Flash News

കോണ്‍ഗ്രസിന്റെ ഇരട്ട പ്രതിസന്ധി പ്രതിപക്ഷത്തിന്റെ കൂട്ട പ്രതിസന്ധി: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

July 14, 2019

congressinte iratta prathisandhi banner17-ാം ലോക്‌സഭാ തെരഞ്ഞടുപ്പു ഫലം പുറത്തു വന്നതിന് ശേഷം ഒന്നരമാസമായി കോണ്‍ഗ്രസ് നേരിടുന്ന ഇരട്ട പ്രതിസന്ധി രൂക്ഷമാകുകയാണ്. രാഷ്ട്രീയവും സംഘടനാപരവുമായ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചിട്ടും ഒരു നൂറ്റാണ്ടിലേറെ ചരിത്രപാരമ്പര്യമുള്ള ആ സംഘടന തലയില്ലാത്ത കബന്ധം പോലെ നില്‍ക്കുന്നു. ഏറ്റവുമൊടുവില്‍ കര്‍ണാടകത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭയെ നിലനിര്‍ത്താന്‍ മന്ത്രിസഭയടക്കം രാജിവെച്ച് നേതാക്കള്‍ നെട്ടോട്ടമോടുന്നതും ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും ഈ പ്രതിസന്ധിയുടെ ഒടുവിലത്തെ കാഴ്ചകള്‍.

appukuttan 2018കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ- മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 20 ശതമാനം വോട്ടും 54 സീറ്റും മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പുറമേ നേതൃത്വമില്ലാത്ത അസാധാരണ സംഘടനാ പ്രതിസന്ധിയിലേക്കുകൂടി ഹൈക്കമാന്റിന്റെ അമ്പരപ്പ് വാതില്‍ തുറന്നു. കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാന്‍പോലും സോണിയാഗാന്ധി ഉള്‍പ്പെട്ട ഹൈക്കമാന്റിന് കഴിഞ്ഞില്ല.

പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്തുംവരെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറി അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കണമെന്നതാണ് കോണ്‍ഗ്രസ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. നേതൃത്വം കൂട്ടായി ആലോചിച്ച് നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാജിക്കത്തില്‍ രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നത്. കാരണം എന്തുമാകട്ടെ ഒരു മാസം കഴിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഈ നിര്‍ജ്ജീവാവസ്ഥ ബി.ജെ.പി രാജ്യവ്യാപകമായി ഉപയോഗപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന് ആക്കം കൂട്ടി. പ്രവര്‍ത്തക സമിതിക്കു മുമ്പാകെ രാഹുല്‍ സമര്‍പ്പിച്ച രാജി ഒരുമാസം കാത്തിരുന്നിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതും ഈ ഇരട്ടപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്രു കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന രാഹുലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതും തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥികള്‍പോലും കൂറുമാറി ശക്തിപ്പെട്ടതുമായ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള കുത്തൊഴുക്ക് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അടിത്തറ പൊളിക്കുന്നതില്‍ അത്ഭുതമില്ല. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവിധ അധികാരശക്തിയും ദുരുപയോഗപ്പെടുത്തിയും കോടികള്‍ എറിഞ്ഞ് കൂറുമാറ്റാനുള്ള കഴിവും ബി.ജെ.പിയുടെ ഈ പുതിയ രാഷ്ട്രീയ മിന്നലാക്രമണത്തിന് (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ആയുധമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറാനും ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെ കൂടുതല്‍ ശക്തിപ്പെടുത്താനും രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി രാഷ്ട്രീയവല വിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേരിടുന്ന അസാധാരണ സ്തംഭനാവസ്ഥക്കിടയില്‍ അവസരം നഷ്ടപ്പെടുത്താതെ ബി.ജെ.പിയിലേക്ക് വെച്ചു ചാടുകയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

Kumar_Web-750x500അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലും ഹരിയാന, യു.പി പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ആയാറാം ഗയാറാം’ എന്ന കേവലം അധികാര രാഷ്ട്രീയത്തിന്റെ ഉയര്‍ന്നൊരു രൂപമാണ് ബി.ജെ.പി ഉയര്‍ത്തു രാഷ്ട്രീയ കുതിരക്കച്ചവടം. രാജീവ്ഗാന്ധി ഗവണ്മെന്റ് കൊണ്ടുവന്ന കൂറുമാറ്റ നിരോധ നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നിയമത്തെയും നോക്കുകുത്തിയാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചും കോടികള്‍ പണമിറക്കിയും ബി.ജെ.പി ഇതൊരു രാഷ്ട്രീയ കലയാക്കി വളര്‍ത്തി. സുപ്രീംകോടതിയുടെ ഇടപെടല്‍ പോലും വകവെക്കാതെ.

നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ നരസിംഹറാവുവിനെയാണ് രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനും പിന്നീട് പ്രധാനമന്ത്രിയുമാക്കിയത്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ മൂകസാക്ഷിയായി നിന്ന് സഹായിച്ചത് റാവു ആയിരുന്നു. മുസ്ലിം ന്യൂനപക്ഷത്തെയും മത നിരപേക്ഷ വാദികളെയും ഇത് കോണ്‍ഗ്രസില്‍ നിന്നകറ്റി. കോണ്‍ഗ്രസ് നേതൃത്വമാകെ നിഷ്‌ക്രിയമായി മരവിച്ചും ഭിന്നിച്ചും നിന്ന അന്ന് രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ എന്ന നിലയില്‍ സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിന് ലക്ഷ്യബോധവും പിന്‍കരുത്തും നല്‍കിയത്. കോണ്‍ഗ്രസ് അംഗമല്ലാതിരുന്നിട്ടും രാജ്യവ്യാപകമായി പ്രചാരണത്തിനിറങ്ങിയത്. അണികളിലും ജനങ്ങളിലും ആത്മവിശ്വാസം പകര്‍ന്ന് 2004ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ മന്ത്രിസഭ അധികാരത്തില്‍ കൊണ്ടുവന്നത്. അയോധ്യയും റോമും തമ്മിലുള്ള യുദ്ധമെന്ന ബി.ജെ.പിയുടെ വര്‍ഗ്ഗീയ കുടില പ്രചാരണത്തെ നേരിടാന്‍ പ്രധാനമന്ത്രി പദം സ്വയം ഉപേക്ഷിച്ച് നെഹ്രു കുടുംബക്കാരനല്ലാത്ത മന്‍മോഹന്‍സിംഗിനെ തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയാക്കിയത്.

remoteഇന്ന് സോണിയാഗാന്ധിയെ അനാരോഗ്യം ഏറെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും സോണിയയും രാഹുലും പ്രിയങ്കയും മുന്‍കൈയെടുത്ത് കുടുംബത്തില്‍ നിന്നല്ലാത്ത മറ്റൊരാളെ അധ്യക്ഷനായി കണ്ടെത്തി കൂട്ടായ പുതിയ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്രമോദിയുടെ സര്‍വാധിപത്യ ഭരണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതു ശതമാനം ജനങ്ങളുടെ പിന്തുണ തെളിയിച്ച കോണ്‍ഗ്രസ് പുതിയ നയവും പരിപാടിയുമായി മുന്നിട്ടിറങ്ങണം. മറ്റു പാര്‍ട്ടികളെ കൂടി യോജിപ്പിച്ച് ജനങ്ങളുടെയാകെ പോരാട്ട നിര ഉയര്‍ത്തിക്കൊണ്ടുവരണം. 37 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഭരണം കയ്യടക്കിയ മോദിയുടെ സര്‍വ്വാധിപത്യ ഭരണത്തെ നേരിടാന്‍ 20 ശതമാനം ജനങ്ങളുടെ പിന്തുണ ഇപ്പോഴുമുള്ള കോണ്‍ഗ്രസിനല്ലാതെ മറ്റേത് പാര്‍ട്ടിക്കാണ് നേതൃത്വം നല്‍കാനാവുക? 1.75 ശതമാനം വോട്ടുനോടിയ സി.പി.എമ്മിനോ, 2 ശതമാനം കഷ്ടി ജനപിന്തുണയുള്ള മൊത്തം ഇടതുപക്ഷത്തിനോ, 3 ശതമാനം മാത്രം വോട്ടുനേടിയ ബഹുജന്‍ പാര്‍ട്ടിക്കോ, 2 ശതമാനം നേടിയ സമാജ് വാദി പാര്‍ട്ടിക്കോ, 4 ശതമാനം പിന്തുണയുള്ള തൃണമൂലിനോ, 2 ശതമാനം മാത്രം ജനപിന്തുണ തെളിയിച്ച ജഗ് മോഹന്റെ വൈ.എസ്.ആര്‍ പാര്‍ട്ടിക്കോ, 1 ശതമാനം വോട്ടുള്ള ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനോ, 1 ശതമാനം മാത്രം ജനപിന്തുണയുള്ള ബിജു ജനതാദളിനോ, അത്രപോലും കിട്ടാതെപോയ ദേവഗൗഡയുടെ ജെ.ഡി.എസിനോ.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെയാകെ ദുര്‍ബലരാക്കിയുള്ള മോദി ഗവമെന്റിന്റെ രണ്ടാം വരവില്‍ അതിരുവിട്ട കളിയാണ് തുടങ്ങിയത്. എല്ലാ ബി.ജെ.പി ഇതര സര്‍ക്കാരുകളെയും തകര്‍ത്ത് ബി.ജെ.പി ഭരണം സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയാണ് അവരുടെ ഒന്നാമത്തെ അജണ്ട. കഴിഞ്ഞ തവണ അസം കേന്ദ്രീകരിച്ച് ത്രിപുരയടക്കം ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ മോദിക്ക് കഴിഞ്ഞു. ഇത്തവണ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രീകരിച്ച് ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സര്‍ക്കാറുകളെ അധികാരത്തില്‍ നിന്നും വീഴ്ത്തുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എം.എല്‍.എമാരെ റാഞ്ചി കൊണ്ടുവരിക, രാജിവെപ്പിച്ച് സഭയിലെ അംഗസംഖ്യ കുറപ്പിക്കുക, പണം നല്‍കിയും മന്ത്രിപദം വാഗ്ദാനം ചെയ്തും അവിശ്വാസ വോട്ടിലൂടെയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ബി.ജെ.പി സര്‍ക്കാറിനെ വാഴിക്കുക.

ഗോവ പോലെ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തു പോലും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബി.ജെ.പിയില്‍ ചേര്‍ക്കുക- ഒരു ഭീകര രാഷ്ട്രീയ പെരുമ്പാമ്പിനെ പോലെ മറ്റു പാര്‍ട്ടികളുടെ- കോണ്‍ഗ്രസ്, തൃണമൂല്‍ ജെ.ഡി.യു – എന്തിന് ബംഗാളില്‍ സി.പി.എം എം.എല്‍.എമാരെപോലും ബി.ജെ.പി വിഴുങ്ങുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും എം.എല്‍.എമാരെയും ബി.ജെ.പിയിലേക്ക് ഉള്‍ക്കൊള്ളുന്നതില്‍ ഒരു പ്രത്യയശാസ്ത്ര വിമുഖതയും ആ പാര്‍ട്ടിക്ക് ഇപ്പോഴില്ല. ഈ അസാധാരണ കൂറുമാറ്റരീതി അമിത്ഷാ ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും അതിന്റെ ഏജന്‍സികളുടെയും സംസ്ഥാന ഗവര്‍ണര്‍മാരുടെയും രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റുകളുടെയും പിന്‍ബലത്തോടെ ഡല്‍ഹിയില്‍നിന്നാണ് നടക്കുന്നത്. ഇതിന്റെ തെളിവാണ് ഗോവയില്‍ ബി.ജെ.പി വിഴുങ്ങിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പാര്‍ലമെന്റിലെത്തി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ അമിത്ഷായുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയ സംഭവം. തങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ളതായിരുന്നു ചര്‍ച്ച.

1547793358_karnataka (1)കൂറുമാറ്റ നിരോധ നിയമത്തെ അട്ടിമറിച്ച് കേന്ദ്ര ഗവമെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ കുറുമാറ്റത്തിന് സംസ്ഥാന ഭരണം പിടിക്കല്‍ മാത്രമല്ല ലക്ഷ്യം. പ്രതിപക്ഷ മുക്തമായ ഒരു ഇന്ത്യ എന്നുകൂടിയാണ്. അതാകട്ടെ മോദിയുടെ ഏകവ്യക്തി ഭരണം ഉറപ്പു വരുത്തുന്നതടക്കം ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കല്‍ കൂടിയാണ്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിലും പരമാവധി നിയമസഭകളിലും കഴിയുംവേഗം ബി.ജെ.പിക്ക് മുന്‍കൈ വേണം.

ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന അസാധാരണമായ ഈ സ്ഥിതിവിശേഷത്തെ സാധാരണ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടാനാകില്ല. എം.എല്‍.എമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ചോ അവരെ മുറിയില്‍ അടച്ചുപൂട്ടിയോ ഭരണകക്ഷിക്കാരനായ സ്പീക്കറെ ഉപയോഗിച്ചോ റിസോര്‍ട്ടുകളിലോ പഞ്ചനക്ഷത്ര ഹോട്ടലുകളിലോ പുറം സംസ്ഥാനങ്ങളില്‍ ഒളിപ്പിച്ചോ സാധിക്കില്ല. അക്കാര്യം ബോധ്യപ്പെടേണ്ട സമയം കഴിഞ്ഞെന്നാണ് കര്‍ണാടകത്തിലെ ഇപ്പോഴത്തെ ചുമരെഴുത്ത് വ്യക്തമാക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ തങ്ങള്‍ക്കൊപ്പം അണി നിരത്തിയും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ ബി.ജെ.പിയുടെ ഈ മിന്നലാക്രമണങ്ങളെ പരാജയപ്പെടുത്താന്‍ കഴിയൂ. പ്രശ്‌നം തങ്ങള്‍ അധികാരത്തിലിരിക്കുന്നതല്ല, ജനാധിപത്യത്തിന്റെയും ജനങ്ങളുടെ തന്നെയും നിലനില്പിന്റേതാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമല്ല സി.പി.എം അടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ലക്ഷ്യവും പ്രവര്‍ത്തനവും അടിയന്തിരമായി തിരുത്തിക്കുറിക്കേണ്ടതുണ്ട്.

കര്‍ണാടകയില്‍ ബി.ജെ.പി ഗവമെന്റ് നടത്തുന്ന ഹീനമായ ജനാധിപത്യ വിരുദ്ധ അട്ടിമറിക്കെതിരെ പാര്‍ലമെന്റില്‍ കൂട്ടമായി പ്രതിഷേധമുയര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കേണ്ടി വന്നു എന്നാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി വമ്പിച്ച ബഹുജന സമരങ്ങള്‍ അഴിച്ചുവിട്ട് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മലാ സീതാരാമന്റെ സംസ്ഥാന – ജനവിരുദ്ധ ബജറ്റിനെതിരെ പൊടുന്നനേ രാജ്യത്താകെ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും കഴിയാതെ പോയി. പെട്രോളിയത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില ബജറ്റിന്റെ പിറ്റേന്ന് കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് ചട്ടപ്പടി സമരം സംഘടിപ്പിച്ചത്.

91 എം.എല്‍.എമാര്‍ കേരളത്തില്‍ തങ്ങളെ പിന്താങ്ങുന്നതുകൊണ്ട് അഞ്ചു വര്‍ഷം ഭരിക്കാനുള്ള ജനവിധി തങ്ങളുടെ കീശയിലുണ്ടെന്ന് ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ എല്‍.ഡി.എഫ് പോലും അഹങ്കരിക്കേണ്ട. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി ഇടതുപക്ഷ പാര്‍ട്ടികളും മറ്റു പ്രാദേശിക പാര്‍ട്ടികളും രാജ്യത്താകെ നേരിടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ യോഗംചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃത്വം ബി.ജെ.പി ഇതര സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള അജണ്ടക്കാണ് രൂപം കൊടുത്തത്. ആ പട്ടികയിലെ ആദ്യ പേര് കേരളത്തിന്റേതാണ്. ഇടതുപക്ഷം അതെങ്കിലും മറക്കേണ്ട.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top