നീണ്ട മൗനത്തിലൊളിക്കുന്ന മുന്നേ
നമുക്കന്യോനമെല്ലാം പറഞ്ഞിടാം.
നിനക്കായി ഞാനും, എനിക്കായി നീയും,
നെഞ്ചില്‍ കൊരുത്ത പദങ്ങളൊക്കെയും.
നടന്നകന്ന നിഴലിനെയോര്‍ത്തു നാം
നാളെ നെടുവീര്പ്പിടാതിരിക്കാന്,
നമുക്കിന്നേയെല്ലാം പറഞ്ഞിടാം.
നിഴല്‍ പൊലിഞ്ഞൊരീ മരങ്ങളും
നിറങ്ങളന്യമായൊരീ പൂക്കളും
നീ കാണാത്ത ഹൃദയനോവിന്
നിശബ്ദമാമടയാളങ്ങള് മാത്രമാണ്.
നിഷ്ഠൂരമായ വിധിവേനലുകള്
നീര്ത്തടങ്ങളടര്ത്തിയെടുത്തൊരു
നീറും മനസ്സില്‍ ബാക്കിയായവ.
നിന്റെ മൗനമിന്നെന്നോട് പറയുന്നു;
നിനക്കു വേണ്ടതീ സ്വപ്നങ്ങളുടെ,
നിര്‍ഗുണമായ പതം പറച്ചിലല്ല! മറിച്ച്
നീ നിത്യമോര്ക്കുന്നൊരു വാക്കാണ്.
നീയെന്റെ പുനര്ജന്മ സപ്നങ്ങളുടെ
നിറമായിമാറിയ നിമിഷങ്ങളിലെപ്പോഴോ
നിന്നോട് ഞാനത് പറഞ്ഞിരുന്നല്ലോ?
നാളെയുടെ പുലരിയില്‍ ഞാനൊരു
നീഹാരബിന്ദുവായി പുനര്‍ജനിക്കാം;
നിന്റെ മാറിലൊരു കുളിരായിപ്പടരാം!
നിന്റെ മന്ദസ്മിതത്തിന്റെയിതളിലൊരു,
നീലശലഭമായ് ഞാന്‍ വന്നിരിക്കാം!
നീയുറങ്ങുവാനെന്റെ മന്ത്രവീണയില്‍
നിതാന്തകാമുകനായ് വിരല്‍ മീട്ടാം!
* ശുഭം *
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply