Flash News

പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു

June 15, 2019

Sudan-Protest-1പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഇടക്കാല സൈനികഭരണത്തിനെതിരെ വനിതകളടക്കം ജനങ്ങള്‍ സമരത്തിനിറങ്ങിയത്. സൈനിക കേന്ദ്രത്തിന് മുന്നില്‍ സമരം ചെയ്ത എഴുപതിലേറെ വനിതകളെയാണ് പാരാ മിലിട്ടറി അംഗങ്ങള്‍ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞയാഴ്ചത്തെ സൈനികനടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും എഴുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൈനികനടപടിയെ തുടര്‍ന്ന് ചികിത്സതേടിയവരെ പ്രവേശിപ്പിച്ച ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ എഴുപതിലേറെ ബലാത്സംഗക്കേസുകള്‍ രേഖപ്പെടുത്തിയതായി ഡോക്ടര്‍മാരുടെ സന്നദ്ധസംഘടനയാണ് കണ്ടെത്തിയത്. ബലാത്സംഗത്തിനിരയായ എട്ടുപേരെ ചികിത്സിച്ചതായി റോയല്‍ കെയര്‍ ആശുപത്രിയില്‍ രേഖയുണ്ട്. ദൃക്‌സാക്ഷികളായ പലരും സാമൂഹ്യമാധ്യമങ്ങളില്‍ സൈനികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍.

sudan-military-unrestസൈന്യം വ്യാപകമായി ലൈംഗികാതിക്രമം നടത്തിയെന്ന റിപ്പോര്‍ട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സംഘടയും (യുഎന്‍) പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നേരിട്ട പ്രക്ഷോഭകര്‍ പ്രതിഷേധം വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചമുതല്‍ പണിമുടക്കിന് ആഹ്വാനംചെയ്ത വിവിധ സംഘടനകള്‍ തെരുവിലുണ്ട്. അതേസമയം, രാജ്യത്തെ അരക്ഷിതമാക്കുന്നതാണ് പ്രക്ഷോഭമെന്നാണ് സൈനികനേതൃത്വത്തിന്റെ വാദം. ജനാധിപത്യപരമായി ജനങ്ങള്‍ക്ക് അധികാരം കൈമാറാന്‍ ശ്രമിക്കുന്ന സുഡാന്‍ സൈനിക കൗണ്‍സിലിന് സൗദി അറേബ്യയും യുഎഇയും പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍ ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള സംയുക്ത കൗണ്‍സില്‍ രൂപീകരിക്കാന്‍ ധാരണയായെങ്കിലും സൈനിക ഭരണ സമിതി (ട്രാന്‍സിഷനല്‍ കൗണ്‍സില്‍–ടിഎംസി) അധികാരത്തില്‍ തുടര്‍ന്നതോടെ വീണ്ടും പ്രതിഷേധം ശക്തമാവുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ പിരിച്ചുവിടാന്‍ ജൂണ്‍ മൂന്നിന് സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതോടെ ആഭ്യന്തര കലാപം പിന്നെയും രൂക്ഷമായി. അതുവരെയുണ്ടായിരുന്ന സമാധാന ചര്‍ച്ചകളും അതോടെ നിലച്ചു.

sudan-security-forcesഅതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ നയതന്ത്ര ചര്‍ച്ചാസംഘം സുഡാനിലെത്തി. ആഫ്രിക്കന്‍ കാര്യ യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ടിബോര്‍ നാഗി സൈനിക നേതൃത്വത്തെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണു തങ്ങള്‍ തകര്‍ക്കുന്നതെന്ന് ടിഎംസി വക്താവ് പറഞ്ഞു. അട്ടിമറിക്കു ശ്രമിച്ച രണ്ടു ഗ്രൂപ്പുകളില്‍പ്പെട്ട 17 പേരെ പിടികൂടിയിട്ടുണ്ട്. ഖാര്‍ത്തുമിലെ വെടിവയ്പിന്റെ പേരിലും ചില ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുഡാന് സ്വതന്ത്ര അന്വേഷണത്തിനുള്ള സൗകര്യങ്ങളുണ്ടെന്നും രാജ്യാന്തര തലത്തിലെ അന്വേഷണം ആവശ്യമില്ലെന്നും ടിഎംസി വ്യക്തമാക്കി. ജൂണ്‍ മൂന്നിലെ വെടിവയ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടുമെന്നാണു വിവരം.

‘ഫോഴ്സസ് ഓഫ് ഡിക്ലറേഷന്‍ ഓഫ് ഫ്രീഡം ആന്‍ഡ് ചേഞ്ച്’ എന്ന പേരിലുള്ള പ്രക്ഷോഭകരുടെ കൂട്ടായ്മയാണ് സമരം നടത്തുന്നത്. തലസ്ഥാന നഗരത്തില്‍ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഖാര്‍ത്തുമിലെയും സമീപനഗരമായ ഒംഡുര്‍മനിലെയും ഗബ്രയിലെയും വാദ് മദാനിയിലെയും തെരുവുകളെല്ലാം വിജനം. ഒരാഴ്ചയ്ക്കിടെ നാലു പ്രക്ഷോഭകരാണ് ഈ നഗരങ്ങളില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആരംഭിച്ച സമരം തെരുവിലേക്കും നീളുകയായിരുന്നു. പതിയെപ്പതിയെ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കും വരെ സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ പുറത്താക്കിയാണ് സൈന്യം ഭരണമേറ്റത്. അതിനുശേഷം ജനാധിപത്യസര്‍ക്കാരിന് ഭരണം കൈമാറണമെന്ന ആവശ്യം സൈന്യം നിരസിച്ചതോടെയാണ് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്.

sudan-unrest


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top