Flash News

കൈയ്യടക്കിത്തുടങ്ങി

June 9, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Kayyadakithudanghi bannerകേന്ദ്ര മന്ത്രിസഭാ സമിതികളുടെ പുന:സംഘടനയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഒരു തുടക്കം മാത്രമാണ്. ആഭ്യന്തര മന്ത്രിയായി കേന്ദ്ര സര്‍ക്കാറില്‍ എത്തിയ അമിത്ഷാ ഭരണയന്ത്രം കൈയ്യടക്കുന്നതിന്റെ തുടക്കം. ആ നീക്കം സൃഷ്ടിക്കുന്ന വൈരുദ്ധ്യം ഇനിയും മൂര്‍ച്ഛിക്കുമെന്നതിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘അദൃശ്യ പ്രധാനമന്ത്രി’ അമിത്ഷായും കേന്ദ്രഭരണം ഒന്നിച്ച് കൈയ്യാളുന്ന പരീക്ഷണത്തിന്റെ തുടക്കം കൂടിയാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അവസാന രൂപം നല്‍കിയ ആറ് മന്ത്രിസഭാ സമിതികളില്‍ കഴിഞ്ഞ മന്ത്രിസഭയുടെ ആറു സമിതികളിലും അംഗമായിരുന്ന രാജ്‌നാഥ് സിംഗിനെ രണ്ടെണ്ണത്തില്‍ ഒതുക്കി. മോദിക്കുപോലും അത് വിശദീകരിക്കാനാവില്ല. മന്ത്രിസഭയില്‍ രണ്ടാമനും പ്രതിരോധമന്ത്രിയുമായ ഒരാളെ പ്രതിരോധ സമിതിയില്‍നിന്നും സുപ്രധാന രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ഒഴിവാക്കിയതിനെ. അമിത് ഷാ ആറു സമിതികളിലും അംഗമാകുകയും കൂടി ചെയ്തപ്പോള്‍.

Photo1ബുധനാഴ്ച രാത്രി പരസ്യപ്പെടുത്തിയ പുതുക്കിയ ഈ സമിതികള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിശദീകരണമില്ലാതെ വീണ്ടും പുതുക്കി ഇറക്കേണ്ടിവന്നു. രണ്ട് പുതിയ സമിതികള്‍കൂടി ചേര്‍ത്ത്. രാജ്‌നാഥ് സിംഗിനെ രക്ഷാസമിതിയിലും രാഷ്ട്രീയകാര്യ സമിതിയിലും ഉള്‍പ്പെടുത്തേണ്ടിവന്നു. മഹാഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപീകരിച്ചശേഷം ആദ്യം എടുത്ത തീരുമാനം പൊളിച്ചെഴുതേണ്ടിവന്നത് വെറുതെയല്ല. പാര്‍ട്ടിയിലും മന്ത്രിസഭയിലും തന്നെക്കാള്‍ ജൂനിയറായ അമിത് ഷായ്ക്ക് കീഴ്‌പ്പെട്ട് മന്ത്രിസഭയില്‍ തുടരാന്‍ താല്പര്യമില്ലെന്ന കര്‍ശന നിലപാട് രാജ്‌നാഥ് സിംഗ് സ്വീകരിച്ചതിനെ തുടര്‍ന്നാണ്.

തന്റെ ഉറച്ച തീരുമാനം രാജ്‌നാഥ് സിംഗ് ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചു. അവരുടെ ഇടപെടലില്‍ തിരുത്താമെന്ന ഉറപ്പുമായി മോദിതന്നെ രാജ്‌നാഥിനെ ബന്ധപ്പെട്ടു. യു.പി.എ ഗവണ്മെന്റ് രൂപീകരിച്ച നിക്ഷേപ – തൊഴില്‍ -നൈപുണ്യവികസന മന്ത്രാലയ സമിതികള്‍ മോദി കഴിഞ്ഞതവണ വേണ്ടെന്നുവെച്ചിരുന്നു. അവ തിരിച്ചുകൊണ്ടുവന്ന് രാജ്‌നാഥ് സിംഗിന്റെ പ്രാതിനിധ്യം നാലാക്കി. അപ്പോഴും എട്ട് മന്ത്രിസഭാ സമിതികളില്‍ അംഗവും രണ്ട് എണ്ണത്തില്‍ അധ്യക്ഷനുമാണ് അമിത് ഷാ. പാര്‍ട്ടി അധ്യക്ഷ പദവികൂടി നിലനിര്‍ത്തിയതുകൊണ്ട് മോദിക്കു തത്തുല്യനായ അധികാര കേന്ദ്രവുമാണ് ഷാ. മറ്റൊരു അധികാര കേന്ദ്രം ആകരുതെന്നു കരുതിയാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗിനെ നിര്‍ബന്ധിച്ച് കഴിഞ്ഞതവണ മോദി മന്ത്രിസഭയ്ക്കകത്താക്കിയത്.

നിര്‍ണ്ണായക വിഷയങ്ങളില്‍ അന്തിമ തീരുമാനത്തിന് അധികാരമുള്ള സ്ഥിരം സമിതികളാണ് മന്ത്രിസഭാ സമിതികള്‍. മിനി ക്യാബിനറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഈ സമിതികളില്‍നിന്ന് ആര്‍.എസ്.എസ് നേതൃത്വത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രാജ്‌നാഥ് സിംഗിനെ മോദിയും അമിത് ഷായും തന്ത്രപൂര്‍വ്വം പരമാവധി ഒഴിവാക്കുകയായിരുന്നു. രാജ്‌നാഥ് സിംഗ് ഉയര്‍ത്തിയ വെല്ലുവിളിയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലും താല്ക്കാലം പ്രതിസന്ധി പരിഹരിച്ചു. അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, സ്പീക്കറായിരുന്ന സുമിത്രാ മഹാജന്‍ തുടങ്ങി പഴയ തലമുറയില്‍നിന്നുള്ളവരെ തഴഞ്ഞതിനു പിറകെ രാജ്‌നാഥ് സിംഗ് കൂടി പുറത്തുപോകുന്നത് ഇപ്പോഴത്തെ സ്ഥിതിയില്‍ മോദിക്ക് പാര്‍ട്ടിയിലും മുന്നണിയിലും ഏറെ ദോഷം ചെയ്യും. അതേസമയം ഈ അവസ്ഥയില്‍ മന്ത്രിസഭയില്‍ തുടരുന്നതില്‍ രാജ്‌നാഥ്‌ സിംഗ് ഇപ്പോഴും അസ്വസ്ഥനാണ്.

വഴിയില്‍ വരുന്നത് മാനത്തുകണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശഠിച്ചത്. തന്റെ കീഴിലുള്ള ആദായനികുതി – എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളെ ജെയ്റ്റ്‌ലിയെ മറികടന്ന് അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് രാഷ്ട്രീയമായി കൈയ്യാളുന്നതില്‍ ജെയ്റ്റ്‌ലിയും അസ്വസ്ഥനായിരുന്നു. എങ്കിലും രാജ്‌നാഥ് സിംഗിന്റെ ചെറുത്തുനില്പിന് എത്രകണ്ട് ആയുസ് ഉണ്ടാവുമെന്ന് കണ്ടറിയണം. അമിത് ഷാ തന്റെ സവിശേഷ ശൈലിയിലൂടെ കേന്ദ്ര ഭരണം സ്വയം കൈയ്യിലെടുക്കുമെന്ന് ഉറപ്പായതുകൊണ്ട്.

രാജ്‌നാഥ് സിംഗിനെ ആഭ്യന്തര വകുപ്പില്‍നിന്ന് നീക്കി അത് സ്വയം ഏറ്റെടുത്ത അമിത് ഷാ മന്ത്രിസഭാ സമിതികളുടെ പുന:സംഘടനയിലൂടെ വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു. മറ്റു മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും എന്‍.ഡി.എ നേതാക്കള്‍ക്കും എന്തിന് ആര്‍.എസ്.എസ് നേതൃത്വത്തിനുപോലും. പുതിയ സര്‍ക്കാറിന്റെ ഗുരുത്വകേന്ദ്രം മോദിയും ഷായും മാത്രം ചേര്‍ന്നതാണെന്ന്.

പ്രധാനമന്ത്രിയായി തുടര്‍ന്ന അഞ്ചു വര്‍ഷവും പത്രസമ്മേളനം വിളിക്കാത്ത മോദി തെരഞ്ഞെടുപ്പുഫലം വരുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ വിളിച്ച പത്രസമ്മേളനത്തില്‍ ഹാജരാകുകയുണ്ടായി. പാര്‍ട്ടിയധ്യക്ഷനായ അമിത് ഷായാണ് തന്റെ നേതാവെന്ന സന്ദേശം പരോക്ഷമായി നല്‍കാനായിരുന്നു അത്. പാര്‍ട്ടി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകന്‍ മാത്രമാണ് എന്ന് മോദി അന്നു വ്യക്തമാക്കി. പ്രധാനമന്ത്രിക്കു നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍കൂടി അമിത് ഷായ്ക്ക് വിട്ടുകൊടുത്ത്. ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്കു പുറമെ മന്ത്രിസഭാ സമിതികളിലും പുന:സംഘടിപ്പിച്ച നീതി ആയോഗിലും അംഗമായ അമിത് ഷായ്ക്കുമുമ്പില്‍ പ്രധാനമന്ത്രി മോദി അച്ചടക്കമുള്ള അനുയായിയാണ്!

ഈ അസാധാരണ യാഥാര്‍ത്ഥ്യവും അതുല്പാദിപ്പിക്കുന്ന വൈരുദ്ധ്യവും മന്ത്രിസഭയിലും പാര്‍ട്ടിയിലും എന്‍.ഡി.എയിലും ശക്തമായി പ്രതിഫലിക്കും. അതിന്റെ വൈരുദ്ധ്യം തുടര്‍ അനുരണങ്ങളിലൂടെ വൈകാതെ വ്യാപിക്കുമെന്നാണ് ഘടകകക്ഷികളായ ജെ.ഡിയുവും ശിവസേനയും ഇതിനകം തന്നെ തെളിയിച്ചത്. സീറ്റുകളുടെ എണ്ണത്തില്‍ എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ശിവസേന രണ്ടാം സ്ഥാനത്തും ജെ.ഡി.യു മൂന്നാം സ്ഥാനത്തുമാണ്.

ഘടകകക്ഷികള്‍ക്ക് പ്രതീകാത്മക പ്രാതിനിധ്യം മതിയെന്ന മോദിയുടെ തീരുമാനത്തെ നിതീഷ് കുമാര്‍ ചോദ്യം ചെയ്‌തെങ്കിലും മോദിയും അമിത് ഷായും വകവെച്ചില്ല. മന്ത്രിസഭയില്‍ ചേരാതെ തന്റെ പാര്‍ട്ടിയെ പുറത്തുനിര്‍ത്തിയ നിതീഷ് കുമാര്‍ അടുത്തദിവസം ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ച് തന്റെ പാര്‍ട്ടിക്കാരായ എട്ടുപേരെ സത്യപ്രതിജ്ഞ ചെയ്യിച്ചു. ബി.ജെ.പിക്ക് പ്രതീകാത്മക പ്രാതിനിധ്യം നിതീഷും വാഗ്ദാനം ചെയ്തു! മന്ത്രിസഭാ പ്രാതിനിധ്യത്തിനു പുറമെ ഡപ്യൂട്ടി സ്പീക്കര്‍ പദവി മോദിയില്‍നിന്ന് ശിവസേന ശക്തമായി ആവശ്യപ്പെടുകയാണ്.

ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ വേണ്ടതിലേറെ 31ഓളം സീറ്റുകളുണ്ടെന്ന അഹന്ത യഥാക്രമം 22ഉം 18ഉം സീറ്റുകള്‍ ഉള്ള ജെ.ഡി.യുവും ശിവസേനയും വകവെച്ചു കൊടുക്കാന്‍ തയാറല്ല. ഇഷ്ടമുള്ളപ്പോള്‍ എന്‍.ഡി.എയില്‍ വരികയും ഇഷ്ടമില്ലാത്തപ്പോള്‍ വിട്ടുപോകുകയും ചെയ്ത ആളാണ് നിതീഷ്. സഖ്യത്തിലും ഭരണത്തിലുമിരുന്ന് മോദിയെ കടുത്ത നിലയില്‍ വിമര്‍ശിച്ചുപോന്ന പാര്‍ട്ടിയാണ് ശിവസേന.

മോദിക്കും ബി.ജെ.പിക്കും കിട്ടിയ വന്‍ ജനവിധിയിലും മോദിയുടെ പാര്‍ട്ടിയുമായി പല നിലയിലും നിലനില്‍ക്കുന്ന വൈരുദ്ധ്യം ഏറ്റുമുട്ടലായി മാറുന്നതിനെ അവര്‍ ഭയപ്പെടുന്നില്ല.

പുതിയൊരു സ്ലേറ്റില്‍ ഹിന്ദുത്വ – കോര്‍പ്പറേറ്റ് അജണ്ടകള്‍ മുന്നോട്ടുവെക്കാനുള്ള മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം ബി.ജെ.പിയിലും എന്‍.ഡി.എയില്‍തന്നെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും ഉയര്‍ത്തുന്നു എന്നു സാരം. ആര്‍.എസ്.എസ് – സംഘ് പരിവാറിനെ വകവെക്കാതെ പോകാനുള്ള നീക്കത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലും തടസങ്ങളാണ്.

തെരഞ്ഞെടുപ്പോടെ ചിതറിപ്പോയ പ്രതിപക്ഷത്തെ അവഗണിച്ച് പുതിയ അജണ്ടകള്‍ എളുപ്പം പ്രാവര്‍ത്തികമാക്കാമെന്ന അതിബുദ്ധിയും പ്രതിരോധിക്കപ്പെടുന്നു. ത്രിഭാഷാ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടുവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തമിഴ് നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ പെട്ടെന്ന് ഉയര്‍ന്നുവന്ന വ്യാപകമായ ജനരോഷം ഭയപ്പെടുത്തിയതിനെ തുടര്‍ന്നാണ് പിന്മാറിയത്.

പശ്ചിമ ബംഗാളില്‍ ‘ജയ് ശ്രീരാം’ മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ ഈ മുദ്രാവാക്യം ബംഗാളിന്റെ സംസ്‌ക്കാരമല്ലെന്നും പുറത്തുനിന്നുള്ളവരുടേതാണെന്നും പറഞ്ഞ് മമതാ ബാനര്‍ജി രാഷ്ട്രീയമായി ചെറുത്തു. എല്ലാ മതസ്ഥരോടും തുല്യ ബഹുമാനമെന്ന ബംഗാള്‍ സംസ്‌ക്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന് കുറ്റപ്പെടുത്തി. പ്രതിരോധത്തിലായ ബി.ജെ.പി ‘ജയ് ശ്രീറാം’മിന്റെകൂടെ ‘ജയ് മഹാകാളി’ എന്നുകൂടി ചേര്‍ത്ത് തൃണമൂലിനെ നേരിടാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാമും ബി.ജെ.പിക്കെതിരായ തൃണമൂല്‍ ചെറുത്തുനില്പിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മെട്രോ തീവണ്ടിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് തിരസ്‌ക്കരിച്ചിരിക്കയാണ് ബി.ജെ.പി. സമൂഹത്തിലെ ദുര്‍ബല വിഭാഗമായ സ്ത്രീകളും മോദി ഗവണ്മെന്റും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇത് രൂപപ്പെടും.

മോദിയുടെ രണ്ടാംവരവ് പുതിയ കാര്യപരിപാടികളിലേക്കു നീങ്ങുന്നത് ശക്തിപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ക്കിടയിലാണ് ഇത്രയും സംഭവ വികാസങ്ങള്‍. അടുത്തത് എന്ത് എന്ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹിയിലേക്ക് ഉറ്റുനോക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top