Flash News

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ ആര്‍ക്കാണിത്ര വ്യഗ്രത?

July 8, 2019

imagesഒരു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തു എന്നു കരുതി ചക്കയിടുമ്പോഴൊക്കെ മുയല്‍ ചാകണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. ഏതാണ്ട് അതുപോലെയാണ് മുസ്ലിം പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്നവരുടെ ചിന്താഗതി. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് വാശി പിടിച്ച് അവസാനം സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചവര്‍ കരുതിയത് എന്നാലിനി മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നേടിക്കൊടുക്കാമെന്ന്. പക്ഷെ, അതത്ര എളുപ്പമല്ല എന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞപ്പോഴെങ്കിലും ഇക്കൂട്ടര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു.

ഇന്ത്യയിലെ പല ആരാധനാലയങ്ങളിലും സ്ത്രീകളും ജാതിയില്‍ താഴ്ന്നവരും കയറണമോ വേണ്ടയോ എന്ന ചര്‍ച്ചക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ‘ഹിന്ദുക്കളുടെ സ്വന്തം സര്‍ക്കാര്‍’ എന്ന് സംഘ്പരിവാര്‍ വീമ്പു പറയുന്ന സര്‍ക്കാര്‍ രണ്ടു പ്രവാശ്യം തുടര്‍ച്ചയായി ഭരണത്തില്‍ വന്നിട്ടും അതിനൊരു പരിഹാരമായില്ലെന്നു മാത്രമല്ല ആ വിഷയത്തില്‍ പലവിധ ആക്രമണങ്ങളും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന ജാതിക്കാരുടെ അമ്പലങ്ങളുടെ മുന്നിലൂടെ കടന്നു പോയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നു. സംഘ്പരിവാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിഷയമായി ചര്‍ച്ച ചെയ്ത ശബരിമല വിഷയത്തിലും ഒരു നിയമ നിര്‍മാണം നടത്താന്‍ മോഡി സര്‍ക്കാരിന് പദ്ധതിയില്ല. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ശാഠ്യം പിടിച്ചതും സംഘ്പരിവാര്‍ ആണ്. അതില്‍ മറ്റു മതസ്ഥര്‍ക്ക് യാതൊരു പങ്കുമില്ല.

അഖില്‍ ഭാരത് ഹിന്ദു മഹാസഭ ഇന്ത്യയിലെ ഏറ്റവും പുരാതന സംഘടനകളിലൊന്നാണ്. ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥാപിതമായ മതേതരമല്ലാത്ത പാര്‍ട്ടിയാണ് ഹിന്ദു മഹാസഭ. അവര്‍ തന്നെയാണ് മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി ആരാധന നടത്താന്‍ അനുവദിക്കണം എന്ന പേരില്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. കൂട്ടത്തില്‍ മുസ്ലിം സ്ത്രീകളുടെ വസ്ത്ര രീതിയായ പര്‍ദ്ദയും നിരോധിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. വളരെ മാന്യമായി തന്നെ കോടതി വിധി പറഞ്ഞു. ‘ആരാധന ആവശ്യമുള്ളത് മുസ്ലിം സ്ത്രീകള്‍ക്കാണ്. അവര്‍ കേസ് കൊടുത്താല്‍ പരിഗണിക്കാം.’ പര്‍ദ്ദ നോരോധന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. അവിടെയാണ് ആരാണ് ഈ കേസ് കൊടുത്ത വിഭാഗം എന്ന് പരിശോധിക്കേണ്ടി വരുന്നത്. മറ്റാരുമല്ല ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുന്നവര്‍. ഒരിക്കല്‍ അവര്‍ തന്നെ കൊന്നുകളഞ്ഞ ഗാന്ധിജിയെ എല്ലാ കൊല്ലവും വെടിവെച്ചു കൊല്ലുന്നവര്‍. അവര്‍ക്കാണ് മുസ്ലിം സ്ത്രീകളോട് അതിയായ സ്‌നേഹം കടന്നുവരുന്നത്. മുസ്ലീങ്ങളെ ദേശീയ ശല്യമായി മനസിലാക്കുന്നവരുടെ മുസ്ലിം സ്‌നേഹത്തട്ടിന്റെ അടിവേര് കൂടി അന്വേഷിക്കണം.

ഹിന്ദു സ്ത്രീകളുടെ അമ്പല പ്രവേശനവുമായി കേസ് കൊടുത്തതും വാദിച്ചതും മുസ്ലിംകളല്ല. എന്ന് മാത്രമല്ല മുസ്ലിം വിശ്വാസികള്‍ ആ കോടതി വിധിയെ അംഗീകരിക്കുന്നുമില്ല. കാരണം ആരാധന മതങ്ങളുടെ ആഭ്യന്തര കാര്യമാണ്. അത് മതങ്ങള്‍ തീരുമാനിക്കണം. അതേ സമയം കേസ് കൊടുത്തവരുടെ ആഗ്രഹം ആരാധനയായിരുന്നില്ല. കലാപമായിരുന്നു. അത് നടന്നില്ല എന്നത് മറ്റൊരു സത്യം. സ്ത്രീകളുടെ പള്ളിപ്രവേശനത്തിലൂടെ ഒരു കോടതി വിധി വന്നാല്‍ അത് മുസ്ലിം സമുദായത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും അതില്‍ നിന്നും മുതലെടുക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞതും. എന്ത് കഴിക്കണം ധരിക്കണം എന്നതൊക്കെ ഇന്ത്യന്‍ ഭരണ ഘടന പ്രകാരം വ്യക്തിയുടെ വിഷയമാണ്. അടുക്കളയില്‍ പോലും കയറി ചെല്ലുന്ന ഫാസിസ സംകാരമാണ് സംഘ പരിവാര്‍ പഠിപ്പിക്കുന്നത്.

പള്ളി മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാം വിലക്കിയിട്ടില്ല എന്ന ബോധം കേസ് കൊടുത്തവര്‍ക്ക് ഇല്ലാതല്ല. ഇസ്ലാമില്‍ പള്ളിയില്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. അവള്‍ പോകാന്‍ അനുമതി ചോദിച്ചാല്‍ തടയരുത് എന്ന് മാത്രമാണ് പുരഷനോടുള്ള കല്‍പ്പന. വീടാണ് ഉത്തമം എന്നത് പ്രവാചകന്‍ പുരുഷനോടല്ല പറഞ്ഞത്. ഒരു സ്ത്രീ ചോദിച്ചപ്പോള്‍ അവരോടു തന്നെ നേരിട്ട് പ്രവാചകന്‍ പറഞ്ഞു എന്നാണു ഹദീസുകളില്‍ നിന്നും മനസ്സിലാവുക. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് ഈ വിഷയത്തില്‍ പുരുഷന് ചെയ്യാനുള്ളത്. ലോകത്തില്‍ പലയിടത്തും സ്ത്രീകള്‍ പുരുഷരെ പോലെ പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും അങ്ങിനെ ധാരാളം.

പര്‍ദ്ദ ഒരു ഇസ്ലാമിക വസ്ത്രമല്ല. ഇസ്ലാമിക വസ്ത്രം എന്നൊന്നില്ല. അതെ സമയത്തു വസ്ത്രത്തിന് ഇസ്ലാം ചില നിബന്ധനകള്‍ വെക്കുന്നു. അത് ശരീരം മറക്കണം. ശരീരത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പുറത്തു കാണിക്കരുത്, നിഴല്‍ അടിക്കുന്നതാവരുത്. അങ്ങിനെ ചില നിബന്ധനകള്‍. അറബ് നാടുകളിലെ വസ്ത്ര രീതി സ്വീകരിക്കണം എന്ന് ഇസ്ലാം പറഞ്ഞില്ല. വാസ്തവും ഭക്ഷണവും ആ നാടുകളിലെ ശീലമാണ് സാധാരണ സ്വീകരിക്കപ്പെടാറു. പക്ഷെ അതില്‍ ഇസ്ലാമിന് വിരുദ്ധമായി ഒന്നും പാടില്ലെന്ന് മാത്രം.

ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ സ്ഥാപിതമായ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അവിടുത്തെ ഒരു പ്രശ്നവും തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഹിന്ദു എന്ന വിശാലത പരാമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളാല്‍ തന്നെ ആക്രമിക്കപ്പെടുന്നു. അതിനു സമയം കളയാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടു ഇന്നിനെ നാട്ടില്‍ കുഴപ്പം വര്‍ദ്ധിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് നല്ല മറുപടിയാണ് ഇന്ന് കോടതി നല്‍കിയത്. ഇനി ഈ ആവശ്യം ഉന്നയിച്ചു മുസ്ലിം സ്ത്രീകള്‍ തന്നെ രംഗത്തു വന്നാലും നാം അത്ഭുതപ്പെടരുത്. എന്തു കാര്യവും കോടതി വഴി നേടിയെടുക്കാമെന്ന് കരുതുന്ന മൂഢവിശ്വാസികള്‍ക്കൊരു താക്കീതുകൂടിയാണ് സുപ്രീം കോടതി വിധി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top