Flash News

ഇന്ത്യയില്‍ ധാര്‍മ്മികത അസ്തമിച്ചു, പകരം ഇനി വര്‍ഗീയ പോരാട്ടം !

June 3, 2019 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി

Indiayil dharmikatha bannerഅടുത്തകാലം വരെ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും സിക്കുകാരനും, ബുദ്ധമത വിശ്വാസിക്കും സന്യാസിക്കും യുക്തിവാദിക്കുമൊക്കെ പ്രിയപ്പെട്ട ധര്‍മ്മരാജ്യമായിരുന്നു ഇന്ത്യ. ആ കാലമൊക്കെ ഓടിമറ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വിവിധ ജാതിമതസ്ഥര്‍ തമ്മിലുള്ള സ്‌നേഹവിശ്വാസങ്ങള്‍ക്ക് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗവും ഭയന്നും കഴിയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളുമൊക്കെ കൂടി സത്യത്തേയും നീതിയേയും ധാര്‍മികതയേയും സാമൂഹ്യജീവിതത്തില്‍ നിന്നും നിഷ്കാസനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ ജാതിമത വിശ്വാസികളേയും ഒന്നായി കണ്ട് ആദരിച്ചിരുന്ന ഭാരതത്തിന്റെ മതേതരത്വത്തെ ഹിന്ദു വര്‍ഗീയത അതിന്റെ ഭീകര രൂപം പൂണ്ട് അദ്വാനിയുടെ നേതൃത്വത്തില്‍ ബാബ്‌റി മസ്ജിദ് ഇടിച്ച് തകര്‍ത്തപ്പോള്‍ “യതോ ധര്‍മ്മ സ്തതോ ജയ” എന്ന ഹിന്ദു ഈശ്വര സാക്ഷാത്കാരത്തിന്റെ നടുവൊടിഞ്ഞു!

THOMAS PHILIP PROFILE PIC reducedഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങളില്‍ മത- വര്‍ഗീയ വിദ്വേഷത്തെ ഉദ്ദാപിപ്പിച്ച് വളര്‍ത്തിയത് ഇപ്പോള്‍ മൗനം ഭജിച്ച് ദുഖാകുലനായിരിക്കുന്ന അദ്വാനിയായിരുന്നു. രാമക്ഷേത്രത്തിനും ഹിന്ദുത്വ വര്‍ഗീയതയ്ക്കും വണ്ടി ഇന്ത്യയിലുടനീളം അദ്വാനി നടത്തിയ രഥയാത്രയുടെ ഉദ്ദിഷ്ട ഫലം ഒടുവില്‍ അനുഭവിച്ചത് അദ്ദേഹത്തിന്റെ മാനസപുത്രനും കൗശലക്കാരനുമായ നരേന്ദ്രമോദിയുമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട് നിരപരാധികളായ നൂറുകണക്കിന് മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യിച്ച് ലോകത്താല്‍ അപലപിപ്പിക്കപ്പെട്ട നരേന്ദ്രമോദി അമിത് ഷായുടെ തോളോടുതോള്‍ ചേര്‍ന്നുകൊണ്ട്, അതേ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷപ്പുക ചീറ്റിക്കൊണ്ട് വീണ്ടും ഇതാ രണ്ടാം പ്രാവശ്യവും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു തക്കവണ്ണം നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്ത് നന്മയാണ് ചെയ്തത്?

തികച്ചും അവിശ്വസനീയമാംവിധം ബി.ജെ.പി കരസ്ഥമാക്കിയ 303 സീറ്റുകള്‍ യഥാര്‍ത്ഥമായ ജനവിധിയിലൂടെ കരസ്ഥമാക്കിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ആരുണ്ട് ഇന്ന് ഇതിനെ ചോദ്യം ചെയ്യാന്‍? ജനാധിപത്യഭരണമല്ല, മറിച്ച് മോദിയുടെ ഏകാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കാണ്  അറിഞ്ഞുകൂടാത്തത്? നിഷ്പക്ഷമായ നീതിനിര്‍വഹണം നടത്തുന്ന ഒരു ഉന്നത നീതിപീഠവും ഇലക്ഷന്‍ കമ്മീഷണറും ഇന്ന് ഇന്ത്യയില്‍ ഇല്ല എന്നുള്ളതല്ലേ സത്യം? ക്രമക്കേടുകള്‍ക്കെതിരായി ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ന്യായാധിപന്മാര്‍ വാര്‍ത്താ സമ്മേളനം പോലും നടത്തുവാന്‍ ഇടയാക്കിയ ഇന്ത്യയുടെ സുപ്രീംകോടതിയും ഇലക്ഷന്‍ കമ്മീഷണറുമൊക്കെ ബി.ജെ.പിക്കും, നരേന്ദ്രമോദിക്കും അനുകൂലമായ നിലപാട് തന്നെയല്ലേ എടുത്തുകൊണ്ടിരിക്കുന്നത്? അല്ലായിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇലക്ഷന് തൊട്ടടുത്ത് നടത്തിയ ബി.ജെ.പി പ്രചാരണ യോഗത്തില്‍ “ഇന്ത്യയിലെ മുസ്ലീംങ്ങളേയും ക്രിസ്ത്യാനികളേയും ഞങ്ങള്‍ ഇന്ത്യയില്‍ നിന്നു തുരത്തും’ എന്ന് അട്ടഹസിക്കുമായിരുന്നോ? ലോകം മുഴുവന്‍ കേട്ട വിഢിത്ത പ്രസ്താവനയാണിത്. ക്രിസ്ത്യാനിയായ ബി.ജെ.പി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഇതുകേട്ട് അമിത് ഷായ്ക്ക് കയ്യടിച്ചുകാണും! അങ്ങേയറ്റം അപലപനീയവും അധാര്‍മ്മികവും ഭരണഘടനാവിരുദ്ധവുമായ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഈ വര്‍ഗ്ഗീയ ഭീഷണി സുപ്രീംകോടതിയുടേയും ഇലക്ഷന്‍ കമ്മീഷന്റേയും ദൃഷ്ടിയില്‍ തെറ്റല്ലേ? അല്ലെങ്കില്‍ ഇമ്മാതിരി പ്രസ്താവനകള്‍ക്കെതിരായി അവര്‍ പ്രതികരിക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ? ഇതാണോ ബി.ജെ.പി വിഭാവനം ചെയ്യുന്ന ഹിന്ദുത്വവും, രാമരാജ്യവും? അന്യ ജാതി മതസ്ഥന്റെ കഴുത്തുവെട്ടാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഏതെങ്കിലും ദൈവങ്ങള്‍ ആകാശത്തിന്‍ കീഴിലോ, മുകളിലോ ഉണ്ടോ?

ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗ്ഗീയതയാണെന്നു ഇന്ത്യയിലെ ഏറ്റവും നല്ല ഹിന്ദുവായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ബി.ജെ.പിയേയും അതിന്റെ നേതാക്കന്മാരേയും പോലെ ഇത്രയധികം ജാതിമത വര്‍ഗീയ വിദ്വേഷത്തെ ഇന്ത്യയിലെ ഹൈന്ദവ ജനങ്ങള്‍ത്തിടയില്‍ വളര്‍ത്തിയ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും, രാഷ്ട്രീയ നേതാക്കന്മാരും ഇല്ല. മുന്‍ ബി.ജെ.പി പ്രധാനമന്ത്രി വാജ്‌പേയിയെ ഞാന്‍ ഒരിക്കലും ഈ ലിസ്റ്റില്‍ പെടുത്തുകയുമില്ല. വാസ്തവത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ മനംനൊന്ത വാജ്‌പേയി മോദി മന്ത്രിസഭയെ പിരിച്ചുവിടാന്‍ എടുത്ത തീരുമാനത്തെ പരാജയപ്പെടുത്തിയത് അദ്വാനി ഉയര്‍ത്തിയ രാജിഭീഷണിയിലൂടെയായിരുന്നു.

ജാതിയുടേയും മതത്തിന്റേയും പശുവിന്റേയും പേരില്‍ എത്രയെത്ര നിരപരാധികളാണ് വടക്കേ ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടത്.? കാശ്മീരിലെ കഠ്വയില്‍ ആസിഫ് എന്ന എട്ടുവയസ്സുകാരി ബാലികയെ വര്‍ഗ്ഗീയവാദികള്‍ കൂട്ടമായി ബലാത്കാരം ചെയ്ത് പിച്ചിച്ചീന്തി കൊന്നത് ജാതിയുടെ പേരിലായിരുന്നില്ലേ? എത്രയോ ക്രിസ്തീയ പുരോഹിതന്മാരേയും കന്യാസ്ത്രീകളേയുമൊക്കെ ജാതിയുടെ പേരില്‍ വടക്കേ ഇന്ത്യയില്‍ കൊന്നിരിക്കുന്നു! 1999 ജനുവരി 23-നു ഗ്രഹാം സ്റ്റെയിന്‍സ് എന്ന ഓസ്‌ട്രേലിയക്കാരനേയും മക്കളായ പത്തു വയസ്സുകാരന്‍ ഫിലിപ്പിനേയും ആറു വയസ്സുകാരന്‍ തിമോത്തിയേയും അവര്‍ രാത്രി ഉറങ്ങിക്കിടന്ന വാനിന് തീയിട്ട് ചുട്ടുകൊന്നത് ക്രിസ്ത്യാനി എന്ന കാരണത്താലായിരുന്നു. ഹിന്ദു മത വേദാന്തം പഠിപ്പിക്കുന്നതോ “പരോപകാരമേ പുണ്യം, പാപമേ പരപീഡനം” എന്നുമാണല്ലോ?

“ഇതിലും വലുത് മാളത്തില്‍ കിടക്കുന്നു” എന്നു പറഞ്ഞതുപോലെ ബി.ജെ.പി- ആര്‍.എസ്.എസ് സഖ്യകക്ഷികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ട് ഇതുവരെ നടത്തിയിട്ടുള്ള വര്‍ഗീയ വിദ്വേഷങ്ങള്‍ക്കും, കലാപങ്ങള്‍ക്കും, ബലാത്കാരങ്ങള്‍ക്കും പീഢനങ്ങള്‍ക്കും, കൊലകള്‍ക്കും പതിന്മടങ്ങ് വലുതായിട്ടുള്ള അക്രമങ്ങളും അധര്‍മ്മങ്ങളും മോദി, അമിത് ഷാമാരുടെ മഹത്തായ രണ്ടാംവട്ട ഭരണത്തില്‍ ഉണ്ടാകാന്‍പോകുന്നു! ഇന്ത്യയില്‍ ധര്‍മ്മരാജ്യം അസ്തമിച്ചുകഴിഞ്ഞു. ഇനിയും വര്‍ഗീയ വിദ്വേഷത്തിന്റേയും പീഡനങ്ങളുടേയും ഹിന്ദു രാജ്യം! ഇനിയും ഇസ്ലാം- ക്രിസ്ത്യന്‍ രാജ്യങ്ങളും ഇമ്മാതിരി വര്‍ഗീയ വിദ്വേഷം ആരംഭിച്ചാല്‍ ലോകത്തിന്റെ ഗതിയെന്തായിരിക്കും?

ഈദൃശമായ ധാര്‍മികമൂല്യങ്ങളുമായി നരേന്ദ്രമോദി അധികം ശോഭിക്കാന്‍ പോകുന്നില്ലെന്നു അടിവരയിട്ട് ഞാനിവിടെ പറഞ്ഞുകൊള്ളട്ടെ. അഹങ്കാരികളും അധര്‍മ്മികളുമായ ഏകാധിപതികളെ നീണ്ടനാള്‍ വാഴാന്‍ സര്‍വ്വേശ്വരന്‍ അനുവിച്ചിട്ടില്ലംന്നുള്ളത് ഒരു ചരിത്ര സത്യമാണ്. സോളമന്‍ പറഞ്ഞു: “ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും;  തന്റെ പാപശാപങ്ങളാല്‍ അവന്‍ പിടിപെടും.” യാതൊരു മാറ്റവുമില്ലിതിന്. കൂടാതെ കര്‍മ്മഫലം എന്ന് ഒന്നുണ്ടല്ലോ. അതും അനുഭവിക്കാതെ ഒരു മിടുക്കനും മിടുക്കിയും ശക്തന്‍തമ്പുരാന്‍മാരും രക്ഷപെടാന്‍ പോകുന്നില്ല! 40 ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമയിലെ ഭീകരാക്രമണം തെരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല പറഞ്ഞത് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇതിനെപ്പറ്റി ഒരു അന്വേഷണം നടത്താമോ?

ഇനിയും മറ്റൊരു സത്യം: ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ദയനീയമായി തോല്‍പിച്ചത് ബി.ജെ.പി അല്ല. പ്രത്യുത അത് പ്രതിപക്ഷ പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മമാതാ ബാനര്‍ജിയും, മായാവതിയും, കേജ്രിവാളും ശരദ് പവാറും, മുലായംസിംഗ് യാദവും, ആന്ധ്രയിലേയും കര്‍ണ്ണാടകയിലേയും കാലുവാരി പാര്‍ട്ടികളും സ്ഥാനമോഹികളായ കോണ്‍ഗ്രസ് നേതാക്കന്മാരും കൂടിച്ചേര്‍ന്നാണ്. അവസാനം കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ച രാഹുല്‍ഗാന്ധിയും പ്രിയങ്കയും അവമാനിതരുമായിരിക്കുന്നു! ഹാ കഷ്ടം!

സത്യത്തേയും ധാര്‍മിക മൂല്യങ്ങളേയും മാനിക്കാത്ത ഭരണാധികാരികള്‍ അപകടകാരികളാകുന്നു. യഥാര്‍ത്ഥമായ ഹൈന്ദവ ദര്‍ശനത്തിന്റെ ആത്മസത്ത അതിന്റെ ധാര്‍മ്മികമൂല്യങ്ങളാകുന്നു. ജാതി മത വര്‍ഗ്ഗീയ വിദ്വേഷവും പരപീഢനങ്ങളുമല്ലത്. ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളേയും ഭരിക്കുന്ന ശക്തമായ ചേതോവികാരം വര്‍ഗീയതയാകുന്നു എന്നുള്ളതാണ് സത്യം. ഇത് ഹിന്ദുത്വമോ ഈശ്വരസാക്ഷാത്കാരമോ അല്ല. ഇന്ത്യയില്‍ നിന്നും ധാര്‍മ്മികത്വവും മതസൗഹാര്‍ദ്ദവും അസ്തമിച്ചുപോയിരിക്കുന്നു! പകരം ബി.ജെ.പി- ആര്‍.എസ്.എസ് സഖ്യകക്ഷികളുടെ വര്‍ഗ്ഗീയസ്പര്‍ദയും വൈരവും ഇന്ന് ഉദയം ചെയ്തിരിക്കുന്നു വ്യാസന്റേയും വാത്മീകിയുടേയും, വിവേകാനന്ദന്റേയും ജന്മനാട്ടില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “ഇന്ത്യയില്‍ ധാര്‍മ്മികത അസ്തമിച്ചു, പകരം ഇനി വര്‍ഗീയ പോരാട്ടം !”

  1. ഹനീഫ എം എ says:

    ലേഖകന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ഇനി വര്‍ഗീയ ലഹളകളുടെ ഈറ്റില്ലമാകാന സാധ്യതയുണ്ടെന്നാണ്. അത് തീര്‍ത്തും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. മോദിയുടെ ഭൂതകാലം ചികഞ്ഞുനോക്കിയാല്‍ എല്ലാവര്‍ക്കും തോന്നാവുന്ന വികാരമാണ് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഏതായാലും കാത്തിരുന്ന് കാണാം..

  2. ഹനീഫ എം എ says:

    മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്‍റെ വാക്കുകള്‍ ഞാം കടമെടുക്കുന്നു….

    “ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ വിജയമാണ് ബി.ജെ.പി നേടിയതെങ്കിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതില്‍ വല്ല വാസ്തവവുമുണ്ടോ? വോട്ടിംഗ് മെഷീനില്‍ എങ്ങിനെ കൃത്രിമം നടത്തി എന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്? ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ ബി.ജെ.പി ചിഹ്നത്തില്‍ പതിഞ്ഞു എന്നാണോ? അങ്ങിനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തിലെ 5 ബൂത്ത് വീതം വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ? 543 പാര്‍ലമെന്‍റ് മണ്ഡലത്തിലെയും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വി.വി പാറ്റുകള്‍ എണ്ണിയപ്പോള്‍ ഒരിടത്ത് പോലും വ്യത്യാസം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

    ഇനി ഇ.വി.എം ഹാക്ക് ചെയ്തു എന്നു പറയുന്നവര്‍ എങ്ങിനെ അത് ചെയ്തു എന്നാണ് പറയുന്നത്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിനുള്ള സാധ്യതകളുണ്ട് എന്ന് പറഞ്ഞാല്‍ വാദത്തിന് അംഗീകരിക്കാം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലോ? മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും കര്‍ണാടകയിലുമൊക്കെ ബി.ജെ.പി ഇതര ഗവണ്‍മെന്‍റുകളല്ലേ ഭരണത്തിലിരിക്കുന്നത്? എന്നിട്ടുമെങ്ങിനെയാണ് ബിജെപിക്ക് ഇത്രയധികം സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് പോലും കിട്ടിയത്? സ്റ്റേറ്റ് മെഷിനറി അറിയാതെ മറ്റാര്‍ക്കെങ്കിലും ഇ.വി.എം കെകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയുമോ? ഇനി ഹാക്ക് ചെയ്ത മെഷീന്‍ എന്തേ കേരളത്തിലും തമിഴ്നാട്ടിലും വരാതിരുന്നത്. ഒരു സെറ്റ് മെഷീന്‍ ആ തിരുവനന്തപുരത്തേക്കെങ്കിലും ബി.ജെ.പി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കില്‍ ഇ.വി.എമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ?

    എന്‍റെ അഭിപായത്തില്‍ ഇ.വി.എമ്മില്‍ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍. എസ്.എസ്സാണ്. പ്രതിപക്ഷത്തെ ആ കെണിയില്‍ വീഴ്ത്തിയതാണ്. ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മനം മടുത്ത ഒരു ജനത ഇവിടെ ഉണ്ട് എന്നത് വസ്തുതയാണ്. അവരുടെ അവസാനത്തെ ആയുധമാണ് ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുക എന്നത്. എന്നാല്‍ ഇ.വി.എമ്മില്‍ ബി.ജെ.പിക്കെതിരെ നിങ്ങള്‍ വോട്ട് ചെയ്താലും കാര്യമില്ല എന്ന് വന്നാല്‍ ആരെങ്കിലും വോട്ടു ചെയ്യാന്‍ പോവുമോ? അതിന്‍റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുക. രാജ്യത്ത് പോള്‍ ചെയ്യാത്ത വോട്ടിന്‍റെ നല്ലൊരു ശതമാനം ഇത്തരക്കാരുടേതായിരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.”

    ***************************
    പി.കെ. ഫിറോസ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചത് ബി.ജെ.പിയല്ലെന്നും, മറിച്ച് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്തരം അബദ്ധജഡിലമായ അഭിപ്രായങ്ങള്‍ പടച്ചുവിടുകയില്ലായിരുന്നു. ശ്രീ തോമസ് ഫിലിപ്പ് പറയുന്നതുപോലെ ഇത്രയുമധികം ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചത് അട്ടിമറിയിലൂടെയാണെന്ന് സാരം. ഫിറോസ് പറയുന്നതുപോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിയല്ല വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്യുന്നത്. അങ്ങ് ഡല്‍ഹിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിന്റെ ശാഖകള്‍ ഓരോ സംസ്ഥാനത്തുമുണ്ട്, അവര്‍ കേന്ദ്ര ഭരണത്തിന്‍ കീഴിലുള്ളവരാണെന്നും മനസ്സിലാക്കുക.

    ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു പരിധിവരെ സംഭവിക്കാവുന്നതാണെങ്കിലും, ഗുജറാത്തില്‍ മോദിയും അമിത്‌ഷായും ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ആരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും.

  3. ഉദയകുമാര്‍, ബഹ്‌റൈന്‍ says:

    ഉത്തരേന്ത്യയില്‍ വര്‍ഗീയ കാര്‍ഡിറക്കി വോട്ടുകള്‍ നേടുന്ന ബിജെപി ആ തന്ത്രം കേരളത്തിലും പയറ്റുകയാണ്. ശബരിമല വിവാദം തന്നെ ഉദാഹരണമായി എടുക്കാം. എത്രയോ വര്‍ഷങ്ങളായി യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ സര്‍‌വ്വ മത പുണ്യഭൂമിയായി കരുതുന്ന ശബരിമലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കോലാഹലങ്ങള്‍ സംഘ്‌പരിവാറും ബിജെപിയും ആര്‍ എസ് എസും കരുതിക്കൂട്ടി രൂപപ്പെടുത്തിയെടുത്തതാണ്. അന്‍‌പതു വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ വിലക്കുണ്ടെന്നുള്ളത് അറിഞ്ഞിരുന്നിട്ടും ‘സ്ത്രീ സമത്വം’ എന്ന അജണ്ടയുമായി അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചത് ബിജെപി അനുഭാവികള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ്. വിധി കല്പിച്ചതോ ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ വലം കൈയ്യായിരുന്ന ചീഫ് ജസ്റ്റിസും. റിട്ടയര്‍മെന്റിന്റെ തലേ ദിവസമല്ലേ അയാള്‍ ആ വിധി പുറപ്പെടുവിച്ചത്? ബിജെപിക്ക് അറിയാമായിരുന്നു കേരള സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന്. ‘വിശ്വാസികളുടെ’ പേരും പറഞ്ഞ് ബിജെപി ആര്‍ എസ് എസ് സംഘ്‌പരിവാരങ്ങള്‍ ശബരിമലയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലം കേരളത്തിലും വര്‍ഗീയ ചേരിതിരിവുകളുണ്ടാകാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top