Flash News

ലോക കപ്പ് ക്രിക്കറ്റ്; ഓസീസ് – ഇന്ത്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

June 9, 2019

india123-1560102562ലണ്ടന്‍: ക്രിക്കറ്റ് ലോക കപ്പ് ചരിത്രത്തിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലേറെയും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളവയാണ്. ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ പലരും ഭാഗഭാക്കായ ഈ പോരാട്ടങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിട്ടുണ്ട്. ഇന്നത്തെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ അട്ടിമറി വിജയം നേടി.

ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 റണ്‍സിനായിരുന്ന ഇന്ത്യയുടെ വിജയം. മികച്ച ബാറ്റിംഗിനൊപ്പം അച്ചടക്കമുള്ള ബൗളിംഗും മികച്ച ഫീല്‍ഡിംഗുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, അലക്‌സി കാരി എന്നിവരാണ് തിളങ്ങിയത്. പക്ഷെ ഇന്ത്യയെ പോലെ തുടക്കത്തില്‍ കുറച്ച് പന്തുകള്‍ നേരിട്ട ശേഷം തകര്‍ത്തടിക്കാനുള്ള ഓസ്‌ട്രേലിയ തീരുമാനം ഒന്നാകെ പാളുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 84 പന്തിലാണ് 56 റണ്‍സെടുത്തത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഇത്രയും പന്തുകള്‍ ചെലവിട്ടത് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. സ്‌കോറിംഗ് വേഗത്തിലാക്കിയ ആരോണ്‍ ഫിഞ്ചിനെ റണ്ണൗട്ടാക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. സ്മിത്ത് 70 പന്തില്‍ 69 റണ്‍സെടുത്തു. ഉസ്മാന്‍ കവാജയും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ചഹല്‍ രണ്ട് വിക്കറ്റുകളുമെടുത്തു. ചഹല്‍ കുല്‍ദീപ് യാദവ് സഖ്യം മികച്ച രീതിയിലാണ് മത്സരത്തില്‍ പന്തെറിഞ്ഞത്. നേരത്ത ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോര്‍ഡ് സ്‌കോറാണ് ഓവലില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ നിരയില്‍ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. മികച്ച ബാറ്റിംഗ് പിച്ചാണ് ഓവലില്‍ ഒരുക്കിയിരിക്കുന്നതെന്ന ഉറപ്പിലാണ് കോലി ബാറ്റിംഗ് തിരഞ്ഞെടുത്തത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് 22.3 ഓവറില്‍ 127 റണ്‍സാണ് ചേര്‍ത്തത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മത്സരത്തില്‍ താളം കണ്ടെത്തിയതും ഇന്ത്യക്ക് ആശ്വാസമാണ്.

ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് ശിഖര്‍ ധവാന്‍ കുറിച്ചത്. 109 പന്തിലാണ് 117 റണ്‍സ് അടിച്ചത്. 16 ബൗണ്ടറി ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രോഹിത് ശര്‍മ 70 പന്തില്‍ 57 റണ്‍സുമായി മികച്ച ഫോം തുടര്‍ന്നു. രോഹിത് പുറത്തായതിന് പിന്നാലെയെത്തിയ വിരാട് കോലി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 77 പന്തില്‍ 82 റണ്‍സ് വിരാട് അടിച്ചു. ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സടിച്ച് ഇന്ത്യയുടെ റെക്കോര്‍ഡിന് സ്‌കോറിന് ശക്തമായ പിന്തുണ നല്‍കി. മൂന്ന് സിക്‌സറുകള്‍ താരം പറത്തി. മഹേന്ദ്ര സിംഗ് ധോണി 14 പന്തില്‍ 27 റണ്‍സടിച്ചു. അവസാനമെത്തിയ ലോകേഷ് രാഹല്‍ മൂന്ന് പന്തില്‍ 11 റണ്‍സടിച്ചാണ് സ്‌കോര്‍ 350 കടത്തിയത്. ഓസീസ് ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. സ്‌റ്റോയ്‌നിസാണ് രണ്ട് വിക്കറ്റെടുത്തത്. 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത കമ്മിന്‍സാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top