Flash News

ഇംഗ്ലണ്ട് ഫൈനലിൽ; ഓസ്ട്രേലിയയെ തകർത്തത് എട്ട് വിക്കറ്റിന്

July 11, 2019

cricket-england-1എഡ്ജ്ബാസ്റ്റൺ: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തറപറ്റിച്ച് ഇംഗ്ലണ്ട് ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലാൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

മത്സരത്തിന്റെ സമസ്ത മേഖലകളിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇംഗ്ലീഷ് ബൗളർമാർ തുടങ്ങിയത്. ടൂർണമെന്റിൽ ഇതു വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ 9 റൺസുമായി മടങ്ങി. എന്നാൽ സ്റ്റീവൻ സ്മിത്ത് നന്നായി ബാറ്റ് ചെയ്തു. 85 റൺസെടുത്ത സ്മിത്തിനെ മനോഹരമായ ഒരു ത്രോയിലൂടെ 48ആമത്തെ ഓവറിൽ ജോസ് ബട്ട്ലർ പുറത്താക്കിയപ്പോൾ 46 റൺസുമായി അലക്സ് കെയ്രി ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 29 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് സ്മിത്തിന് മികച്ച പിന്തുണ നൽകി.

ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ 8 ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സാണ് ഓസ്ട്രേലിയയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. വോക്സാണ് മത്സരത്തിലെ താരം. ആദിൽ റഷീദിനും 3 വിക്കറ്റ് ലഭിച്ചു. ജോഫ്ര ആർച്ചർക്ക് രണ്ടും മാർക്ക് വുഡിന് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗിൽ ഒട്ടും സമ്മർദ്ദമില്ലാതെയാണ് ഇംഗ്ലീഷ് ഓപ്പണർമാരായ ജാസൺ റോയിയും ജോണി ബെയർസ്റ്റോയും തുടങ്ങിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളറായ മിച്ചൽ സ്റ്റാർക്കിനെയടക്കം ആക്രമിച്ച് നയം വ്യക്തമാക്കി മുന്നോട്ട് പോയ ഓപ്പണിംഗ് കൂട്ടുകെട്ട് 124 റൺസ് നേടി. 65 പന്തിൽ 85 റൺസടിച്ച ജാസൺ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോ റൂട്ട് 46 പന്തിൽ 49 റൺസുമായും നായകൻ ഓയിൻ മോർഗൻ 39 പന്തിൽ 45 റൺസുമായും പുറത്താകതെ നിന്നപ്പോൾ ഇംഗ്ലണ്ട് 32ആമത്തെ ഓവറിന്റെ ആദ്യ പന്തിൽ അനായാസം ലക്ഷ്യത്തിലെത്തി.

ഓസീസ് ബൗളർമാരെല്ലാം സാമാന്യം നല്ല രീതിയിൽ തല്ല് വാങ്ങി. ഇംഗ്ലണ്ടിന് നഷ്ടമായ ഓരോ വിക്കറ്റുകൾ പാറ്റ് കമ്മിൻസും സ്റ്റാർക്കും പങ്കിട്ടു.

ഇത് വരെ ഏകദിന ലോകകപ്പ് നേടാൻ കഴിയാത്ത രണ്ട് ടീമുകളാണ് ഇക്കുറി ഫൈനലിൽ ഏറ്റുമുട്ടുന്നത്. അത് കൊണ്ട് തന്നെ ലോർഡ്സിൽ കലാശപ്പോരിന് ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ ആര് വിജയിച്ചാലും അത് ചരിത്രമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top