Flash News

നികുതി വെട്ടിപ്പുകള്‍ നടത്തുന്ന ആഗോള ടെക്നോളജി കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ജി20 രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു

June 10, 2019

Amazon-Facebook-and-Google-1നികുതി വെട്ടിപ്പുകള്‍ നടത്തുന്ന ആഗോള ടെക്നോളജി കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ജി20 രാജ്യങ്ങള്‍. ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍, ആമസോണ്‍ തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികള്‍ നടത്തുന്ന നികുതിവെട്ടിപ്പുകള്‍ തടയാനാണ് ജി 20 രാജ്യങ്ങള്‍ ഒന്നിക്കുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളിലെ നികുതി നിയമങ്ങളിലുള്ള പഴുതുകള്‍ ഉപയോഗിച്ച് വന്‍ നികുതി വെട്ടിപ്പുകളാണ് ഇത്തരം ടെക്‌നോളജി കമ്പനികള്‍ നടത്തുന്നതെന്നും അതിനെതിരേ ശക്തമായ നടപടികള്‍ വേണമെന്നുമുള്ള കാര്യത്തില്‍ ഗ്രൂപ്പ് 20 രാജ്യങ്ങളില്‍ നിന്നുള്ള ധനകാര്യമന്ത്രിമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരാണെങ്കിലും ഇടപാടുകള്‍ നികുതി കുറവുള്ള രാജ്യങ്ങളില്‍ നടന്നതായി കാണിച്ച് അവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നികുതി അടക്കുന്ന രീതിയാണ് നിലവില്‍ മള്‍ട്ടിനാഷനല്‍ ടെക്‌നോളജി കമ്പനികള്‍ അനുവര്‍ത്തിക്കുന്നത്. ഇത് മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടായതായി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനൂഷിന്‍ പറഞ്ഞു.

പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അയര്‍ലന്റ്, ലക്‌സംബര്‍ഗ് പോലുള്ള താരതമ്യേന കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങള്‍ക്ക് വന്‍ കമ്പനികളില്‍ നിന്ന് ലഭിക്കുന്ന നികുതി വരുമാനം കുത്തനെ കുറയാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മള്‍ട്ടിനാഷനല്‍ കമ്പനികളുടെ വാപാര ഇടപാടുകള്‍ നടക്കുന്ന രാജ്യത്ത് തന്നെ നികുതി അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന രീതിയിലായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കപ്പെടുക. ആ രാജ്യത്ത് കമ്പനിക്ക് ഓഫീസ് സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ പോലും ഉപഭോക്താവ് എവിടെയാണോ ആ രാജ്യത്ത് നികുതി നല്‍കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യും. ഇതോടൊപ്പം ലോകത്ത് എല്ലായിടത്തും ഇത്തരം കാര്യത്തിലുള്ള നികുതി നിരക്ക് ഏകീകരിക്കാനുള്ള നടപടികളെ കുറിച്ചും ആലോചിക്കും.

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇത് രാജ്യങ്ങള്‍ക്കിടയിലെ ഒരു കരാറായി മാറ്റിയെടുക്കാനാണ് ശ്രമമെന്നും അമേരിക്കന്‍ ധനകാര്യ സെക്രട്ടറി അറിയിച്ചു. വന്‍ തോതില്‍ ഡാറ്റകളും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് വ്യാപാരം നടത്തുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ആഗോള സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദ് കുറ്റപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top