Flash News

എസ്‌എഫ്‌ഐയ്ക്ക് കുരുക്ക് മുറുകുന്നു; യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടും നല്‍കണമെന്ന് ഗവര്‍ണ്ണര്‍

July 16, 2019

p-sadasivam-തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ പി. സദാശിവം കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ടതാണ്. ഇത് ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നുള്‍പ്പെടെ കണ്ടെത്തുന്നു. ഇതില്‍ എന്താണ് സംഭവിച്ചത് എന്നാണ് വിശദീകരണം നല്‍കേണ്ടത്. കൂടാതെ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയ സംഭവത്തിലും വി.സി മറുപടി നല്‍കേണ്ടതുണ്ട്.

വ്യാജ സീല്‍ ഉപയോഗിച്ച് എന്തുതരത്തിലുള്ള ക്രമക്കേടുകളാണ് നടന്നതെന്ന് വി.സി വിശദീകരണം നല്‍കണം. വിഷയത്തില്‍ എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിനിടെ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും എസ്എഫ്‌ഐ ഗുണ്ടായിസമെന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിനികളെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദൈ്വത് എന്നിവരെ ഇന്നലെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top