Flash News

യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു; 18 വര്‍ഷത്തിന് ശേഷം ക്യാമ്പസില്‍ കെ.എസ്.യു യൂണിറ്റ്

July 22, 2019

university-collegeതിരുവനന്തപുരം: 18വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്.

അമല്‍ ചന്ദ്രയാണ് പ്രസിഡന്റ്. ആര്യ.എസ്. നായരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. സെക്രട്ടറി അച്ച്യുത്, ട്രഷറര്‍ അമല്‍ .പി.ടി, ജോ. സെക്രട്ടറി ഐശ്വര്യ ജോസഫ്, ബോബന്‍, സാബി എന്നിവരാണ് ഭാരവാഹികള്‍. യൂണിയന്‍ രൂപീകരിച്ച ശേഷം വിദ്യാര്‍ത്ഥികളായ ഇവര്‍ കോളേജ് കാമ്പസിനുള്ളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാര്‍ഡുകള്‍ കാണിച്ച ശേഷമാണ് ഇവര്‍ക്ക് കാമ്പസില്‍ പ്രവേശിക്കാന്‍ സാധിച്ചത്.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും കോളേജിലേക്ക് കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

KK_18 (1)എസ്‌എഫ്‌ഐ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഇത് ഒഴിവാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിദ്ധ്യം പരമാവധി ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നത് ഒഴിവാക്കാന്‍ അദ്ധ്യാപകരെയും ജീവനക്കാരെയും പുനര്‍ വിന്യസിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ പഞ്ചിങ് പുനഃസ്ഥാപിക്കാനും നീക്കമുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പൊലീസിന് കൈമാറും. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്ട്രോംഗ് റൂം ഒരുക്കും.

യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.

ABI3അതേസമയം അക്രമങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറന്നു. പൊലീസ് സംരക്ഷണത്തിലാണ് കോളേജ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ അച്ചടക്കം നിലനിര്‍ത്താന്‍ കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അടിമുടി മാറ്റമാണ് ക്യാമ്പസില്‍ നടപ്പാക്കിയിട്ടുള്ളത്. പൂര്‍ണ്ണ ചുമതലയോടെ പുതിയ പ്രിന്‍സിപ്പലായി ഡോ. സി. സി. ബാബുവിനെ നിയമിച്ചു. എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇന്‍ചാര്‍ജ് ഭരണത്തിലായിരുന്നു കോളേജ്.

കോളേജിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്നാണ് കോളേജ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ക്യാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റി. എന്നാല്‍, കൊടിമരങ്ങളും മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിന് മുന്നിലും വിവിധ വകുപ്പുകള്‍ക്ക് മുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്.

usityറീ അഡ്മിഷന്‍ നിര്‍ത്തലാക്കിയതാണ് മറ്റൊരു നടപടി. ഇതോടെ ക്ലാസ് കട്ട്‌ചെയ്തുള്ള സംഘടനാ പ്രവര്‍ത്തനം ഇല്ലാതാവുമെന്നാണ് വിലയിരുത്തുല്‍. ഇത് നടപ്പാക്കാനുള്ള അധികാരവും കൗണ്‍സില്‍ പ്രിന്‍സിപ്പലിന് നല്‍കിയിട്ടുണ്ട്. റീ അഡ്മിഷന്‍ ഇനി വേണ്ടെന്നാണ് നിലപാട്. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കോളേജില്‍ പ്രവേശനം നല്‍കൂ എന്നും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ മരക്കഷ്ണങ്ങളും കുപ്പികളും വലിച്ചെറിഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു. യൂണിവേഴ്‌സിറ്റി കോളജ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top