Flash News

അമേരിക്കന്‍ ഉപരോധം കാറ്റില്‍ പറത്തി ഇറാനും ജപ്പാനും കൈകോര്‍ക്കുന്നു

June 15, 2019

N83045651-72568123ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം കാറ്റില്‍ പറത്തി ഇറാനും ജപ്പാനും. ഇറാനില്‍ നിന്ന് പെട്രോളിയം ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെത്തിയ ജാപ്പനീസ് പ്രസിഡന്റ് ഷിന്‍സോ ആബെയും ഇറാനിയന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ജപ്പാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലെങ്കിലും ഇത്തരമൊരു ഉറപ്പ് ലഭിച്ചതായി ഹസന്‍ റൂഹാനി വിശദീകരിച്ചു. കഴിഞ്ഞ ദിവസം ആബെയുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന ഉപരോധം നീക്കാനായി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ജപ്പാന്‍ മദ്ധ്യസ്ഥത വഹിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇത് നിറുത്താന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാന്‍റെ എണ്ണകയറ്റുമതി കുറയ്ക്കുന്നതിനായാണ് അമേരിക്കയുടെ ഈ തീരുമാനം. എന്നാല്‍ നിലവില്‍ അമേരിക്കന്‍ ഉപരോധം ഭയന്ന് ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി നിറുത്തി വെച്ചിരിക്കുകയാണ്. ഇറാനും ജപ്പാനും തമ്മില്‍ നല്ല നയതന്ത്ര ബന്ധമുണ്ടെങ്കിലും തങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ച് ഇറക്കുമതി നിറുത്തിയ ജപ്പാന്‍ ഭരണകൂടത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായതും.

ഒമാന്‍ കടലിടുക്കില്‍ വച്ച് രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ഇറാന്‍ നടത്തിയതാണെന്നാണ് അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. ഇറാനെ അന്താരാഷ്ട്ര സമൂഹത്തില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഇറാനിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ താത്പര്യമറിയിച്ച് ജപ്പാന്‍ രംഗത്തെത്തിയത്.

അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ജപ്പാന്‍. യു.എസ് പ്രതിരോധം മറികടന്ന് ജപ്പാന്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചാല്‍ അമേരിക്കയ്ക്ക് അത് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തകരാനും ഇത് ഇടയാക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറയുന്നത്.

അതേസമയം, അമേരിക്ക തങ്ങളുടെ മേലുള്ള ഉപരോധം കടുപ്പിച്ചാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തകരാതെ പിടിച്ചു നിറുത്താനുള്ള പദ്ധതിയും ഇറാന്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉപരോധം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള പുതിയ നയത്തിന് ഇറാന്‍ പാര്‍ലമെന്‍റ് കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിട്ടുണ്ട്. എണ്ണ ഇതര സാമ്പത്തിക സംവിധാനത്തിന് ശക്തിപകരാനാണ് തീരുമാനം. വിദേശ വിനിമയ വിപണിയെയും പേയ്മെന്‍റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഓയില്‍ ഫ്രീ ഇക്കണോമിക് കണ്ടക്ട് എന്നാണ് ഇറാന്‍ ഇതിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറാന്‍ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുമായും സമാധാനത്തില്‍ നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

സമാധാനം കാംക്ഷിക്കുന്ന ഇറാനെതിരെ ആരെങ്കിലും ആക്രമണം നടത്തിയാല്‍ അവര്‍ക്ക് വേണ്ടി പല സര്‍‌പ്രൈസുകളും കരുതിവച്ചിട്ടുണ്ടെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top