Flash News

റോക്കറ്റിന് തകരാര്‍: ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി

July 15, 2019

chandraaaaaaശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണം. എന്നാല്‍ എന്താണ് സാങ്കേതിക തകരാറെന്ന് വ്യക്തമായിട്ടില്ല. അതീവ മുന്‍കരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വെയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോട് നിര്‍ദേശിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്‌റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്.

2019 ജനുവരിയിലാണ് ചന്ദ്രയാന്‍-2 ആദ്യം വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യത വേണമെന്ന വിലയിരുത്തലോടെ വിക്ഷേപണം നീട്ടിവെച്ചു. പിന്നീട് ഏപ്രിലില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചെങ്കിലും ലാന്‍ഡറില്‍ ചെറിയ തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും വിക്ഷേപണം മാറ്റി. ഒടുവില്‍ സെപ്തംബര്‍ 7ന് പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കും വിധം വിക്ഷേപണം നിശ്ചയിച്ചു. അതാണ് ഇപ്പോള്‍ അവസാന നിമിഷം മാറ്റിവെച്ചിരിക്കുന്നത്.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top