Flash News

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; മുഖ്യപ്രതികള്‍ പിടിയില്‍

July 15, 2019

university-college-2തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. ശിവരഞ്ജിത്ത്, എഎന്‍ നസീം എന്നിവരെയാണ് പുലര്‍ച്ചെ കേശവദാസപുരത്ത് വെച്ച് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ശിവരഞ്ജിത്ത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.  ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറുപേര്‍ പിടിയിലായി.

ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

university-collegeയൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ ബിരുദവിദ്യാര്‍ഥി അഖിലിനെ എസ്‌.എഫ്‌.ഐ. നേതാവ്‌ ശിവരഞ്‌ജിത്ത്‌ കുത്തിവീഴ്‌ത്തിയത്‌ കൊല്ലാനുറപ്പിച്ച്‌ തന്നെയെന്നാണ് പോലീസ് റിപ്പോർട്ട്. നെഞ്ചിനുതാഴെ രണ്ടുതവണയാണ്‌ അഖിലിനു കുത്തേറ്റത്‌. രക്‌തത്തില്‍ കുളിച്ച അഖിലിനെ പോലീസാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കിയത്‌. ആശുപത്രിയിലെത്തിക്കാന്‍ അൽപ്പം വൈകിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ്‌ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കിയത്‌.

അഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികളെ വിരട്ടിയോടിച്ചാണ്‌ മുപ്പതോളം വരുന്ന എസ്‌.എഫ്‌.ഐ. ഗുണ്ടാസംഘം കാമ്പസ്‌ മുറ്റത്ത്‌ കൊലവിളി നടത്തിയത്‌. സംഭവം നടന്ന്‌ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ശിവരഞ്‌ജിത്തിനെയോ അഖിലിനെ കുത്താനായി പിടിച്ചുനിര്‍ത്തി മര്‍ദിച്ച നസീമിനെയോ പിടികൂടാന്‍ പോലീസിനായില്ല. രാവിലെ 10.30നാണ്‌ കാമ്പസില്‍ അക്രമമുണ്ടായത്‌. സംഭവശേഷം വിദ്യാര്‍ഥികളെ കത്തികാട്ടി വിരട്ടി ഓടിച്ച്‌ വൈകിട്ട്‌ അഞ്ചുമണിവരെ ശിവരഞ്‌ജിത്തും നസീമും കാമ്പസിനുള്ളിലെ സ്‌റ്റുഡന്റ്‌ സെന്ററിലുണ്ടായിരുന്നു. പിന്നീടാണ്‌ ഇവര്‍ ഒളിവില്‍പ്പോയത്‌. തന്നെ കുത്തിയത്‌ ശിവരഞ്‌ജിത്താണെന്നു ശസ്‌ത്രക്രിയയ്‌ക്കുശേഷം ആശുപത്രിയില്‍ കഴിയുന്ന അഖില്‍ ഇന്നലെ ഡോക്‌ടറോട്‌ വെളിപ്പെടുത്തിയിരുന്നു. നസീം പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തി ശിവരഞ്‌ജിത്തിന്‌ കുത്താന്‍ വഴിയൊരുക്കുകയായിരുന്നുവെന്നാണ്‌ അഖിലിന്റെ മൊഴി. ഡോക്‌ടര്‍ ഇക്കാര്യം പോലീസിനു കൈമാറിയിട്ടുണ്ട്‌.

വെള്ളിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം അഖിലിന്റെ സുഹൃത്തായ ഉമര്‍ ഖാന്‌ നേര്‍ക്കുണ്ടായ ആക്രമണത്തോടെയായിരുന്നു. കഴിഞ്ഞ ദിവസം അഖിലും കൂട്ടുകാരും കാമ്പസിലെ കാന്റീനിലിരുന്നു പാട്ടു പാടിയതുമായി ബന്ധപ്പെട്ട്‌ എസ്‌.എഫ്‌.ഐ. ഭാരവാഹികളുമായി പ്രശ്‌നമുണ്ടായിരുന്നു. വെള്ളിയാഴ്‌ച രാവിലെ 10.30ന്‌ കാമ്പസിലെത്തിയ ഉമര്‍ ഖാന്‍ സ്‌റ്റേജിനു പിന്നിലെ മരത്തില്‍ ഇരുന്നു കൂട്ടുകാരൊടൊപ്പം പാട്ടുപാടി.

കാമ്പസില്‍ പതിവു “പട്രോളിംഗ്” നടത്തുന്ന എസ്‌.എഫ്‌.ഐ. സംഘം “ക്ലാസില്‍പ്പോടാ” എന്നു പറഞ്ഞു വിരട്ടി. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഉമര്‍ ഖാനെയും അഖിലിനെയും പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥി ചീത്ത വിളിച്ചു. ഇത്‌ ഉമര്‍ ഖാന്‍ ചോദ്യം ചെയ്‌തപ്പോള്‍ മുഖത്തിടിച്ചു.

മറ്റു വിദ്യാര്‍ഥികള്‍ പിടിച്ചുമാറ്റിയതോടെ എസ്‌.എഫ്‌.ഐ. നേതാക്കള്‍ യൂണിയന്‍ ഓഫീസിലേക്കു പോയി. മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ സംഘടിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. ഇതിനു പ്രതികാരമായി ഇടിമുറി എന്നറിയപ്പെടുന്ന യൂണിറ്റ്‌ കമ്മറ്റി ഓഫീസിനുള്ളില്‍ വിളിച്ചുവരുത്തി തങ്ങളെ മര്‍ദിക്കാന്‍ നേതാക്കള്‍ പദ്ധതിയിട്ടുവെന്നറിഞ്ഞ്‌ ഉമറും അഖിലും പുറത്തേക്കു പോകാനിറങ്ങി. എന്നാല്‍ ഗെയിറ്റില്‍വച്ച്‌ ശിവരഞ്‌ജിത്തും നസീമും ചേര്‍ന്ന്‌ ഇവരെ തടഞ്ഞു.

New-Project-7-4കൂട്ട അടി നടക്കുന്നതിനിടെ ഉമറിനെ കുത്താന്‍ പിടിച്ചു. ഇതുകണ്ട്‌ വിരണ്ടോടിയ അഖിലിനെ ശിവരഞ്‌ജിത്തും സംഘവും ഓടിച്ചിട്ടു പിടിച്ചു. ഇവിടെക്കിടന്നു വിളഞ്ഞാല്‍ കുത്തിക്കീറുമെന്നു പറഞ്ഞ്‌ അഖിലിനെ ശിവരഞ്‌ജിത്ത്‌ കുത്തിയപ്പോള്‍ നസീം പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തി. അടിക്കിടെ കുത്തേറ്റത്‌ അഖില്‍ അറിഞ്ഞില്ല. കുറേദൂരം നടന്നപ്പോള്‍ രക്‌തം പുറത്തേക്കു ചിതറി. ഇതുകണ്ടു വിദ്യാര്‍ഥികള്‍ ചിതറിയോടി. നസീമും ശിവരഞ്‌ജിത്തും പിന്‍വലിഞ്ഞു. അതോടെ പിന്നോട്ടു മറിഞ്ഞ അഖിലിനെ മറ്റുള്ളവര്‍ ചേര്‍ന്ന്‌ താങ്ങിയെടുത്ത്‌ കാമ്പസിനു പുറത്തെത്തിക്കുകയും പോലീസ്‌ വാഹനത്തില്‍ കയറ്റുകയുമായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ കന്റോണ്‍മെന്റ് പോലീസ് നടത്തിയ റെയ്ഡിൽ കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. നാല് കെട്ട് പേപ്പറുകളാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. 12 എണ്ണം വീതമുള്ള നാല് കെട്ട് ഉത്തര പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

ശരാശരിയില്‍ താഴെ നിലവാരമുള്ള ശിവരഞ്ജിത്ത്‌, നസീം എന്നിവർ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കുറ്റവാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചില അധ്യാപകര്‍ വ്യാജ പരീക്ഷ എഴുതിയെന്ന ആരോപണവും ശക്തമാവുകയാണ്. ശിവരഞ്ജിത്ത് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളജ് യൂണിയന്‍ പ്രസിഡന്റ് ശിവരഞ്ജിത്ത് ഉള്ളത്. രണ്ടാം പ്രതി നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. ജൂലൈ ഒന്നിന് പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിയമന ശിപാര്‍ശ അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായത്.

കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയുമുണ്ടായി. അഭിമന്യുവിൻറെ മാതാപിതാക്കളുടെ കണ്ണീരിനും കരച്ചിലും പ്രചാരണായുധമാക്കിയവർ അഭിമന്യുവിൻറെ രക്തസഖിത്വത്തിൻറെ വാർഷികം പിന്നിടുമ്പോൾ സ്വന്തം സഖാവിൻറെ നെഞ്ചിൽ കത്തികയറ്റിയതോടെ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.

സംഭവത്തേത്തുടര്‍ന്ന്‌ കോളജിലെ യൂണിറ്റ്‌ കമ്മിറ്റി എസ്‌.എഫ്‌.ഐ. സംസ്‌ഥാന സമിതി പിരിച്ചുവിട്ടു. കൊലപാതക ശ്രമത്തിൽ ഉള്‍പ്പെട്ട ഏഴുപേര്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ കമ്മിറ്റി അംഗങ്ങളാണ്‌. ഇവരെ കഴിഞ്ഞ ദിവസം തന്നെ സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനോ വിദ്യാര്‍ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ കമ്മിറ്റിക്ക്‌ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ കമ്മറ്റി പിരിച്ചുവിട്ടത്‌.

സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കോളജിനുള്ളില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും, കത്തിയുള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി. ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ ബാര്‍ എന്നിവയും കാമ്പസിനുള്ളില്‍ സൂക്ഷിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം അറിയിക്കുന്നതില്‍ കോളജ്‌ അധികൃതര്‍ക്കു വീഴ്‌ചപറ്റിയെന്നു പോലീസ്‌ ഡി.ജി.പിക്കു റിപ്പോര്‍ട്ട്‌ നല്‍കി. എസ്‌.എഫ്‌.ഐയുടെ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എ.ഐ.എസ്‌.എഫ്‌, എ.ബി.വി.പി സംഘടനകള്‍ ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി. എ.ഐ.എസ്‌.എഫ്‌. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.

പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല

sivaranjithതിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമകേസില്‍ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറാണ് അന്വേഷണം നടത്താനായി പ്രോ വിസിക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.

എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് ലഭിച്ചതെന്നും വ്യക്തമല്ല. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top