Flash News

കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍

July 16, 2019 , ഇന്‍ഫാം

Infarm National-State Council @ Parathode

ഇന്‍ഫാം ദേശീയ സംസ്ഥാന സംയുക്തസമിതി കാഞ്ഞിരപ്പള്ളി എംഡിഎസ് ഹാളില്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. അഡ്വ,എബ്രാഹം മാത്യു, ഫാ,തോമസ് മറ്റമുണ്ടയില്‍, ഫാ.ജിന്‍സ് കിഴക്കേല്‍, ഫാ.ജോസ് ചെറുപള്ളില്‍, ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോസ് കാവനാടി, കെ.മൈതീന്‍ ഹാജി, ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജോസ് എടപ്പാട്ട്, ജോസഫ് കാര്യാങ്കല്‍ തുടങ്ങിയവര്‍ സമീപം

കാഞ്ഞിരപ്പള്ളി: ഇന്ത്യയിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചും സഹകരിച്ചും നീങ്ങേണ്ടത് അടിയന്തരമാണെന്നും കര്‍ഷകരെ സംരക്ഷിക്കാനും പ്രതിസന്ധികളില്‍ രക്ഷിക്കാനും കര്‍ഷകരല്ലാതെ മറ്റാരുമില്ലെന്നുള്ളത് അനുഭവങ്ങളില്‍ നിന്ന് തിരിച്ചറിയണമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം ദേശീയ സംസ്ഥാന സമിതികളുടെ സംയുക്ത നേതൃസമ്മേളനം പാറത്തോട് എംഡിഎസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

സംഘടന ശക്തിപ്പെടുത്തുന്നതിനോടൊപ്പം നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ ചെറുകിട കര്‍ഷകരിലേയ്ക്ക് എത്തിക്കുവാനും ഇന്‍ഫാമിനാകണം. കര്‍ഷക നിയമസഹായവേദി, കാര്‍ഷിക ഗവേഷണ വിഭാഗം, മാധ്യമ സംവിധാനങ്ങള്‍, ഇടനിലക്കാരില്ലാത്ത വിപണന മേഖല, ലേബര്‍ ബാങ്ക്, ഗ്രീന്‍ വോളണ്ടിയേഴ്സ് തുടങ്ങി പുതിയ ഇന്‍ഫാം പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. വൈകിക്കൂടാ.സീഡ് ബാങ്ക് പദ്ധതിയിലൂടെ പുതിയ വിളകളും കൃഷിരീതികളും വിളമാറ്റങ്ങളും കാര്‍ഷികമേഖലയിലുണ്ടാകണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു.

ഇന്‍ഫാമിന്‍റെ പുതിയ പ്രവര്‍ത്തനമാര്‍ഗ്ഗരേഖയുടെ സംക്ഷിപ്തരൂപം സംസ്ഥാന ജോയിന്‍റ് ഡയറക്ടര്‍ ഫാ,തോമസ് മറ്റമുണ്ടയിലും ആനുകാലിക കാര്‍ഷിക പ്രശ്നങ്ങളും ദേശീയതല പ്രവര്‍ത്തനവും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് ജോസ് എടപ്പാട്ടിന്‍റെ അധ്യക്ഷതയില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി ആമുഖപ്രഭാഷണം നടത്തി. ഇന്‍ഫാം സംസ്ഥാന ജില്ലാ നേതാക്കളായ ഫാ.ജോസ് കാവനാടി, അഡ്വ,എബ്രാഹം മാത്യു, ഡോ.തോമസ് മാത്യു, ഫാ.ജോസ് ചെറുപള്ളില്‍ (എറണാകുളം), ജോസ് പോള്‍, ഫാ.റോബിന്‍ പടിഞ്ഞാറേക്കുറ്റ് (കോതമംഗലം), റോയി വള്ളമറ്റം, ഫാ.ജോസ് തറപ്പേല്‍ (പാല), ഫാ.തോമസ് തയ്യില്‍, ഫാ.ജിന്‍സ് കിഴക്കേല്‍, കെ.എസ്.മാത്യു, ബേബി പതിപ്പള്ളി, ജിനറ്റ് മാത്യു, എന്നിവര്‍ സംസാരിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ന്ന ദേശീയസമിതിയില്‍ ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ദേശീയ സമിതി പുനഃസംഘടന, കേന്ദ്രബജറ്റിലെ കര്‍ഷകവിരുദ്ധ നയങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണന, കര്‍ഷക കടക്കെണി, വൈദ്യുതനിരക്കിലെ അമിതവര്‍ദ്ധന, കര്‍ഷക ആത്മഹത്യ, ഭൂപട്ടയപ്രശ്നങ്ങള്‍, കൃഷിയിടങ്ങളിലെ വന്യജീവിശല്യം തുടങ്ങിയ വിവിധ കാര്‍ഷികപ്രശ്നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കെ.മൈതീന്‍ ഹാജി, ജോസഫ് കാര്യാങ്കല്‍, ജോയി തെങ്ങുംകുടി, അഡ്വ.പി.എസ്.മൈക്കിള്‍, ജോയി പള്ളിവാതുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രളയദുരന്തവും വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം കാര്‍ഷികമേഖല തകര്‍ന്നിരിക്കുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് ചിങ്ങം ഒന്നിനുള്ള സര്‍ക്കാര്‍വക കര്‍ഷകദിനാചരണം പ്രഹസനമാണ്. ഇന്‍ഫാമുള്‍പ്പെടെ കേരളത്തിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ അന്നേദിവസം കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കും. ഓഗസ്റ്റ് മാസത്തില്‍ എല്ലാ കാര്‍ഷിക ജില്ലാസമിതികളും ചേരും. സെപ്തംബറില്‍ യൂണിറ്റ് സമ്മേളനങ്ങള്‍, ഒക്ടോബറില്‍ താലൂക്ക് സമ്മേളനങ്ങള്‍, നവംബറില്‍ ജില്ലാസമ്മേളനങ്ങള്‍, ഡിസംബറില്‍ ദേശീയ പ്രതിനിധി സമ്മേളനം കൊച്ചിയില്‍. ജനുവരി 15,16,17 തീയതികളില്‍ സംസ്ഥാന സമ്മേളനം തൊടുപുഴയിലും നടത്തും.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top