Flash News

എച്ച്1 എന്‍1: രണ്ടു മാസത്തിനിടെ മരിച്ചത് 23 പേര്‍

August 2, 2019 , .

6ആലപ്പുഴ: സംസ്ഥാനത്തു മരണനിരക്കില്‍ ആശങ്കയുയര്‍ത്തി എച്ച്1 എന്‍1. രണ്ടു മാസത്തിനിടെ ഈ രോഗം ബാധിച്ചു മരിച്ചത് 23 പേര്‍. ഈ വര്‍ഷം ഇതുവരെ എച്ച്1 എന്‍1 കാരണം ജീവന്‍ നഷ്ടമായതു 40 പേര്‍ക്കാണ്. മൂന്നു വര്‍ഷത്തിനിടെ 166 പേര്‍ മരിച്ചെന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെല്ലാം ആവശ്യമായ മരുന്നുകള്‍ ലഭ്യമാണെന്ന് പറയുമ്പോഴും എച്ച്1 എന്‍1 മൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകുന്നില്ല. കഴിഞ്ഞ മാസം 151 പേരിലാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 13 പേര്‍ മരിച്ചു. ഒരു മരണം കൂടി എച്ച്1 എന്‍1 മൂലമാണെന്നു സംശയിക്കുന്നുണ്ട്.

ജൂണില്‍ 119 പേരില്‍ രോഗം കണ്ടെത്തി. ഇതില്‍ പത്തു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍ ഗര്‍ഭിണിയായ യുവതി എച്ച്1 എന്‍1 ബാധിച്ച് മരിച്ചു. ഒരാഴ്ചയോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം.

കഴിഞ്ഞയാഴ്ച ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ യുവാവും രണ്ടു മാസം മുമ്പ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒമ്പതുവയസുകാരിയും എച്ച്1 എന്‍1 പിടിപെട്ട് മരിച്ചു. കോട്ടയത്ത് രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാര്‍ക്ക് എച്ച്1 എന്‍1 പിടിപെട്ട സംഭവം ഒരുമാസം മുമ്പുണ്ടായി.

കടുത്ത പനി , ജലദോഷം, ചുമ, ശരീര വേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ചിലരില്‍ ശ്വാസതടസവും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടാറുണ്ട്. തുടക്കത്തിലേ ചികില്‍സിച്ചാല്‍ എച്ച്1 എന്‍1 പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പ് പറയുന്നു. ഗര്‍ഭിണികളും പ്രായമായവരും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഒരുമീറ്ററിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം പകരുകയും ചെയ്യും. അതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top