Flash News

എസ് എഫ് ഐയും ശില്പയുടെ മതില്‍ ചാട്ടവും

July 19, 2019 , ഡോ. എസ് എസ് ലാല്‍

SFIഇത് പറഞ്ഞില്ലെങ്കില്‍ എനിക്കൊരു സമാധാനം ഉണ്ടാകില്ല.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമങ്ങളും അഴിമതികളുമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ ചിലരെ വേദനിപ്പിക്കുന്നത്. ശില്‍പ എന്ന കെ.എസ്.യു. ക്കാരിയുടെ വയസാണ് അവരുടെ പ്രധാന പ്രശ്നം. ശില്‍പയ്ക്ക് കെ.എസ്.യു. വില്‍ നില്‍ക്കാവുന്നതിനേക്കാള്‍ 7 മാസം കൂടുതല്‍ പ്രായമുണ്ടെന്നത് അവരെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് ശില്‍പ സെക്രട്ടേറിയറ്റ് മതില്‍ ചാടിയത് ശരിയായില്ല. ഏഴു മാസം മുമ്പായിരുന്നെങ്കില്‍ ശില്‍പക്ക് ധൈര്യമായി ചാടാമായിരുന്നു.

മതില്‍ ചാടിയ ശില്പയുടെ പ്രായം 27 കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റി കോളജില്‍ നടന്നതെല്ലാം ശരിയാണ്. 7 മാസം മുമ്പായിരുന്നെങ്കില്‍ തെറ്റ് സമ്മതിച്ചേനേ. എസ്.എഫ്.ഐയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ക്കെല്ലാം എന്നും 27 വയസില്‍ താഴെയായിരുന്നു. ഇപ്പോഴും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ 70 കഴിഞ്ഞവര്‍ പാടില്ലാത്തതുപോലെ. ഭരണപരിഷ്ക്കാരം നയിക്കുന്നവര്‍ക്ക് യൗവനം 90 വയസുവരെ നീട്ടിക്കൊടുത്തിട്ടുള്ള കാര്യം ഇവിടെ മറക്കുക.

lal sadasivanപിന്നെ, എസ്.എഫ്.ഐയില്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് മതിലൊന്നും ചാടിക്കില്ല. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ പെണ്‍ കുട്ടികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മൗനപ്രാര്‍ത്ഥനയാണ് നടത്തുക. ശില്‍പ മതില്‍ ചാടിയത് രാഷ്ട്രീയത്തില്‍ പേരെടുക്കാനാണ്. എസ്.എഫ്.ഐ ആണെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതൊക്കെ ചെയ്യുക. എസ്.എഫ്.ഐ സമരങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു വിദ്യാര്‍ത്ഥിയും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, കേരള രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ പിന്നീട് പ്രവേശിച്ചിട്ടില്ല.

കോണ്‍ഗ്രസുകാര്‍ ആരും സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നു സമരം ചെയ്യാന്‍ പാടില്ല. പ്രതിപക്ഷ എം.എല്‍.എ. മാര്‍ ആണെങ്കില്‍ സ്പീക്കുടെ കസേര വലിച്ചെറിയാം. മൈക്ക് പിഴുതെടുക്കാം. മുണ്ടുമടക്കി മേശയില്‍ കയറി നൃത്തം ചെയ്യാം.

സാമൂഹ്യ മാധ്യമങ്ങളിലും യൂണിവേഴ്സിറ്റി കോളേജിലെ അതേ ഗുണ്ടായിസം നടത്തുന്നവരുണ്ട്. അവര്‍ ഇതുപോലെ എല്ലായിടത്തും അവസാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. വേറേയാരും അഭിപ്രായം പറയാന്‍ പാടില്ല. മിണ്ടാതിരിക്കുന്നവരെല്ലാം അനുകൂലിക്കുന്നവരല്ലെന്ന് അവര്‍ക്കറിയാം. എങ്കിലും വായ തുറക്കുന്നവരെ മിണ്ടാതാക്കിയാല്‍ എതിര്‍ശബ്ദം ഇല്ലെന്ന് പലരെയും ധരിപ്പിക്കാം. അതുകൊണ്ടു തന്നെയാണ് ഇവിടെ ഞാനീ ലംഘനം നടത്തുന്നത്. കെ എസ്.യു. വിന്‍റെയും എസ്.എഫ്.ഐ യുടെയും കാര്യം പറയേണ്ട പ്രായമല്ല എനിക്ക്. അതിനാല്‍ മിണ്ടാതിരിക്കാന്‍ നോക്കി. എന്നാല്‍ എന്‍റെ പ്രായക്കാര്‍ പലരും മേല്പറഞ്ഞ വിരട്ട് തുടരുകയാണ്. അതിനാലാണ് ഞാന്‍ പറയുന്നത്.

ഞാന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചയാളാണ്. എസ്.എഫ്.ഐയെ പരാജയപ്പെടുത്തി ചെയര്‍മാനായ അവസാനത്തെ കെ.എസ്.യു. ആളാണ്. എന്‍റെ പാനലിനെതിരെ മത്സരിച്ച ജയിച്ചതും തോറ്റവരുമായ അന്നത്തെ എസ്.എഫ്.ഐക്കാര്‍ പലരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അതില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. ജനറല്‍ സെകട്ടറിയായിരുന്ന എസ്.എഫ്.ഐ നേതാവ് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസായി. പഞ്ചായത്ത് മെമ്പറുമായി. കോളേജില്‍ കെ.എസ്.യു. ക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നയാള്‍ പണ്ടേ സി.എം.പി.യായി. ഇവരെല്ലാം നിശബ്ദരായി നില്‍ക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ പോലും പഠിച്ചിട്ടില്ലാത്തവരാണ് യൂണിവേഴ്സിറ്റി കോളേജിന്‍റെ പഴയ ചരിത്രവും പറയുന്നത്. അതും തമാശ.

ഇനി ഏതെങ്കിലും കോളേജിന്‍റെ ചരിത്രത്തില്‍ എസ്.എഫ്.ഐക്കാര്‍ ആമിക്കപ്പെട്ടതും വലിയ തെറ്റാണ്. പക്ഷേ, അത് ഇക്കാലത്ത് തിരിച്ചാക്രമിക്കാനുള്ള ന്യായമല്ല. മക്കളെ വളര്‍ത്തി വലുതാക്കി കോളേജില്‍ പറഞ്ഞു വിടുന്ന അച്ഛനും അമ്മയ്ക്കും മക്കള്‍ മക്കള്‍ മാത്രമാണ്. മക്കള്‍ എതിര്‍ പാര്‍ട്ടിയായാലും അവരെ ശത്രുക്കളായി കാണാന്‍ കഴിയില്ല. അക്രമത്തില്‍ മരിച്ചാല്‍ സ്വന്തം മക്കളാണ് മരിക്കുന്നത്. പാര്‍ട്ടിയുടെ മക്കളല്ല. രക്തസാക്ഷികളെ വേണ്ടത് പാര്‍ട്ടികള്‍ക്കാണ്. പ്രസവിച്ച അമ്മയ്ക്കല്ല. ഒപ്പം വളര്‍ത്തിയ അച്ഛനല്ല.

യൂണിവേഴ്സിറ്റി കോളജില്‍ പറ്റിപ്പോയത് തെറ്റുകള്‍ തന്നെയാണെന്ന് എസ്.എഫ്.ഐ നേതൃത്വം പരസ്യമായി സമ്മതിച്ചു. തെറ്റു ചെയ്തവരെ അവര്‍ ശിക്ഷിച്ചു. അവര്‍ മടിക്കാതെ ക്ഷമാപണവും നടത്തി നല്ല മാതൃകയായി. ഇത് കേരളത്തില്‍ പുതിയ ചിരിത്രം കുറിച്ചിരിക്കയാണ്. തെറ്റുപറ്റിയാല്‍ ഇനി ഏത് സംഘടനയ്ക്കും ക്ഷമാപണം നടത്തേണ്ടി വരും. മുന്നണി വ്യത്യാസമില്ലാതെ. അങ്ങനെയുണ്ടായ പുതിയ സാഹചര്യത്തെയാണ് പുറത്തു നിന്ന് ചിലര്‍ ന്യായീകരിച്ച് വഷളാക്കുന്നത്.

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കുട്ടികളാണ് എസ്.എഫ്.ഐയെ എതിര്‍ത്തത്. ആ കോളേജില്‍ ഇതിലും വലിയൊരു ജനാധിപത്യം സ്വപ്നം കാണാന്‍ കഴിയില്ല. എസ്.എഫ്.ഐ നേതൃത്വം തന്നെ സ്വീകരിച്ച നടപടികള്‍ ഭാവിക്ക് വലിയ മാതൃകകളാണ്. ഇതിനെയെല്ലാം നോക്കി കൊഞ്ഞനം കാണിക്കലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ചെയ്യുന്നത്. അത് കാമ്പസ് ജനാധിപത്യത്തിലെ പുതിയ പ്രതീക്ഷകളുടെ നാമ്പുകളും മുറിച്ചു കളയും.

സ്ത്രീയായതുകൊണ്ട് മാത്രം ശില്‍പയെ ആക്രമിക്കുന്നവരുണ്ട്. അത് അനീതിയാണ്. രമ്യാ ഹരിദാസിന്‍റെ വിജയത്തിന്‍റെ ആവര്‍ത്തനം ഇവിടെയും സംഭവിക്കുന്നത് കാണാം. കാത്തിരിക്കുക.

കാമ്പസ് രാഷ്ട്രീയം വേണ്ട എന്നു പറയുന്നവരോട് യോജിപ്പില്ല. രാഷ്ട്രീയമല്ല വേണ്ടാത്തത്. തമ്മില്‍ തല്ലും കത്തിക്കുത്തുമാണ് വേണ്ടാത്തത്. രാഷ്ട്രീയത്തെ മാനഭംഗം ചെയ്യലാണ് അക്രമം. അക്രമമാണ് വേണ്ടാത്തത്. കാമ്പസിനകത്തും പുറത്തും.

അധികാരികളുടെ തെറ്റുകള്‍ക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും വേണം. കോളേജുകളിലും അത് വേണ്ടിവരും. പക്ഷേ അത് ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടാകരുത്. സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് മതില്‍ ചാടിയാകരുത്. അത് എസ്.എഫ്.ഐ ആയാലും കെ.എസ്. യു. ആയാലും. സമരങ്ങള്‍ വിജയിപ്പിക്കേണ്ടത് ബുദ്ധി കൊണ്ടാണ്. സമാധാനം നശിപ്പിച്ചോ പൊതുമുതല്‍ നശിപ്പിച്ചോ മതില്‍ ചാടിക്കടന്നോ അല്ല. എല്ലാ പാര്‍ട്ടികള്‍ക്കും ഇത് ബാധകം. ഏത് മുന്നണി ഭരിക്കുമ്പോഴും. വിജയിച്ച വലിയ സമരങ്ങള്‍ നടത്തിയ സ്വന്തം അനുഭവത്തില്‍ നിന്നു തന്നെയാണ് ഇതും പറയുന്നത്.

ഡോ. എസ്.എസ്. ലാല്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top