Flash News

തീരദേശ അവകാശ നിയമം നിര്‍മ്മിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

July 11, 2019 , ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

45454

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് പൊന്നാനിയില്‍ നല്‍കിയ സ്വീകരണം

പൊന്നാനി : തീരപ്രദേശത്ത് തീരജനതയ്ക്ക് സ്വതന്ത്രാവകാശം നല്‍കുന്ന തീരദേശ അവകാശ നിയമം നിര്‍മിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് പൊന്നാനി സി.വി ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലോര ജനതയുടെ അടിസ്ഥാനവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അവരെ പുറംതള്ളുകയും ചെയ്യുന്ന നയങ്ങളാണ് സര്‍ക്കാരുകള്‍ തുടരുന്നത്. തീര സംരക്ഷണം എന്ന പേരില്‍ ഭരണകൂടം നടപ്പാക്കുന്ന പദ്ധതികളെല്ലാം കടലോരത്ത് നിന്ന് പരമ്പരാഗത തീരജനതയെ ആട്ടിയകറ്റുന്നതാണ്. സി.ഇ.സെഡ്.എം നിയമത്തിന്റെ പേരില്‍ മത്സ്യതൊഴിലാളികളുടെ ഭവന നിര്‍മാണം തടസ്സപ്പെടുത്തുമ്പോള്‍ വന്‍‌കിട റിസോര്‍ട്ടുകളും ഖനന കമ്പനികളും തടസമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. നിരന്തരം സംഘര്‍ഷാത്മകമായ ജീവിതം നയിക്കേണ്ടുന്ന തീരജനതയ്ക്ക് പ്രകൃതി ദുരന്തങ്ങളിലെ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല. ഓഖി, സുനാമി തുടങ്ങിയ ദുരന്തങ്ങളുടെ പുനരധിവാസ പദ്ധതികള്‍ നേരാംവണ്ണം നടപ്പാക്കിയിട്ടില്ല. ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ നിന്ന് മത്സ്യതൊഴിലാളികളെ തടയുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് അവരുടെ മേല്‍ ഇടിത്തീയായി നില്‍ക്കുന്നു. വിഴിഞ്ഞം തുറമുഖലും കൂടംകുളം ആണവ നിലയവും മൂലമുണ്ടായ പരിസ്ഥിതി ആഘാതം കേരള തീരത്തെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പ് രൂപവത്കരിക്കും എന്ന വാഗ്ദാനം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വിഴുങ്ങുകയാണ്. വനാവകാശ നിയത്തിന്റെ മാതൃകയില്‍ തീരസംരക്ഷണത്തെ ജൈവിക ജീവിത രീതിയാക്കിയ മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ തീരത്ത് സ്വതന്ത്രാവകാശം നല്‍കുന്ന തീരാവകാശ നിയമം നിര്‍മ്മിക്കുകയും മത്സ്യതൊഴിലാളികളുടെ ജീവിതാവകാശങ്ങള്‍ അനുവദിച്ച് നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ആര്‍.എസ് വസീം മുഖ്യാതിഥിയായിരുന്നു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കല്‍, കെ.എസ് നിസാര്‍, നഈം ഗഫൂര്‍, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാല്‍, എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് പൊന്നാനി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, മുഹമ്മദ് ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും മണ്ഡലം കണ്‍വീനര്‍ മുഷ്താഖ് നന്ദിയും പറഞ്ഞു.

നേരത്തെ പൊന്നാനി ചന്തപ്പടിയില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ചമ്രവട്ടം ജംഗ്ഷനില്‍ സമാപിച്ചു.
ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകള്‍ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാല്‍ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും, കാമ്പസ് ജന്മിത്വങ്ങളും നാടകത്തില്‍ ചര്‍ച്ചയായി.

ഫ്രറ്റേണിറ്റി സഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനങ്ങള്‍

മലപ്പുറം : ‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനങ്ങള്‍ തിരൂര്‍ക്കാട് നസ്റ കോളേജില്‍ തുടങ്ങി. ശേഷം മങ്കട ഗവ: കോളേജ്, സഫ കോളേജ് പൂക്കാട്ടിരി, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, എം.ഇ.എസ് പൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ റാലിക്കും, സ്വീകരണ സമ്മേളനത്തോടെയും സമാപിച്ചു.

ജൂലൈ 11 ന് തിരൂര്‍ ടി.എം.ജി, മലയാളം യൂനിവേഴ്സിറ്റി, സക്കരിയ, ഷഹീദ് ഫെസല്‍ എന്നിവരുടെ വീട് സന്ദര്‍ശനം, പി.എസ്.എം.ഒ കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കൊണ്ടോട്ടി ടൗണില്‍ സമാപിക്കും.

ജൂലൈ 12 ന് ഗവ: കോളേജ് മലപ്പുറം, എന്‍.എസ്.എസ് മഞ്ചേരി, സുല്ലമുസ്സലാം, എം.ഇ.എസ് മമ്പാട്, നിലമ്പൂര്‍ ടൗണ്‍, അപ്പന്‍കാവ് കോളനി സന്ദര്‍ശനം എന്നിവക്ക് ശേഷം വണ്ടൂര്‍ ടൗണിലെ റാലിക്കും സ്വീകരണത്തോടെയും ജില്ലയിലെ പര്യടനങ്ങള്‍ക്ക് സമാപനം കുറിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top