്‍ഡന്‍ കാര്‍ഡിന്‍റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിക്കുക ഇന്ത്യക്കാര്‍ക്ക് ആയിരിക്കും. കാരണം യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. ഏകദേശം ഒന്‍പത് മില്യണ്‍ പ്രവാസികളാണ് യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗോള്‍ഡന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ അധികവും ഇന്ത്യക്കാരാകാനാണ് സാധ്യത.

പ്രവാസികള്‍ക്ക് യുഎഇയില്‍ ദീര്‍ഘകാല വിസ ലഭിക്കുന്നതിനുള്ള അംഗീകാരം കഴിഞ്ഞ ദിവസം നടപ്പിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിസ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കുമാണ് ദീര്‍ഘകാല വിസയ്ക്ക് അനുമതിയുള്ളത്.

യുഎഇയില്‍ പത്തു വര്‍ഷത്തേക്കുള്ള വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്. അപേക്ഷാ ഫീസായി 150 ദിര്‍ഹവും വിസയുടെ നിരക്കായി 1000 ദിര്‍ഹവുമാണ് ഈടാക്കുന്നത്. അഞ്ചു വര്‍ഷത്തെ വിസയ്ക്ക് 650 ദിര്‍ഹമാണ് നിരക്ക്. ഇതിലും 150 ദിര്‍ഹം അപേക്ഷാ ഫീസും 500 ദിര്‍ഹം വിസ നിരക്കുമാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 1100 ദിര്‍ഹമാണ് നിരക്ക്.

നിലവില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ദീര്‍ഘകാല വിസ ലഭിച്ചിട്ടുള്ളത്. റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നിവരാണ് ദീര്‍ഘകാല വിസ ലഭിച്ച ഇന്ത്യന്‍ പ്രവാസികള്‍. ഭാര്യയും മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങള്‍ക്ക് പത്തു വര്‍ഷത്തെ വിസ ലഭിച്ചതായി വാസു ഷ്?റോഫ് വ്യക്തമാക്കിയിരുന്നു.

അപേക്ഷകരുടെ കുടുംബാംഗങ്ങള്‍ക്കും 10 വര്‍ഷത്തെ വിസ ലഭിക്കുന്നതാണ്. 1150 ദിര്‍ഹം തന്നെയാണ് ഇതിനായി ഓരോരുത്തരും നല്‍കേണ്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ വിസ നിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയിലും മറ്റും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ്ക്ക് ഏകദേശം 5,000 ദിര്‍ഹമെങ്കിലും ചെലവാകും.

കഴിഞ്ഞ ആഴ്ചമുതലാണ് ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആറായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ ദീര്‍ഘകാല വിസയ്ക്കായി ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 10 വര്‍ഷത്തെ റെസിഡന്‍സി വിസ കൂടുതല്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഓരോരോ വര്‍ഷത്തെ വിസകള്‍ കാലാവധിയ്ക്ക് ശേഷം പുതുക്കേണ്ട ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ല.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, എക്സിക്യൂട്ടീവ് ഡയരക്ടര്‍മാര്‍, വിരമിച്ച വിദേശികളായ വിദഗ്ധര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷത്തെ വിസയ്ക്ക് അര്‍ഹതയുള്ളത്. കൂടാതെ മികച്ച കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 650 ദിര്‍ഹം നല്‍കിയാല്‍ അഞ്ചു വര്‍ഷത്തെ വിസ ലഭിക്കും. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് 100 ദിര്‍ഹം വീതം നല്‍കി ഒരു വര്‍ഷത്തെ റെസിഡന്‍സി വിസ നീട്ടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top