Flash News

ഷിക്കാഗോയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം

July 5, 2019 , ജോയിച്ചന്‍ പുതുക്കുളം

BAVA_picഷിക്കാഗോ: ആഗോളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിന്‍ഗാമിയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനിക്ക് ചിക്കാഗോ മേഖലയിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സംയുക്താഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കുന്നു.

പരിശുദ്ധ പിതാവിന്റെ അമേരിക്കന്‍ ഭദ്രാസനത്തിലേക്കുള്ള ശ്ശൈഹീക സന്ദര്‍ശന വേളയിലാണ് ജൂലൈ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ചിക്കാഗോയിലെത്തുന്നത്.

ജൂലൈ 16-ന് ചൊവ്വാഴ്ച വൈകുന്നേരം 5.25-ന് ഷിക്കാഗോ ഒഹയര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ ബാവയേയും സംഘത്തേയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ നേതൃത്വത്തില്‍ വൈദീകരും, വിശ്വാസികളും ചേര്‍ന്ന് വരവേല്‍ക്കുന്നതാണ്.

ഇല്ലിനോയി സംസ്ഥാനത്തിന്റേയും, ഷിക്കാഗോ സിറ്റിയുടേയും പ്രതിനിധികള്‍ വിമാനത്താവളത്തില്‍ വച്ചു പരിശുദ്ധ പിതാവിന് ഔദ്യോഗിക സ്വീകരണം നല്‍കി ഷിക്കാഗോയിലേക്ക് സ്വാഗതം ചെയ്യും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഷിക്കാഗോ സെന്റ് തോമസ് ദേവാലയത്തിലേക്ക് ആനയിക്കും.

ഇടവക വികാരി ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കത്തിച്ച മെഴുകുതിരി, കുരിശ്, കൊടി, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ദേവാലയ കവാടത്തില്‍ സ്വീകരിക്കും. ഷിക്കാഗോ സെന്റ് തോമസ് ചര്‍ച്ച് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

കാനോനിക നമസ്കാരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബാവാ തിരുമേനിയെ ആദരിക്കും. അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ മലങ്കര സഭയിലെ മെത്രാപ്പോലീത്തമാര്‍, വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയോടും പരിശുദ്ധ കാതോലിക്കാ ബാവയോടുമുള്ള ബഹുമാനസൂചകമായി ജൂലൈ 16 ഷിക്കാഗോ സിറ്റി “കാതോലിക്കാ ഡേ’ ആയി പ്രഖ്യാപിക്കുന്നതാണ്.

ജൂലൈ 17-നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിര്‍വഹിക്കും.

ജൂലൈ 20 ശനിയാഴ്ച രാവിലെ കോണ്‍ഫറന്‍സിന്റെ സമാപന ദിവസം പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 6 മണിക്ക് എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ എത്തുന്ന പരിശുദ്ധ പിതാവിനെ ഫാ. രാജു ദാനിയേല്‍, ഫാ. ടെജി ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കും. സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 21-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ പിതാവ് എത്തുമ്പോള്‍ ഇടവക വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ശുശ്രൂഷക സംഘം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനിയിക്കും. കത്തീഡ്രലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം സഹകാര്‍മികത്വം വഹിക്കും. ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിര്‍വഹിക്കും.

അന്നേദിവസം വൈകിട്ട് 6 മണിക്ക് ഓക് ലോണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ എത്തുന്ന പരിശുദ്ധ പിതാവിനെ ഫാ. എബി ചാക്കോയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിക്കും. സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ചശേഷം ജൂലൈ 23-ന് കൊച്ചിയിലേക്ക് യാത്രയാകും.

പരിശുദ്ധ ബാവാ തിരുമേനിയുടെ ഷിക്കാഗോയിലെ സന്ദര്‍ശന പരിപാടികള്‍ക്ക് ഫാ. ദാനിയേല്‍ ജോര്‍ജ്, ഫാ. രാജു ദാനിയേല്‍, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഏബ്രഹാം വര്‍ക്കി (ഭദ്രാസന കൗണ്‍സിലര്‍), ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. ഹാം ജോസഫ്, ഫാ. എബി ചാക്കോ, ഫാ. ടെജി ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top