Flash News

ഉപതിരഞ്ഞെടുപ്പ്: എല്‍‌ഡി‌എഫിന് നെഞ്ചിടിപ്പ്, യുഡി‌എഫിന് തലവേദന

June 15, 2019

Kerala_election_rep_750ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒഴിവു വന്ന നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് എങ്ങനെ നേരിടുമെന്നോര്‍ത്ത് എല്‍‌ഡി‌എഫിന് നെഞ്ചിടിപ്പു തുടങ്ങി. ഒഴിവു വന്ന ആറ് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ ഉള്‍പ്പടെ അഞ്ചു മണ്ഡലങ്ങളിലും മേല്‍‌ക്കൈ യുഡിഎഫിന്റെതാണ്. ഒരെണ്ണം എല്‍ഡിഎഫിന്റെതും. ഇവയില്‍ നാലിടത്തെ നിയമസഭാംഗങ്ങള്‍ ലോക്സഭയില്‍ മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് ഒഴിവുവരുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും ഏറണാകുളത്ത് ഹൈബി ഈഡനും കോണ്‍ഗ്രസ് ടിക്കറ്റിലും അരൂരില്‍ എ.എം. ആരിഫ് സിപിഎം. ടിക്കറ്റിലും ലോക്സഭയിലേക്ക് ജയിച്ചു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പികെ. അബ്ദുള്‍ റസാക്ക് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവുവന്നത്.

മേല്‍പറഞ്ഞ നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് കാണുമ്പോഴാണ് ഇടതുപക്ഷത്തിന് നെഞ്ചിടിപ്പും കൂടുന്നത്. എല്ലാ സ്ഥലത്തും യുഡിഎഫിനാണ് വോട്ടുകൂടുതല്‍. അരൂരിലെ നിയസഭാംഗം ആരിഫ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് കേരളത്തിലെ 20 സീറ്റുകളില്‍ ഒന്നു നൽകി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പൂജ്യത്തില്‍ നിന്നും രക്ഷിച്ചുവെങ്കിലും ലോക്സഭയില്‍ ഈ മണ്ഡലത്തില്‍ നിന്നും പുറകോട്ടു പോയി.

ലോക്സഭയിലെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണെങ്കിലും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും ഇടതുമുന്നണിയുടേയും ജനസ്വാധീനം ബോദ്ധ്യപ്പെടുത്തി കാണിക്കാമെന്ന് സിപിഎം നേതാക്കള്‍ പുറമേ പറയുന്നുണ്ടെങ്കിലും ഉള്ളിലുള്ള അങ്കലാപ്പ് കുറച്ചൊന്നുമല്ല. അതേ അവസരത്തില്‍ ലോക്സഭയില്‍ മേല്‍പറഞ്ഞ മണ്ഡലങ്ങളില്‍ വോട്ടു കൂടുതലുണ്ടെങ്കിലും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആ മേല്‍കൈ നിലനിര്‍ത്താനാവുമോ എന്ന ആശങ്ക യുഡിഎഫിനും ഇല്ലാതില്ല.

യുഡിഎഫില്‍ കോണ്‍ഗ്രസിന് മറ്റൊരു തലവേദനയ്ക്ക് കൂടി പരിഹാരം കാണേണ്ടി വരും. ലോക്സഭയിലെ മുന്‍തൂക്കം കണ്ട് ഈ നിയസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കളുടെ തള്ളിക്കയറ്റം ഉറപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ തന്നെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായമിട്ടവര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഇടതുപക്ഷത്തിന് മാത്രമല്ല ബിജെപിക്കും ഈ ഉപതിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാണ്. മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഈ രണ്ടിടത്തും ത്രികോണമത്സരം കൊഴുക്കും.

ന്യൂനപക്ഷത്തിന്റെ പിണക്കമാണ് ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് നേതാക്കള്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു വരുന്നുണ്ട്. ഏറണാകുളത്തും പാലയിലും അരൂരിലും കോന്നിയിലുമൊക്കെ ന്യൂനപക്ഷ വോട്ടുകള്‍ സുപ്രധാനമാണ് താനും. ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ ഇടതുപക്ഷം പരമാവധി ശ്രമിക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കളിയാക്കി വരിച്ച കാര്‍ട്ടൂണിന് കേരളാ ലളിതകലാ അക്കാദമി നല്‍കിയ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നല്‍കിയ നിര്‍ദ്ദേശം ഒരു തരത്തില്‍ ന്യൂനപക്ഷത്തെ സാന്ത്വനിപ്പിക്കുന്നതിന്റെ സൂചനയായും നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ചുവടുമാറ്റമായും കരുതുന്നവരുണ്ട്.

കാര്‍ട്ടൂണിനോടല്ല, കാര്‍ട്ടൂണില്‍ ബിഷപ്പിന്റെ കൈയ്യിലുള്ള അംശവടിയിലെ അടിവസ്ത്രത്തിന്റെ ചിത്രം മത നിന്ദയാണെന്നുമുള്ള വിശദീകരണമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയുടെ ഈ ചുവടുമാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുനട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top