Flash News

എന്റെ പൊന്നെ, ഒന്നും പറയണ്ട ! (ചിത്രീകരണം)

June 29, 2019 , ജോണ്‍ ഇളമത

ente ponne onnum parayanda bannerപള്ളിയില്‍ പോയപ്പോഴാണ് ഞാനാ അച്ചായനേം അമ്മച്ചിയേം കണ്ടുമുട്ടിയത്. അച്ചായന്‍ മെലിഞ്ഞ് നീണ്ടുവളഞ്ഞ് ചെമ്മീന്‍ മാതിരി. അമ്മച്ചി ഉരുണ്ട് തടിച്ച് തണ്ണീര്‍ മത്തങ്ങാ പോലെ. കണ്ടാലറിയാം രണ്ടുപേര്‍ക്കും മേല, പ്രായം ഇമ്മിണി അധികം കടന്നവിധം. എണ്‍പതിനു മേലെ എന്നുതന്നെ ഉറപ്പിക്കാം. എങ്കിലും അച്ചായന്റെ നടപ്പ് സ്പുഡിനിക്ക് പോലെ, അമ്മച്ചി പൊറകെ മേലാത്ത കാലുംകൊണ്ട് ഒച്ച് ഇഴയും പോലെ.

അച്ചായന്‍ സ്പുഡിനിക് പോലെ വന്ന് ഒറ്റ ചോദ്യം..

“അനിയാ, അനിയനെ കൊച്ചു മക്കളെ നോക്കാന്‍ മകനോ, മകളോ കാനഡായില്‍ വരുത്തിയതാണോ?”

ആ അനിയന്‍ വിളി എനിക്കു മനസിലായി. എന്റെ പ്രായം അച്ചായന്‍ മനസില്‍ കണക്കെഴുതി കാണാം. ഒന്നെഴുപതിനു മേലെ, എഴുപത്തഞ്ചി താഴെ.

ഞാന്‍ സര്‍ക്കാസ്റ്റിക്കായി മൊഴിഞ്ഞു-

“ഭാര്യേ നോക്കാനാ വന്നെ, പിന്നെ കൊച്ചുങ്ങളോരൊന്നൊണ്ടായി. ഇപ്പോ കടിച്ചതുമില്ല, പിടിച്ചതുമില്ല.”

“അനിയാ തമാശു പറയാതെ!”

പിന്നെ, വാചാലനായ അച്ചായന്‍ എന്നെ ഒരു വധം നടത്തി, ഘോരമായ വധം!

“ഞാനൊരു പ്രഫസറാ, തടിച്ചിയായ ഭാര്യെ ചൂണ്ടി, തേണ്ട് ഇവള് ഹെഡ്മിസ്ട്രസാരുന്നു, ഇപ്പോ ഞങ്ങള് റിട്ടേടായിട്ട് മുപ്പത് വര്‍ഷമായി. റിട്ടേഡായെ പിന്നെ പച്ചക്കറി തോട്ടോം, പശൂനെ വളര്‍ത്തലുമാരുന്നു. അപ്പോഴല്ലേ ഇവിടെ പെണ്ണു കെട്ടാതെ
നടന്ന എന്റെ ചെറുക്കന്‍ നാല്പതാമത്തെ വയസി കെട്ടീന്നു കേട്ടത്, അവനേക്കാ നന്നേ പ്രായം കൊറഞ്ഞ ഒരു മെക്‌സിക്കോകാരത്തിയെ. ഇപ്പോ താണ്ടെ തുരുരാന്ന് നാലു പെമ്പിള്ളേര്, ങാ പെമ്പിള്ളേരാ, ആണ് പിറന്നില്ലേ സന്തതിയറ്റുപേകും. ങാ,അല്ലെങ്കിതന്നെ ഈ കാനഡായിലെന്തോന്ന് വംശനാശം! പെണ്ണായാലും ആണായാലും മാതാപിതാക്കക്ക് അനുഭവഭാഗ്യമില്ലെന്നാ കേള്‍വി.”

അച്ചായന്‍ അല്പം നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസം വിക്ഷേപിച്ച്..

“ങാ, അവന്‍ കെട്ടീല്ലോ, പിള്ളേരൊണ്ടായല്ലോ, ഞങ്ങള്‍ക്ക് പേരക്കിടാങ്ങള് ഒണ്ടായല്ലോ! ഒന്നുമില്ലേല്‍ അവനൊരു പെണ്ണിനെ തന്നെ കെട്ടീലോ! നാല്പതാമത്തെ വയസിലെങ്കിലങ്ങനെ. കല്യാണത്തിനവന്‍ കുറി വിട്ടിരുന്നു. പച്ചക്കറിതോട്ടോം, പശുവിനേം വിട്ടേച്ച് വരാമ്പറ്റ്വോ! പിന്നെ നാട്ടിലോട്ട് കല്യാണ ഫോട്ടോ വന്നു. ഞങ്ങളാദ്യം കരുതീത്
മലയാളി പെണ്ണാണന്ന്, പിന്നല്ലേ കുരുത്തക്കേട് പിടുത്തം കിട്ടീത്, മെക്‌സിക്കനെന്ന്. ഫോട്ടോ കണ്ടപ്പപ്പം ദേ ഇവള് എന്റെ ഭാര്യ അഭിപ്രായപ്പെട്ടു…”

“ന്നാലും മരുമോള് കണ്ടാ മിടുക്കിയാ, അക്കരപറമ്പിലെ കറിയാച്ചന്‍ കൊച്ചീന്നു കെട്ടികൊണ്ടുവന്ന സീരിയലു നടിയെ പോലെ, വെളുത്തു ചൊമന്ന് തക്കാളിപ്പഴം പോലെ. അവനവന്റെ അമ്മേ പോലെ കറത്തതാ. ഒന്നു വെളുക്കട്ടെ, അതാ അവക്കും ഇഷ്ടം!”

ഞാന്‍ മൂളിക്കേള്‍ക്കുന്നതല്ലാതെ ഗത്യന്തരമില്ലാതെ വിഷണ്ണനായി. എന്തെങ്കിലുമൊക്കെ ഒന്നുരിയാടാന്‍ രണ്ടുമൂന്നുവട്ടം വാ പൊളിച്ചതാ, ആ ദുഷ്ടന്‍ സമ്മതിച്ചില്ല. ഇടക്കു ഞാനോര്‍ത്തു, എന്റെ കൈവശം ഒരു പേനാക്കത്തി എങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിവര്‍ത്തി അച്ചായന്റെ കൈയ്യീ കൊടുത്തേച്ച് ഞാമ്പറഞ്ഞേനെ!

“ദേ, ഇതീ ഭേദം എന്നെ കുത്തി അങ്ങു കൊല്ലുന്നതാ നന്നെന്ന്”

അതിനുമവസരമില്ലാതെ ഞാം നിന്ന് നക്ഷത്രമെണ്ണി!

അച്ചായന്‍ തുടര്‍ന്നു

“ഞങ്ങളൊരക്കിടീലാ!”

എന്താന്നു ചോദിച്ചാ ഈ കെളവന്‍ ചരിത്രം പറഞ്ഞുകൊല്ലും. ഞാന്‍ മൗനം അവലംബിച്ചു. എന്നിട്ടും കെളവന്‍ വിട്ടില്ല, എന്നെ കൊല്ലാനാണ് ഭാവം!

“അനിയന്‍ ചരിത്രം പഠിച്ചിട്ടൊണ്ടോ?”

ഞാന്‍ ആഴത്തിലുള്ള മൗനം ഭാവിച്ചു! ഒടുവില്‍ ചോദ്യോം ഉത്തരോം അച്ചായനേറ്റെടുത്തു.

“പഠിച്ചു കാണത്തില്ല, അല്ലേതന്നെ ചരിത്രം പഠിച്ചവനിങ്ങോട്ട് വരണ്ട കാര്യമൊണ്ടോ. എന്റെ വിഷയം ചരിത്രമാ, എനിക്ക് ചരിത്രത്തി പിഎച്ച്ഡി ഒണ്ട്, ഡോക്‌ട്രേറ്റ്! , ആന്ത്രോപോളജീലാ തീസീസ്! അപ്പോ നരവംശാസ്ത്രം ഞാന്‍ അരച്ചു കലക്കി കുടിച്ചിട്ടുണ്ട്. അനിയന്‍ ഓര്‍ക്കണം.”

അല്ല, ഇതിയാനെന്തോന്നിനുള്ള പൊറപ്പാടാ!

ഞാന്‍ അയാളെ മുറിച്ച് രണ്ടും കല്പിച്ചു പറഞ്ഞു –

“ചേട്ടാ, എനിക്ക് അത്യാവശ്യമായി കക്കൂസിലൊന്നു പോണം!”

“ങാ, എന്നാ അനിയാ പോയിവാ!”

നാറ്റക്കേസ്സായതുകൊണ്ട് അയാളെനിക്ക് വിടുതല്‍ നല്‍കി.

ഞാന്‍ ടോയ്‌ലറ്റില്‍ കയറി മൂത്രമൊഴിച്ച് മുഖം കഴുകി മുടി ഒക്കെ ഒന്നു ചീകി പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞുവന്നപ്പൊഴും അച്ചായന്‍ പുറത്ത് എനിക്കു കാവല്‍ നില്‍ക്കുന്നു. എനിക്കാ മനുഷ്യന്റെ നിപ്പും പടുതിയും കണ്ടിട്ട് ദേഷ്യം വന്നിട്ട് സഗൗരവം ചോദിച്ചു..

“ഓ, അച്ചായന്‍ ഇവിടേം വന്നോ, ഈ നാറ്റമുള്ള കക്കൂസിന്റെ വാതുക്കലും!”

അയാടെ മറുപടി….

“ഞാം പണ്ടുമങ്ങനാ, പറഞ്ഞതു മുഴുവിപ്പിക്കാതെ പോണ അദ്ധ്യാപകനല്ല ഞാന്‍.”

അപ്പൊ എന്നെ കൊല്ലാന്‍ തന്നെ എന്നു പറയാന്‍ ഭാവിച്ചെങ്കിലും മാന്യത പാലിച്ചു.

“എവിടാ ഞാം പറഞ്ഞുനിര്‍ത്തീത്. ഓ,ചരിത്രം! എന്റെ മരുമോള് വാസ്തവത്തി നമ്മടെ ഗോത്രക്കാരു തന്നാ. കൊളംമ്പസു വന്നപ്പം ഇവിടൊണ്ടാരുന്ന ആദിവാസികളെ! അവര് ഭൂഖണ്ഡം വേര്‍പെട്ടപ്പം ഇന്ത്യേന്ന് വേര്‍പെട്ട കൂട്ടരാ.”

തന്റെ ചരിത്രം എന്ന് പറയാന്‍ ഭാവിച്ചെങ്കിലും മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഈ കെളവന്റെ മുമ്പീന്ന് രക്ഷപ്പെടാന്‍ ആലോചിച്ചിരിക്കെ, അദ്ദേഹം എന്റെ അനുവാദത്തിനു നിക്കാതെ ബാക്കി ചരിത്രം തുടങ്ങി…

“അതൊക്ക പോട്ടെ, ഇപ്പോ ഒരക്കിടി പറ്റിയ കാര്യം പറയാനാ ഞാന്‍ അനിയനെ ഇവിടെ വെയിറ്റു ചെയ്തു നിന്നെ, കേട്ടോ. എന്റെ ഭാര്യ ഓവര്‍ വേറ്റാ, നടക്കുമ്പം വേറ്റു കാരണം വലത്തെ മുട്ടിന് അസഹ്യ വേദന, മുട്ടു ചിരിട്ട വേറ്റുകൊണ്ട് തേഞ്ഞതാ. അതിവിടെ വന്ന് വിദഗ്ധ ഡോക്‌ട്ടേഴ്‌സിനേം കൊണ്ട് സര്‍ജറി ചെയ്യിക്കാന്നു പറഞ്ഞാ, ഞങ്ങളെ വരുത്തിയത്. അതേ! അവടെ മരുമാടെ, മെക്‌സിക്കാകാരീടെ കുരുട്ടു ബുദ്ധിയാര്‍ന്നു. കേട്ടോ, ഞങ്ങളു വരുന്നേന്റെ തലേന്നവള് പിള്ളേരേം ഇട്ടേച്ച് അവള് ഒരു മാസത്തേക്ക് വെക്കേഷനു പോയി. അങ്ങനെ പിള്ളേരെ നോട്ടം ഞങ്ങടെ തലേലായി. ഇപ്പം പള്ളീപ്പാന്‍ ഞങ്ങടെ മോന്‍ ഞങ്ങക്കൊരു വിടുതല്‍ തന്നതാ. എന്നാലിനീം കേട്ടോ ഓപ്പറേഷന് ഒരു കൊല്ലം കാലതാമസം, അപ്പോയന്‍മന്‍റങ്ങനാ! എന്റെ പൊന്നെ ഒന്നും പറേണ്ടാ, വെട്ടി വീണന്നു പറഞ്ഞാമതി.”

പെട്ടന്ന് എന്റെ മൊബൈല്‍ ഫോണടിച്ചു, ഞാനതു മനഃപൂര്‍വ്വം സ്പീക്കര്‍ ഫോണിലിട്ടു. ഫോണിന്റെ അപ്പറത്തൂന്നൊരട്ടഹാസം!

“എടോ, മനുഷ്യാ താനിതെവിടെ പോയികെടക്കുക. പള്ളിപിരിഞ്ഞ് അപ്പറത്തെ ത്രേസ്യാമ്മ എത്തിട്ട് മണിക്കൂറൊന്നായില്ലേ, ആരടെ വായി നോക്കി നിക്കുവാ അവിടെ!”

അച്ചായന്‍ കേള്‍ക്കാന്‍ ഞാന്‍ ശബ്ദം കൂട്ടി പറഞ്ഞു….

“അതെന്റെ ഭാര്യ മറിയക്കുട്ടിയാ, ഇന്നലെ ഹോസ്പിറ്റലില്‍ നൈറ്റ്ഡൂട്ടിയാരുന്നു. ഇപ്പോ ഒറങ്ങി എണീറ്റതാ. നൈറ്റ്ഡൂട്ടി കഴിഞ്ഞൊണര്‍ന്നാല്‍ അവളെപ്പൊഴുമിങ്ങനാ, അണ്‍പ്രെഡിക്റ്റബിള്‍!”

ഇതിനിടെ വായാടിയായ അച്ചായനെങ്ങോ മുങ്ങി, മഷി ഇട്ടു നോക്കിയാ കാണാത്തവിധം!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top