Flash News

പുനര്‍ജന്മ മോഹങ്ങള്‍ (കവിത)

July 6, 2019 , അബൂതി

punarjanma_mohangal bannerനാളെയെന്‍ കരിന്തിരി
കെട്ട് പോയേക്കാം.
ഞാന്‍ വെറുമൊരു
നാമമായ് മാത്രം മാറിയേക്കാം.
അന്നോളമെന്‍ വെളിച്ചത്തിലീ
വഴി നടന്നവര്‍ പിന്നെ,
വിസ്മൃതിയിലേക്കെന്നെ
വലിച്ചെറിഞ്ഞെങ്ങോ മറഞ്ഞേക്കാം!
എങ്കിലും, പിന്നേയുമിരുളിലെന്നെ
ഓര്‍ത്തോര്‍ത്തു നീറുന്ന കണ്ണുമായ്
നീ മാത്രം വെറുതെ കാത്തിരിക്കും!
നീ മാത്രം തേങ്ങി തളര്‍ന്നിരിക്കും!

ശിരോശിലയ്ക്കരികിലൊരുപിടി
ഓര്‍മപ്പൂവുകള്‍ വച്ചെനിക്കായ്
രണ്ടു നീര്‍തുള്ളികളേകുവാന്‍ നീ
വരില്ലൊരിക്കലുമെന്നറിയാമെങ്കിലും,
വെറുതെ കൊതിച്ചു ഞാന്‍ നിന്നെയും
കാത്തിരുക്കുമന്നും; ഇന്നുമെന്ന പോലെ!
ഇന്നെന്‍റെ ജാലകത്തിന്നപ്പുറം
മഴവീണ മീട്ടുമീ രാത്രിക്ക് പോലും
വിരഹ കനലിനാരുകിയോരെന്‍
ഉള്ളം തണുപ്പിക്കാനാവതില്ല!
അത്രമേല്‍ വിരഹത്തിന്‍ കനലുകള്‍
ഊതുന്നുള്ളിലീ കടുത്തയേകാന്തത!

ഒറ്റയ്ക്ക് നടക്കുവാന്‍ മടിയാണെനിക്കെങ്കിലും
ഈ വഴിത്താരയില്‍, ഞാനിന്നേകനായ്,
പതറിയ മിഴികളെമ്പാടും നിന്നെ,
തേടിത്തളര്‍ന്നിരുട്ടില്‍ വീണു പോയി!
ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്ക്
നീയായ് ജനിക്കുവാനാണ് മോഹം!
നിന്‍റെ നോവിന്‍റെ ശൂലമുനകളില്‍
നീയായ് ശയിക്കുവാന്‍; നിന്നെയറിയുവാന്‍!
കടുത്ത മൗനത്തിലന്ന് നീ മുക്കിക്കൊന്ന
നിന്‍റെ നോവിന്‍റെ വാക്കൊന്നറിയുവാന്‍!
ഇന്ന് നീ പുതയ്ക്കാതെ പോയൊരെന്‍
പ്രണയപ്പുതപ്പില്‍ നിന്നെയുറക്കുവാന്‍!

ഇനിയൊരു ജന്മമുണ്ടെങ്കിലിവിടെ
ഞാനായ് ജനിക്കേണം നീ.
എങ്കിലേ നീയെന്‍റെ പ്രണയത്തിന്നാഴവും
പരപ്പും മുഴുവനുമറിയുകയുള്ളൂ!
നീയെന്ന മോഹത്തിന്‍ ജ്വാലാമുഖികള്‍
തീയൂതുമെന്നുള്ളമറിയുകയുള്ളു!
തപ്തമോഹങ്ങളെ ശയ്യാതലമാക്കിയൊരെന്‍
നിദ്രാവിഹീന രാവുകളറിയുകയുള്ളൂ!
മഴയില്‍ നനഞ്ഞൊരു കാറ്റുപോലെന്നില്‍
നിന്നോര്‍മകള്‍ ഈറനുടുത്തു നില്‍ക്കേ;
നീയെന്ന ദാഹവും ചുമന്നു ഞാനീ
ഊഷരഭൂമിയിലലഞ്ഞതറിയുകയുള്ളൂ!

* ശുഭം *


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top