Flash News

ശ്രീറാമിനെ നശിപ്പിക്കുകയല്ല വേണ്ടത്

August 4, 2019 , ഡോ: എസ്. എസ്. ലാല്‍

Sriram-Venkataraman-2ശ്രീറാം വെങ്കട്ടരാമന് അദ്ദേഹം ചെയ്ത കുറ്റത്തിനനുസരണമായ ശിക്ഷ ലഭിക്കണം. നാട്ടിലെ ഒരു സാധാരണ പൗരന് അനുവദനീയമായ സംരക്ഷണങ്ങള്‍ മാത്രമേ ശ്രീറാമിനും ലഭിക്കാവൂ. അകാലത്തില്‍ മൃതിയടഞ്ഞ ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിക്കണം. അവര്‍ക്ക് ആശ്വാസം കിട്ടണം. ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ അവര്‍ക്ക് സഹായങ്ങളും പിന്തുണയും ലഭിക്കണം. മദ്യപിച്ചു വണ്ടിയോടിക്കുന്നവര്‍ ഈ സംഭവത്തില്‍ നിന്ന് പാഠം പഠിക്കണം.

ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ശ്രീറാമിനെ ശിക്ഷിക്കുന്നതിനു പകരം അയാളെ നശിപ്പിക്കണമെന്ന നിലപാടുകള്‍ ശരിയല്ല. കിട്ടിയ അവസരം നോക്കി അയാള്‍ ജീവിതത്തില്‍ ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്നു പറഞ്ഞാല്‍ സമ്മതിക്കാനാകില്ല. ഈ സംഭവത്തിന്‍റെ പേരില്‍ അയാളുടെ സദാചാരം അളന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്.

കേസില്‍ പെട്ടവര്‍ അതിന്‍റെ പുറത്തുകടക്കാന്‍ നോക്കും. നിയമത്തിലെയും തെളിവുകളിലെയും പഴുതുകള്‍ തേടും. അവര്‍ വക്കീലിനെ കാണും. നിയമസഹായം തേടും. അത് തെറ്റാണെന്നു പറയാന്‍ കഴിയില്ല. കുറ്റം ചെയ്തുപോയ ആള്‍ക്കുകൂടി ഉള്ളതാണ് നിയമവും കോടതികളും. ആത്യന്തികമായി അയാള്‍ പരാജയപ്പെട്ടാലും.

ശ്രീറാമിനെ സഹായിക്കാനായി ആരും നിയമങ്ങള്‍ വളച്ചൊടിക്കാന്‍ പാടില്ല. അത് ജനങ്ങള്‍ക്ക് ഭരണനിയമ സംവിധാനങ്ങളില്‍ ബാക്കിയുള്ള വിശ്വാസം കൂടി നഷ്ടമാക്കും. മോശം കീഴ്വഴക്കങ്ങള്‍ വീണ്ടും സൃഷ്ടിക്കും. തെറ്റ് ചെയ്താല്‍ സ്വാധീനമുപയോഗിച്ച് രക്ഷപെടാമെന്ന ധാരണ മനുഷ്യര്‍ക്കിടയില്‍ കൂടുതലായി പടരുകയും ചെയ്യും.

dc-Cover-652ovhkibhg82kh6on274ihkn1-20171228071735.Mediനാട്ടിലെ നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവരില്‍ എല്ലാത്തരം മനുഷ്യരുമുണ്ട്. ഇതൊക്കെ മിക്കസമയത്തും പിടിക്കപ്പെടാതെ പോകുകയാണ്. ബഷീര്‍ അപകടപ്പെട്ട് മരിച്ചില്ലായിരുന്നെങ്കില്‍ ഇന്നലെ നഗരത്തിലൂടെയുള്ള ഈ അമിതവേഗ കാറോട്ടം ആരും അറിയാത്ത ഒരു വിഷയമായിരുന്നേനേ. ശ്രീറാമിന് തൊട്ടു മുന്നിലും ഇതുപോലെ പലരും പാഞ്ഞിട്ടുണ്ടാകണം. അപകടം പറ്റാത്തതിനാല്‍ ആരുമറിഞ്ഞില്ല. അതാണ് മാറേണ്ടത്. നിയമം ലംഘിച്ചാല്‍ ഉറപ്പായും പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഉറപ്പാണെങ്കില്‍ അധികമാരും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടില്ല. പക്ഷേ, അതല്ല നാട്ടുനടപ്പ്. കൊലക്കേസില്‍ പ്രതികളായവര്‍ക്ക് പോലും പഴുതുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ കിട്ടുന്നത് നമ്മള്‍ കാണുന്നുണ്ട്. തടവ് ശിക്ഷയില്‍ നിന്ന് ഊരിപ്പോകാന്‍ അപൂര്‍വ്വ രോഗം വന്ന നേതാവിനെയും നമുക്കറിയാം.

ശ്രീറാമിനും ഒരു മനുഷ്യന്‍റെ എല്ലാ പരിഗണനയും കിട്ടണം. അയാളും എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്. പറ്റിപ്പോയ തെറ്റില്‍ പശ്ചാത്തപിച്ചു നില്‍ക്കുന്ന ഒരാള്‍ തന്നെയാകണം ശ്രീറാമും. കാരണം അയാള്‍ ഒരു സ്ഥിരം കുറ്റവാളിയായി അറിയപ്പെടുന്നയാളല്ല.

തെറ്റു ചെയ്ത നിമിഷങ്ങളെ അയാള്‍ ശപിക്കുന്നുണ്ടാകും. ഇനി വരാന്‍ പോകുന്ന അപകടങ്ങളെ അയാളും ഭയത്തോടെ കാണുന്നുണ്ടാകും. മദ്യപിച്ച ശ്രീറാമിനെ മദ്യപിക്കാത്ത ശ്രീറാം ശകാരിക്കുന്നുണ്ടാകണം. അയാള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം ചെറുതാകില്ല. എന്നാല്‍ ഇതൊന്നും അദ്ദേഹം ചെയ്ത തെറ്റിനെ ചെറുതാക്കുന്നുമില്ല.

തെറ്റ് ചെയ്തുപോയിട്ട് ശിക്ഷ ലഘൂകരിക്കാന്‍ നോക്കുന്നവരില്‍ നമ്മള്‍ മിക്കവരും ഉണ്ട്. അതൊരു ശ്രീറാമിന്‍റെ മാത്രം പ്രശ്നമൊന്നുമല്ല. ഇത്തരം സാഹചര്യത്തില്‍ എല്ലാവരും ശ്രീറാം വെങ്കട്ടരാമന്‍മാര്‍ തന്നെയായിരിക്കും. അല്ലാതെ
ശ്രീരാമചന്ദ്രന്മാര്‍ ആയിരിക്കില്ല.

ശ്രീറാമും ഒരു കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ തകര്‍ന്നു നില്‍ക്കുന്ന കുടുംബാംഗങ്ങളും കൂട്ടുകാരും അയാള്‍ക്കും കാണും. അവരൊന്നും ദുഖിക്കരുതെന്നും ശ്രീറാമിന്‍റെ കൂടെ നില്‍ക്കരുതെന്നും നമ്മള്‍ വാശി പിടിക്കരുത്. ശ്രീറാമിന് അര്‍ഹിക്കാത്ത പരിരക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ നമുക്ക് എതിര്‍ക്കാം.

New-Project-4-3മദ്യപിച്ചു വാഹനമോടിച്ചു എന്ന വലിയ തെറ്റ് ശ്രീറാം ചെയ്തിട്ടുണ്ട്. എന്നാല്‍ ബഷീറിനെ കൊലപ്പെടുത്താനായി കാത്തിരുന്നു കരുതിക്കൂട്ടി കാറിടിപ്പിച്ച കൊലപാതകിയല്ല ശ്രീറാം. ആ വ്യത്യാസം തിരിച്ചറിയുകയും വേണം. അദ്ദേഹം മുമ്പത്തെ ജോലിയില്‍ ധൈര്യസമേതം നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടായ അഴിമതിക്കാരുണ്ട്. അവരുടെ പ്രതികാരത്തിന്‍റെ കുഴിയില്‍ നമ്മള്‍ വീണുകൂടാ. അവരുടെ പകയും നമ്മുടെ ധാര്‍മ്മിക രോഷവും കൂടിക്കലര്‍ന്നുകൂടാ. രണ്ടും രണ്ടാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ എടുക്കുന്ന നിലപാട് മാതൃകാപരമാണ്. അഴിമതി പൊറുപ്പിക്കാത്ത ഉദ്യോഗസ്ഥനായ പഴയ ശ്രീറാമിനെ അവര്‍ ഇപ്പോഴും തള്ളിപ്പറയുന്നില്ല.

ശ്രീറാം മദ്യപിക്കുന്ന കാര്യം അയാളുടെ സ്വകാര്യ വിഷയമാണ്. സര്‍ക്കാര്‍ തന്നെ നാട്ടില്‍ മദ്യം വില്‍ക്കുകയാണ്. ശ്രീറാമിനെപ്പോലെെ ഐ.എ.എസ്. ഉള്ളവര്‍ തന്നെയാണ് ആ വകുപ്പിനെയും നയിക്കുന്നത്. ആ വകുപ്പിന് മന്ത്രിയും ഉണ്ട്. അതിനാല്‍ മദ്യപിക്കണ്ട എന്ന് തീരുമാനിക്കേണ്ടതും ശ്രീറാം സ്വയമാണ്. നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിലും അങ്ങനെ തന്നെ. മദ്യപിച്ചിട്ട് കാറോടിച്ചു എന്നതാണ് നിയമത്തിനു മുന്നിലെ തെറ്റ്. അത് വലിയ തെറ്റാണ്.

ശ്രീറാമിന്‍റെയൊപ്പം കാറില്‍ ഉണ്ടായിരുന്നയാള്‍ക്ക് നിയമപരമായ ബാദ്ധ്യതകള്‍ കാണും. അത് പോലീസിന്‍റെ വിഷയമാണ്. എന്നാല്‍ ഒപ്പമുണ്ടായിരുന്നത് സ്ത്രീയായിരുന്നോ എന്നതും ശ്രീറാമിന്‍റെ മാത്രം വിഷയമാണ്. ആ സ്ത്രീയെ ശ്രീറാം തട്ടിക്കൊണ്ടു പോയതല്ലെങ്കില്‍ അക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. അതിന്‍റെ പിന്നാലേ സദാചാരത്തിന്‍റെ സൂക്ഷ്മദര്‍ശിനിയുമായി നടക്കുന്നവര്‍ ഞരമ്പുരോഗികളാണ്.

അവസരം കിട്ടിയാല്‍ രഹസ്യമായി ചെറിയ തെറ്റെങ്കിലും ചെയ്യുകയും പിടിവീണാല്‍ കാലുപിടിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യര്‍ തന്നെയാണ് നമ്മളെല്ലാവരും. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്ന, ട്രാഫിക് സിഗ്നല്‍ തെറ്റിക്കുന്ന, ഹെല്‍മെറ്റ് വയ്ക്കാത്ത, സീറ്റ് ബെല്‍റ്റ് ഇടാത്ത, പൊലീസില്ലെങ്കില്‍ ഒണ്‍വേയില്‍ വണ്ടിയോടിക്കുന്ന സാധാരണ മനുഷ്യര്‍. എന്നാല്‍ മെഡിസിനുംെ എ.എ.എസ്സും ഒക്കെയുള്ള ഒരാളില്‍ നിന്ന് നമ്മള്‍ നമ്മളെക്കാള്‍ മര്യാദ പ്രതീക്ഷിക്കുന്നു. അവിടെയാണ് ശ്രീറാമിന് തെറ്റിപ്പോയത്. സ്വയം ഒരു വലിയ തെറ്റായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. ഒറ്റ രാത്രി കൊണ്ട്.

ബഷീറിന്‍റെ കുടുംബത്തിന്‍റെ നഷ്ടം നികത്താനാകാത്തതാണ്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും.

വല്ലാത്ത സങ്കടമുണ്ട്.
ഡോ: എസ്. എസ്. ലാല്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top