Flash News

അഭിമന്യുവിന്റെ സ്മാരകം അനധികൃതമാണെന്ന് സര്‍ക്കാര്‍; മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി

July 11, 2019

abhimanyuകൊച്ചി: മഹാരാജാസ് കോളേജിനകത്ത് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ചത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃതമായ നിര്‍മാണം സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മാസം 9-നകം കോളേജ് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് 470 കുട്ടികള്‍ അനുമതിക്കായി കോളേജ് ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോര്‍ണി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിര്‍മാണം സര്‍ക്കാറിന്റെ പോളിസി ആണോയെന്നും കോടതി ചോദിച്ചു.

നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്നും സംസ്ഥാന സര്‍ക്കാരിനോടും ആരാഞ്ഞു.

മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. പത്ത് ദിവസത്തിനകം രേഖാമൂലം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞ ജൂലൈ രണ്ടിനാണ് കാമ്പസില്‍ നിര്‍മിച്ച സ്തൂപം അനാച്ഛാദനം ചെയ്തത്.

സര്‍ക്കാര്‍ കോളേജിലെ ഭൂമി കൈയേറി ഒരു വിദ്യാര്‍ഥി സംഘടന നിര്‍മാണങ്ങള്‍ നടത്തുന്നത് എന്നു കാണിച്ചാണ് കെ.എസ്.യു ആണ് കോടതിയെ സമീപിച്ചത്.മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരക സ്തൂപം പണിയാന്‍ എസ്.എഫ്.ഐ. സംഘടനാപരമായി തീരുമാനമെടുത്തിട്ടില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ ഒരു വികാരമായി കാണുന്ന മഹാരാജാസിലെ വിദ്യാര്‍ഥികളാണ് അവിടെ സ്തൂപം പണിയുന്നതെന്നായിരുന്നു വിശദീകരണം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top