Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

രാഷ്ട്രീയ ചിറകുള്ള ക്രിമിനല്‍ പരുന്തുകള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

August 5, 2019

rashtreeya chiraku bannerയു.പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സുപ്രിംകോടതി നടത്തിയ അസാധാരണമായ ഇടപെടല്‍ അതിഗൗരവമായ രാഷ്ട്രീയമാനം ഉള്‍ക്കൊള്ളുന്നു. ‘എന്താണ് ഈ രാജ്യത്തു നടക്കുന്നത്’ എന്ന് ചോദിക്കുക മാത്രമല്ല യു.പിയിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച ഉന്നത നീതിപീഠത്തിന്റെ നടപടികള്‍ അതു വ്യക്തമാക്കുന്നു.

PHOTOബലാത്സംഗ കേസിലെ ഇരയും അഭിഭാഷകനും കുടുംബാംഗങ്ങളായ കേസിലെ സാക്ഷികളും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടതിനെ സംബന്ധിച്ച് പരമാവധി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. ഇരയ്ക്കും ശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര പൊലീസ് സേനയുടെ മേധാവിക്കു നിര്‍ദ്ദേശം നല്‍കി. ബി.ജെ.പി എം.എല്‍.എ ആയിരുന്ന പ്രതിയുടെ പേരിലുള്ള അഞ്ചുകേസുകളും യു.പിയില്‍നിന്നു ഡല്‍ഹി കോടതിയിലേക്കു മാറ്റി സമയബന്ധിതമായി തീര്‍ക്കാന്‍ ഉത്തരവിട്ടു. വാഹനാപകടത്തിന് ഇരയായി ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി ഗവണ്മെന്റിനോട് സുപ്രിംകോടതി കല്പിച്ചു. ഇതിലെല്ലാം ബി.ജെ.പി ഗവണ്മെന്റുകളിലുള്ള അവിശ്വാസമാണ് സുപ്രിംകോടതി പ്രകടിപ്പിച്ചത്.

ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന ചോദ്യം ഉന്നാവ് സംഭവത്തിനുമപ്പുറം രാഷ്ട്രീയപ്രേരിതമായി ബി.ജെ.പി ഭരണത്തില്‍ നിയമം കൈയിലെടുക്കുന്നതില്‍ സുപ്രിംകോടതി അനുഭവിക്കുന്ന രോഷവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നു. സുപ്രിംകോടതി നിയമിച്ച അമിക്കസ്‌ക്യൂറി മലയാളിയായ വി. ഗിരിയുടെ വാക്കുകളും ഈ യാഥാര്‍ത്ഥ്യം കോടതിയില്‍ പ്രകടമാക്കി:

‘പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുന്നു. അച്ഛനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ അയാള്‍ കൊല്ലപ്പെടുന്നു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നു. കേസിലെ സാക്ഷികളായ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. ഇരയ്ക്കും അഭിഭാഷകനും അതിഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതുപോലൊരു കേസ് കണ്ടിട്ടില്ല.’ ഉന്നത നീതിപീഠത്തിന്റെ മന:സാക്ഷിയെക്കൂടി പിടിച്ചുലച്ച ഒരു സംഭവ വിവരണം.

ഇരയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പക്ഷെ, സംഭവം നടക്കുമ്പോള്‍ പൊലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. തന്നെയും കുടുംബത്തേയും വകവരുത്തുമെന്ന് പ്രതിയും കൂട്ടാളികളും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ആ കത്തു സംഭവം നടന്നതിനു ശേഷമാണ് പത്രവാര്‍ത്തകളില്‍നിന്ന് ചീഫ് ജസ്റ്റിസ് അറിഞ്ഞത്. ആയിരക്കണക്കില്‍ കത്തുകള്‍ എത്തുന്നതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ പേര്‍ അറിയുമായിരുന്നില്ല എന്നും. ഉന്നാവ് സംഭവം എത്രകണ്ട് നിഗൂഢവും ഭീകരവുമാണ് എന്ന് മരണത്തോടു ഓരോ നിമിഷവും മല്ലിട്ട് വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തുന്നു: സംഭവം കഴിഞ്ഞിട്ടും എം.എല്‍.എയുടെ ആളുകള്‍ ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടിയുടെ അനുജത്തിമാരില്‍ ഒരാളെ പീഢിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മ വനിതാ അവകാശസമിതി അംഗങ്ങളോട് വെളിപ്പെടുത്തി.

സുപ്രിംകോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചിരുന്നില്ലെങ്കില്‍ ഇതും രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന മറ്റേത് ക്രിമിനല്‍ കുറ്റവുംപോലെ രാജ്യമറിയാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു.

unnao-1000_6ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ സുപ്രിംകോടതി ഇടപെട്ടതിന്റെ മുന്‍കാല ചരിത്രം ഓര്‍മ്മിപ്പിക്കുമാറ് ബി.ജെ.പി ഭരണത്തില്‍ പൗരന്മാരുടെ ജീവന് സുരക്ഷയും അവര്‍ക്കു നീതിയും ഉറപ്പാക്കാന്‍ സുപ്രിംകോടതിക്ക് വീണ്ടും ഇടപെടേണ്ടി വന്നിരിക്കയാണ്. പലപ്പോഴും ഉണ്ടായതുപോലെ സര്‍ക്കാറിനോട് വിധേയത്വം മാത്രം പുലര്‍ത്തുന്ന നിലയിലേക്ക് കോടതികള്‍ മാറുന്ന അവസ്ഥയുണ്ടായാല്‍ രാജ്യത്തിന്റെ അവസ്ഥ ഇനി എന്തായിരിക്കും എന്ന ചോദ്യംവും ഏറെ പ്രസക്തമാകുന്നു.

കാന്‍പൂരിനും ലഖ്‌നൗവിനും ഇടയില്‍ കിടക്കുന്ന ജില്ലയാണ് ഉന്നാവ്. ജില്ലാ ആസ്ഥാനമായ ഉന്നാവ് യു.പിയിലെ വലിയ വ്യാവസായിക നഗരമാണ്. അവിടെ രാഷ്ട്രീയ മുടിചൂടാമന്നനായി സൗകര്യംപോലെ പാര്‍ട്ടികള്‍ മാറി തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന ആളാണ് കുല്‍ദീപ് സിംഗ് സേംഗറെ. കോണ്‍ഗ്രസില്‍നിന്ന് ബി.എസ്.പിയിലും അവിടെനിന്ന് സമാജ് വാദി പാര്‍ട്ടിയിലുമെത്തിയ കുല്‍ദീപ് സിംഗിനെ എസ്.പി പുറത്താക്കിയപ്പോള്‍ ബി.ജെ.പി സ്വീകരിച്ച് വീണ്ടും എം.എല്‍.എയാക്കി. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തി. അമ്മാവനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. ജയിലില്‍ കിടന്നുകൊണ്ട് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചു. ഉന്നാവ് ബലാത്സംഗ കേസില്‍ പ്രതിയായപ്പോള്‍ ബി.ജെ.പി കുല്‍ദീപിനെ സസ്‌പെന്റു ചെയ്യുക മാത്രമാണ് ചെയ്തത്. സുപ്രിംകോടതി ഇടപെടലോടെ കുല്‍ദീപിനെ ബി.ജെ.പി പുറത്താക്കിയെന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. രേഖാമൂലം തീരുമാനം അറിയിക്കാതെ.

ബലാത്സംഗവും കൊലയും അഴിമതിയും നടത്തുന്ന ജനപ്രതിനിധികളെയും നേതാക്കളെയും പ്രവര്‍ത്തകരേയും മാത്രമല്ല ബി.ജെ.പി സംരക്ഷിക്കുന്നത്. രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ മഹാത്മാവായി വാഴ്ത്തിയ പ്രജ്ഞാസിംഗ് എം.പിക്കെതിരെ പത്തുദിവസത്തിനകം നടപടിയെടുക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല.

ഉന്നാവ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശ്രീനഗറില്‍ ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. ബി.ജെ.പി പ്രവര്‍ത്തകരാണ് ക്ഷേത്രത്തിനകത്തുവെച്ച് ആ നീചമായ കുറ്റം ചെയ്തത്. പി.ഡി.പി – ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കര്‍ശന നിലപാടെടുത്തതുകൊണ്ടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതുകൊണ്ടും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനായി. എന്നാല്‍ ബി.ജെ.പി മന്ത്രിമാര്‍തന്നെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന് അവിടെ നേതൃത്വം നല്‍കി. മെഹബൂബയുടെ കൂട്ടുകക്ഷി സര്‍ക്കാറിനെ പിരിച്ചുവിട്ടതിന് നിമിത്തമായ കാരണങ്ങളിലൊന്ന് ഈ ബലാത്സംഗ പ്രശ്‌നമായിരുന്നു.

മോദി ഗവണ്മെന്റ് വീണ്ടും അധികാരത്തില്‍ വന്നതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ബി.ജെ.പി പ്രവര്‍ത്തകരായാലും എം.എല്‍.എമാരായാലും പ്രതികളെ സംരക്ഷിക്കുകയും കേസ് തെളിവില്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനം മറയില്ലാതെ ഉപയോഗപ്പെടുത്തുകയുമാണ്. അതിന്റെ തുടര്‍ച്ചയാണ് ഉന്നാവ് കേസുകളിലെ പ്രതിയായ എം.എല്‍.എയ്ക്ക് ജയിലിലിരുന്ന് ഇരയെയും കുടുംബത്തെയും അഭിഭാഷകനടക്കമുള്ളവരെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചത്.

രാജ്യ വ്യാപകമായി ഈ സംഭവത്തെ അപലപിച്ചിട്ടും ശക്തനായ എം.എല്‍.എ യ്‌ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും ബി.ജെ.പി തയാറായില്ല. കേസ് തെളിഞ്ഞിട്ടില്ലെന്ന ന്യായവാദമാണ് ബി.ജെ.പിയുടേത്.

unnao-rape-survivor-injured-in-accident_630a1d0e-b508-11e9-bb84-86ad41188646ഉന്നാവ് സംഭവത്തില്‍ കേരളത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷനടക്കം പ്രതിഷേധവുമായി രംഗത്തുണ്ടെന്നതും ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ ക്രിമിനലുകളായ എം.എല്‍.എമാരെ സംരക്ഷിക്കുന്നതില്‍ ബി.ജെ.പി ഗവണ്മെന്റുകളോട് ഒപ്പം മത്സരിക്കുകയാണ് പിണറായി ഗവണ്മെന്റ് എന്ന വസ്തുത ഞെട്ടിപ്പിക്കേണ്ടതാണ്. സി.ഒ.ടി നസീറിന്റെ വധശ്രമം സംബന്ധിച്ച കേസന്വേഷണം ഭരണകക്ഷി എം.എല്‍.എയില്‍ ചെന്നു മുട്ടിയപ്പോള്‍ അന്വേഷണംതന്നെ ഇവിടെ സ്തംഭിച്ചു നില്‍ക്കുന്നത് ഒടുവിലത്തെ ഉദാഹരണം.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നടത്തിയ പോരാട്ടം തല്ക്കാലം വിജയിച്ചത് മറ്റൊരു ഉദാഹരണമാണ്. കേസുകള്‍ നടത്താന്‍ സംസ്ഥാനത്ത് മികച്ച അന്വേഷണ ഏജന്‍സിയുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ മികച്ച പ്രോസിക്യൂഷന്‍ സംവിധാനം സംസ്ഥാനത്തില്ലെന്നു ബോധ്യപ്പെടുത്തുംവിധം സുപ്രിംകോടതിയില്‍നിന്ന് അരക്കോടിയോളം രൂപ ചെലവഴിച്ച് മുതിര്‍ന്ന അഭിഭാഷകരെ വരുത്തി മൂന്നുദിവസം വാദിച്ചാണ് പ്രതികളെ സംരക്ഷിക്കുന്ന വിധി നേടിയെടുത്തത്.

സി.പി.എമ്മിന്റെ ഉന്നതര്‍ ഉള്‍പ്പെട്ടതാണ് ഷുഹൈബ് കൊലപാതകമെന്നും പൊലീസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐ അന്വേഷണ ത്തിനുത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത് ശ്രദ്ധേയമാണ്: ഡിവിഷന്‍ ബഞ്ച് വിധിയെക്കുറിച്ച് ഒന്നും പറയാനില്ല. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തിനു ഇത്രനാള്‍ കഴിഞ്ഞുമാത്രമേ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാവൂ എന്നു പറയുന്നത് ശരിയല്ല. ഒരു ഏജന്‍സിയുടെ അന്വേഷണം ശരിയല്ലെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ഏജന്‍സിക്ക് കൈമാറാം. ഏറ്റവും ഉചിതമായ ഏജന്‍സിയെക്കൊണ്ട് എത്രയുംവേഗം അന്വേഷണം തുടങ്ങണം. വൈകുന്തോറും തെളിവുകള്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടും. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരില്‍ ഷുഹൈബിന് വെട്ടേറ്റതും തുടര്‍ന്ന് മരണപ്പെട്ടതും.

ഇനി സുപ്രിം കോടതിവരെ സി.ബി.ഐ വേണോ വേണ്ടയോ എന്ന തര്‍ക്കം നീളും. ഉന്നാവ് കേസ് സമയബന്ധിതമായി തീര്‍ക്കണമെന്ന സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം കെമാല്‍ പാഷയുടെ പ്രതികരണവുമായി ബന്ധപ്പെട്ടു കാണേണ്ടതുണ്ട്.

സി.പി.എംകാര്‍ പ്രതികളായ കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നടത്തിയ പരസ്യമായ ഇടപെടലുകള്‍ അടക്കം യു.പിയില്‍നിന്നു വ്യത്യസ്തമല്ല കേരളത്തിലെയും അവസ്ഥയെന്ന് പറയാതിരിക്കാനാവില്ല. ഉന്നാവ് കേസിലെ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആത്മാര്‍ത്ഥതയ്ക്ക് ഷുഹൈബ് സംഭവംപോലുള്ള കേരളത്തിലെ തുടര്‍ അനുഭവങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മറ്റു പാര്‍ട്ടികളില്‍നിന്നു വന്ന നേതാക്കളെ സ്വതന്ത്ര എം.എല്‍.എമാരാക്കി കൂടെകൊണ്ടു നടക്കുമ്പോള്‍ അഴിമതിയും ഭൂമിതട്ടിപ്പും മറ്റും നടത്തി അവര്‍ ക്രിമിനല്‍ കേസുകളില്‍ പെടുന്നു. കോടതികള്‍ അതു കണ്ടെത്തിയിട്ടും അവര്‍ക്കു സംരക്ഷണവലയം സൃഷ്ടിക്കുന്നതിലും പിണറായി വിജയന്‍ ഗവണ്മെന്റു മുന്നിലാണ്. ലൈംഗിക പീഢനകേസുകളില്‍ പെട്ടാലും എം.എല്‍.എ ആണെങ്കില്‍ സംരക്ഷണമുണ്ട് എന്ന് സി.പി.എം തെളിയിച്ചിട്ടുണ്ട്. സി.പി.ഐയുടെ കേരളത്തിലെ ഒരു എം.എല്‍.എപോലും ഒരു സ്വകാര്യ മെഡിക്കല്‍ കോളജ്തന്നെ കച്ചവടം ചെയ്തതില്‍ ആരോപണം നേരിടുന്നു.

ശരിയാണ്, ക്രിമിനലുകളായ എം.എല്‍.എമാര്‍ ബി.ജെ.പിയിലായാലും ഇടതുപക്ഷത്തായാലും നിയമവ്യവസ്ഥക്കും ഭരണഘടനയ്ക്കും മീതേ പറക്കുന്ന പരുന്തുകളാണിപ്പോള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top