Flash News

കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ തമിഴ്‌നാട്ടില്‍ കണ്ടെത്തി; വൈകിട്ടോടെ കൊച്ചിയിലെത്തും

June 15, 2019

pjimage--10--jpg_710x400xtകൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സിഐയെ കണ്ടെത്തിയത്. ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് സി.ഐയെ കണ്ടെത്തിയവിവരം കേരളത്തിലേക്ക് അറിയിച്ചത്. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കി നവാസിനെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അദ്ദേഹത്തെ കോടതിയിലും ഹാജരാക്കേണ്ടതുണ്ട്.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്  മൂന്ന് ദിവസം മുമ്പ് ആരോടും പറയാതെ നവാസ് വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറി.

സേനയിലെ ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളില്‍ അന്വേഷണം നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് നവാസിനെ തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞത്.

ci-navas-kochiനവാസിനെ പരസ്യമായി ശകാരിച്ച ആരോപണ വിധേയനായ അസി. കമ്മിഷണര്‍ പി.എസ് സുരേഷിനും നവാസിനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറ്റമുണ്ടായിരുന്നു. വീണ്ടും നവാസിന്‍റെ മേലുദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷിന്‍റെ വരവ്. സുരേഷ് മട്ടാഞ്ചേരി അസി. കമ്മിഷണറും നവാസ് സി ഐയും. ഇരുവരും ഇന്ന് ചുമതലയേല്‍ക്കേണ്ടതായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കും നവാസിന്‍റെ നാട്ടുകാര്‍ക്കും ഈ ഉദ്യോഗസ്ഥനെക്കുറിച്ച് പറയുവാന്‍ നല്ലത് മാത്രമേയുള്ളു. നിറമുള്ള ജീവിതമായിരുന്നില്ല കുട്ടിക്കാലത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ദരിദ്ര കുടുംബത്തിന് ഒരു ദിവസത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു.

കോളേജില്‍ പഠിക്കുന്നതിനിടെ ആലപ്പുഴ കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്നിരുന്ന നവാസിനെ പലര്‍ക്കും അറിയാം. പാരലല്‍ കോളേജില്‍ അദ്ധ്യാപകനുമായി. ഇതിന് ശേഷമാണ് നവാസിന് പൊലീസ് സേനയില്‍ ഉദ്യോഗം കിട്ടുന്നത്. സഹപ്രവര്‍ത്തകര്‍ക്കും നവാസിനെക്കുറിച്ച് ഏറെ പറയാനുണ്ട്. കര്‍ക്കശക്കാരനായ, അഴിമതിക്കെതിരെ എന്നും മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍. സേനയില്‍ എത്തിയപ്പോള്‍ കെക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു. മക്കളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങും. ശമ്പളം ലഭിക്കുമ്പോള്‍ മടക്കി നല്‍കും. വഴിവിട്ട ശുപാര്‍ശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്.

മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഒഫ് ബഹുമതിയും ലഭിച്ചു. ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതിനാല്‍ നവാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മൂന്ന് ദിവസമായി നവാസിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ കരൂരില്‍ നിന്നുമാണ് റെയില്‍വേ പൊലീസ് നവാസിനെ തിരിച്ചറിയുകയും കേരള പൊലീസിനെ അറിയിക്കുകയുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top