Flash News

ബിനോയ് കോടിയേരി പീഡന കേസ്; തന്റെ എല്ലാ പ്രശ്നങ്ങളും ബിനോയിയുടെ കുടുംബത്തിന് അറിയാമെന്ന് യുവതി; ഒത്തുതീര്‍പ്പിനായി ബിനോയിയുടെ അമ്മ സമീപിച്ചിരുന്നതായും യുവതിയുടെ മൊഴി

June 22, 2019

ppp_38ബിനോയ് കോടിയേരിയും താനുമായുള്ള ബന്ധം കുടുംബത്തിന് അറിയാമെന്നും, ബിനോയിയുടെ കുടുംബം പല പ്രാവശ്യം ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും പരാതിക്കാരി യുവതിയുടെ മൊഴി. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി മുംബൈയില്‍ വന്നിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. അന്ന് ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പണം കിട്ടാതെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നറിഞ്ഞതോടെ അവര്‍ പിന്മാറി എന്ന് യുവതി പറയുന്നു.

അവരുടെ ആവശ്യം നടക്കാതെ വന്നപ്പോള്‍ കുടുംബാംഗങ്ങള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ബിനോയിയുടെ അച്ഛന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചിരുന്നു. ആ കുടുംബവുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.

വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാഗ്ദാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് പറഞ്ഞിരുന്നു. എന്നാല്‍ “നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു” എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും പറയുന്നു.

പരാതിയില്‍ ഓഷിവാര പോലീസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. അതേസമയം ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈയിലെ ദിന്‍ഡോശി സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും.

kod_5അതേ സമയം കുടുംബാംഗങ്ങളുടെ തെറ്റ് പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ ഉത്തരവാദിത്വമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്നുമാണ് കോടിയേരിയുടെ അഭിപ്രായം.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും താന്‍ മാറി നില്‍ക്കുമെന്ന വാര്‍ത്ത ചിലര്‍ സൃഷ്ടിച്ചതാണ്. അവരുടെ ഉദ്ദേശം വേറെയാണെന്നും കോടിയേരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാര്‍ട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രമാണ്. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ല. അത് അവര്‍തന്നെ അനുഭവിക്കണം കോടിയേരി പറഞ്ഞു.

പത്തു ദിവസമായി ആയുര്‍വേദ ചികില്‍സയിലായിരുന്നു. അതിനിടെ ബിനോയ് വന്നു കണ്ടുപോയിരുന്നു. മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സാധിക്കില്ല. പരാതിക്കാരി തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തീരുമാനമെടുക്കും. പാര്‍ട്ടിക്കകത്തു നടത്തുന്ന കാര്യങ്ങള്‍ പുറത്തു പറയേണ്ട കാര്യമില്ല അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top