- Malayalam Daily News - http://www.malayalamdailynews.com -

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു

mm_19ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് രേഖാമൂലം പ്രധാനമന്ത്രിയെ അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. കൃഷി, ഗ്രാമവികസനം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികളും സംസ്ഥാനം നിര്‍ദേശിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇന്ന് കാണുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]