Flash News

ഫൈനലുറപ്പിക്കാൻ ഇന്ത്യ

July 9, 2019

india-newzealandമാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ  ടീം ഇന്ത്യ ഇന്ന് ന്യൂസീലാൻഡിനെ നേരിടും. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യക്ക് എട്ടാം സെമിഫൈനൽ ആണ് ഇന്ന്. മൂന്ന് വട്ടം ഫൈനലിലെത്തി. രണ്ടുവട്ടം കപ്പും നേടി. അതേസമയം, ഏഴ് സെമിയിൽ ആറിലും തോൽക്കുകയായിരുന്നു ന്യൂസീലാൻഡ്.

സന്നാഹ മത്സരത്തിൽ ന്യൂസീലാൻഡ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മഴ കാരണം കളി നടന്നില്ല. സെമിയിൽ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍ എന്ന് കേട്ടപ്പോഴേ ഫൈനല്‍ ഉറപ്പിച്ച ആരാധകർ അറിയേണ്ട ഒന്നുണ്ട്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ നേര്‍ക്കുനേര്‍ വന്ന 10 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യയെ ന്യൂസീലാൻഡ് മറികടന്നിരുന്നു.

മാഞ്ചസ്റ്ററില്‍ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകിട്ട് മൂന്നിനാണ് കളി തുടങ്ങുന്നത്.

എന്നാല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ മഴനിഴലിലാണ്. മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം . ഇന്ന് പ്രാദേശിക സമയം രാവിലെ പത്ത് മണിമുതൽ മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. റിസർവ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ മഴയുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. മാഞ്ചസ്റ്ററിൽ ടോസിനു ശേഷം മഴ പെയ്താൽ  കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ല. രണ്ടാം ദിവസവും മഴപെയ്താൽ മഴനിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് കടക്കും.

അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും. 1999 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്.

india-3അതേസമയം, ലോകകപ്പിൽ ഇന്ത്യ- ന്യൂസീലാൻഡ് സെമി ഫൈനൽ നടക്കുമ്പോൾ അതിന് മറ്റൊരു അപൂർവ്വത കൂടിയുണ്ട്. 11 വര്‍ഷങ്ങൾക്ക്  മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസീലാൻഡ് നായകന്‍ കെയ്ൻ വില്യംസണും അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുടീമുകളെയും നയിച്ചിരുന്നതും ഇവര്‍ തന്നെയായിരുന്നു. അന്ന് സെമിഫൈനലില്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തി കോലിയുടെ ‘അണ്ടര്‍ 19 ടീം ഇന്ത്യ’ ഫൈനലിലെത്തുകയും കപ്പ് നേടുകയും ചെയ്തു.

ഇന്ത്യന്‍ ടീം രാവിലെ തന്നെ പരിശീലനം നടത്തി തയ്യാറെടുത്തു കഴിഞ്ഞു. ഇതുവരെയുള്ള ഇന്ത്യയുടെ പോരാട്ടം മോശമില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഫൈനലിലെത്തുമെന്നുള്ള പ്രതീക്ഷ കൂടി.

ബുമ്രും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ വീഴ്ത്തുന്നതിനാല്‍ മൂന്നു പേസര്‍മാരെ ഇന്ന് പരിഗണിച്ചേക്കാം. അങ്ങനെയാണെങ്കില്‍ കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്കിനു പകരം ടീമില്‍ എത്തും. ആദ്യ മത്സരങ്ങളിലേതു പോലെ യുസ്‌വേന്ദ്ര ചെഹലിനെയും കുല്‍ദീപ് യാദവിനെയും ഒരുമിച്ച് ഉള്‍പ്പെടുത്തുമോ എന്നതും വ്യക്തമല്ല.

ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലാണ് ജയിച്ചത്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചു. എന്നാല്‍, നാല് മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് വിജയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍  – റേറ്റിങ്

രോഹിത് ശര്‍മ: 655 പന്തുകളില്‍ 647 റണ്‍സ്, ശരാശരി 92.42. 5 സെഞ്ചുറികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ടോപ് സ്‌കോറര്‍. റേറ്റിങ് : 4.8

വിരാട് കോലി: തുടര്‍ച്ചയായി 5 അര്‍ധ സെഞ്ചുറികള്‍, ഫീല്‍ഡില്‍ ‘ആയുധങ്ങള്‍’ കൃത്യസമയത്ത് ഉപയോഗിക്കുന്നതില്‍ മികവ്. റേറ്റിങ് : 4.5

കെ.എല്‍.രാഹുല്‍: ഓപ്പണ്‍ ചെയ്യാനും നാലാം നമ്പരിലിറങ്ങാനും തയാറാകുന്ന ഫ്‌ലെക്‌സിബിലിറ്റി. രോഹിത്തുമായി ചേര്‍ന്ന് 3 സെഞ്ചുറി കൂട്ടുകെട്ട്. റേറ്റിങ് : 4.0

എം. എസ്. ധോണി: വിക്കറ്റിനു പിന്നില്‍ കൈകള്‍ ചോരുന്നു. 24 ബൈ റണ്ണുകള്‍ വഴങ്ങി. ഫീല്‍ഡില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ ക്യാപ്റ്റന്റെ ഫസ്റ്റ് ചോയ്‌സ്. റേറ്റിങ് : 3.5

കേദാര്‍ ജാദവ്: ഓള്‍റൗണ്ടര്‍ എന്ന വിശേഷണം അടിച്ചേല്‍പിച്ചതു പോലുള്ള പ്രകടനങ്ങള്‍. മാച്ച് വിന്നറുടെ പ്രകടനം പുറത്തെടുക്കാനായിട്ടില്ല. റേറ്റിങ് : 2.5

ഹാര്‍ദിക് പാണ്ഡ്യ: അണ്‍ലിമിറ്റഡ് എനര്‍ജി! 10 ഓവര്‍ ബോള്‍ ചെയ്യാനും സ്‌കോറിങ് വേഗത്തില്‍ ഉയര്‍ത്താനും കഴിവ്. ടീമിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക് റേറ്റ്:139.56. റേറ്റിങ് : 4.4

ഋഷഭ് പന്ത്: ടീമിലെ ഏക ഇടംകൈ ബാറ്റ്‌സ്മാന്‍. സമ്മര്‍ദങ്ങളെ വേഗത്തില്‍ ‘അടിച്ചകറ്റും’. സെന്‍സിബിള്‍ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ പുറകോട്ടെന്ന് ആക്ഷേപം. റേറ്റിങ് : 3.8

ദിനേശ് കാര്‍ത്തിക്: ടീമില്‍ ഇടം കിട്ടിയെങ്കിലും മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള അവസരം ലഭിച്ചില്ല. 2 മല്‍സരങ്ങളില്‍ നിന്നായി ആകെ നേടാനായത് 8 റണ്‍സ്. റേറ്റിങ് : 2.5

രവീന്ദ്ര ജഡേജ: ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചത് ഒരു മല്‍സരത്തില്‍ മാത്രമാണെങ്കിലും പകരക്കാരന്‍ ഫീല്‍ഡിങ്ങിനിറങ്ങി. ചോരാത്ത കൈകള്‍ക്ക് ഉടമ. റേറ്റിങ് : 4.0

ജസ്പ്രീത് ബുമ്ര: ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ്. ഏതു ഘട്ടത്തിലും വിക്കറ്റ് വീഴ്ത്താന്‍ മികവ്. ഇന്ത്യന്‍ വിക്കറ്റ്‌നേട്ടക്കാരില്‍ മുന്നില്‍: 17. റേറ്റിങ് : 4.8

ഭുവനേശ്വര്‍ കുമാര്‍: അമ്പൊടുങ്ങാത്ത ആവനാഴി പോലെ ബോളിങ് തന്ത്രങ്ങള്‍. സ്ലോ ബോളുകളും യോര്‍ക്കറുകളും കൗശലപൂര്‍വം ഉപയോഗിക്കും. റേറ്റിങ് : 3.9

മുഹമ്മദ് ഷമി: 4 കളിയില്‍നിന്ന് ഒരു 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 14 വിക്കറ്റുകള്‍. റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാട്ടാറില്ലെന്നതാണ് പോരായ്മ. റേറ്റിങ് : 4.2

യുസ്വേന്ദ്ര ചെഹല്‍: ‘എക്‌സ്‌പെന്‍സീവ് ” ബോളര്‍. 7 മല്‍സരങ്ങളില്‍ വാങ്ങിക്കൂട്ടിയത് 379 റണ്‍സ്. വിക്കറ്റു നേട്ടത്തില്‍ മുന്നില്‍. റേറ്റിങ്: 4.2

കുല്‍ദീപ് യാദവ്:ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഭേദപ്പെട്ട പ്രകടനം പാക്കിസ്ഥാനെതിരെ മാത്രം. റേറ്റിങ്: 2.9

ന്യൂസീലന്‍ഡ് താരങ്ങള്‍ റേറ്റിങ്

മാര്‍ട്ടിന്‍ ഗപ്ടില്‍: 8 ഇന്നിങ്‌സില്‍ നേടാനായത് 166 റണ്‍സ് മാത്രം. ഊര്‍ജസ്വലനായ ഫീല്‍ഡര്‍. റേറ്റിങ്: 3.0

കോളിന്‍ മണ്‍റോ: മണ്‍റോയുടെ ദയനീയ ഫോമാണു കിവീസിന് ഏറ്റവും വലിയ തിരിച്ചടി. 6 ഇന്നിങ്‌സില്‍ 125 റണ്‍സാണു നേടിയത്. റേറ്റിങ്: 2.5

കെയ്ന്‍ വില്യംസന്‍: പല മത്സരങ്ങളിലും ടീമിനെ രക്ഷിച്ചത് വില്യംസന്റെ ‘സെന്‍സിബിള്‍’ ബാറ്റിങ്ങാണ്. 2 സെഞ്ചുറിയടക്കം 481 റണ്‍സോടെ ഉജ്വല ഫോമില്‍. റേറ്റിങ്: 4.6

റോസ് ടെയ്ലര്‍: ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റസ്മാന്‍. പക്ഷേ ലോകകപ്പിലെ പ്രകടനം ശരാശരി മാത്രം . റേറ്റിങ്: 3.8

ടോം ലാതം: മോശമല്ലാത്ത വിക്കറ്റ് കീപ്പര്‍. പക്ഷേ ലോകകപ്പില്‍ ബാറ്റിങ് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. 98 റണ്‍സാണ് ആകെ നേടിയത്. റേറ്റിങ്: 3.0

world-cupജിമ്മി നീഷം: ലോകകപ്പിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. 201 റണ്‍സും 11 വിക്കറ്റുമാണ് ഇതുവരെ നേടിയത്. റേറ്റിങ്: 4.3

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം:ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചു പരിചയമുള്ള ഓള്‍റൗണ്ടര്‍. ലോകകപ്പില്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് (104.63). റേറ്റിങ്: 4.0

മിച്ചല്‍ സാന്റ്‌നെര്‍: 8 കളിയില്‍ നേടാനായത് 4 വിക്കറ്റ് മാത്രം. മധ്യ ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ മിടുക്കന്‍. റേറ്റിങ്: 3.6

ട്രെന്റ് ബോള്‍ട്ട്: വലംകൈ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നമാണ് ട്രെന്റ് ബോള്‍ട്ടിന്റെ ലെങ്ത് ബോളുകള്‍. ഇതുവരെ 15 വിക്കറ്റ്. റേറ്റിങ്: 4.4

ലോക്കി ഫെര്‍ഗൂസന്‍:17 വിക്കറ്റോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമത്. 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയും. റേറ്റിങ്: 4.6

മാറ്റ് ഹെന്‍ട്രി: ലോകകപ്പിന്റെ തുടക്കത്തില്‍ ഉജ്വല ഫോമിലായിരുന്നെങ്കിലും പിന്നീടു നിറം മങ്ങി. ‘തല്ലു’ വാങ്ങുന്നതു പതിവ്. റേറ്റിങ്: 3.9

ഹെന്‍ട്രി നിക്കോള്‍സ്:മണ്‍റോ നിരാശപ്പെടുത്തിയതോടെ 2 മത്സരങ്ങളില്‍ കിവീസ് ഓപ്പണറായി. 8 റണ്‍സാണ് ഇതുവരെ നേടിയത്. റേറ്റിങ്: 2.5

ടിം സൗത്തി: ലോകകപ്പിനു മുന്‍പു കാലിനേറ്റ പരുക്ക് തിരിച്ചടി. കളിച്ചത് ഇംഗ്ലണ്ടിന് എതിരെ മാത്രം. 9 ഓവറില്‍ 70 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റേ കിട്ടിയുള്ളൂ. റേറ്റിങ്: 2.6

ഇഷ് സോധി:കളിച്ചത് ഓസ്‌ട്രേലിയയ്ക്ക് എതിരെ മാത്രം. 6 ഓവറില്‍ 35 റണ്‍സ് വഴങ്ങി. വിക്കറ്റ് ഇല്ല. റേറ്റിങ്: 3.0

ടോം ബ്ലെണ്ടെല്‍: രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലാത്ത ടോം ബ്ലെണ്ടെല്‍ റിസര്‍വ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ലോകകപ്പില്‍ ഒരു മത്സരം പോലും കളിച്ചില്ല. റേറ്റിങ്: 0


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top